- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണക്കടത്ത്- ക്വട്ടേഷൻ വിവാദത്തിൽ പാർട്ടിയിൽ ശുദ്ധികലശം തുടങ്ങി; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തു; ഡി വൈ എഫ് ഐ കാൽ നടപ്രചരണ ജാഥയ്ക്കു നൽകിയ സ്വീകരണത്തിനിടെ ഫ്യൂസ് ഊരിയത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിൽ സിപിഎം; ക്വട്ടേഷൻ മധ്യസ്ഥർക്കെല്ലാം കണ്ണൂരിൽ പണികിട്ടും

കണ്ണൂർ: സ്വർണക്കടത്ത് -ക്വട്ടേഷൻ വിവാദത്തിൽ അച്ചടക്ക നടപടിയുമായി സി.പി. എം കണ്ണൂർ ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനായ സി.പി. എം ലോക്കൽ സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായി മാറിയായ കൂത്തുപറമ്പ് ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള കൂുത്തുപറമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റിക്കെതിരെയാണ് നടപടിയെടുത്തത്. ഇതുകൂടാതെ ഏരിയാകമ്മിറ്റി അംഗമായ പ്രമുഖ നേതാവിനെയും ഒഴിവാക്കിയിട്ടുണ്ട്.
ക്വട്ടേഷൻ- സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെടുന്ന കൂത്തുപറമ്പ് പഴയനിരത്ത് ഉൾപ്പെടുന്ന പ്രദേശമാണ് കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരനാണ് സ്ഥാനത്തു നിന്നും മാറ്റപ്പെട്ട ലോക്കൽ സെക്രട്ടറി. സ്വർണക്കടത്ത്-ക്വട്ടേഷൻ വിവാദവും അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി ബന്ധങ്ങളും സി.പി. എമ്മിനെതിരെ രാഷ്ട്രീയ ആരോപണമായി ഉന്നയിക്കപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ജില്ലാ നേതൃത്വം നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്നാണ് കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി. എം മധുസൂദനൻ, കൂത്തുപറമ്പ് ഏരിയാകമ്മിറ്റിയംഗം എം. സുകുമാരൻ എന്നിവരെ അന്വേഷണ വിധേയമായി നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനാണ് പിഎം മധുസൂദനൻ. മനോജിന്റെ മറ്റൊരു സഹോദരനെതിരേയും ആരോപണം ഉയർന്നിരുന്നു.
മധുസൂദനനെ മാറ്റിയത് മനോരമ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വി.രാജീവനാണ് പുതിയ ലോക്കൽസെക്രട്ടറി. എന്നാൽ പാർട്ടി ഈക്കാര്യം ഔദ്യോഗികമായി കീഴ്ഘടകങ്ങളിൽ റിപ്പോർട്ടു ചെയ്തിട്ടില്ല. സ്വർണക്കടത്ത് പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ സി.പി. എം വെസ്റ്റ്ലോക്കൽ കമ്മിറ്റി നേതാക്കളും ഏരിയാകമ്മിറ്റിയംഗങ്ങളും പാർട്ടി കേന്ദ്രങ്ങളിൽ മധ്യസ്ഥത പറഞ്ഞു തീർക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സി.പി. എം ജില്ലാ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ അഞ്ചുമാസം മുൻപ് ഡി.വൈ. എഫ്. എ സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നടത്തിയ കാൽ നട പ്രചരണജാഥയ്ക്കു പഴയ നിരത്തിൽ നൽകിയ സ്വീകരണത്തിനിടെ ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട വിവാദവും നടപടിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന.
ഡി.വൈ. എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. എ റഹീം ഉൾപ്പെടെ പങ്കെടുത്ത ജാഥയ്ക്കു നേരെയായിരുന്നു പാർട്ടി കേന്ദ്രത്തിൽ വച്ചു തന്നെ പ്രതിഷേധമുണ്ടായിരുന്നു. പൊതുസമ്മേളനത്തിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ഡി.വൈ. എഫ്. ഐ നേതാക്കൾ പ്രസംഗിച്ചത്. ഇതു പിന്നീട് വിവാദമാവുകയും കാരണക്കായവർക്കെതിരെ നടപടിയെടുക്കുമെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ മറ്റൊരു സഹോദരനാണ് അതിക്രമത്തിന് പിന്നിലെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.
ആകാശ് തില്ലങ്കേരിയുടെ ബോസായി അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ കുറെക്കാലമായി സ്വർണം പൊട്ടിക്കലും ക്വട്ടേഷൻ പ്രവർത്തനങ്ങളും നടക്കുന്നതെന്നാണ് ആരോപണം. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘത്തിൽ നിന്നും സ്വർണം പൊട്ടിക്കുന്നതിനായി വിപുലമായ ഒരു സംഘം തന്നെ പഴയനിരത്ത് സഖാവിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നതായി ആരോപണമുയർന്നിരുന്നു. കോഴിക്കോട്-കൊടുവള്ള സംഘങ്ങളിൽ നിന്നും കുഴൽപ്പണം തട്ടിയതിനും സ്വർണം തട്ടിയെടുത്തതിനും ഇതുമായി ബന്ധപ്പെട്ട നിരവധി മധ്യസ്ഥങ്ങളാണ് കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പി.ബാലൻ സ്മാരക മന്ദിരത്തിൽ നടന്നത്. കണ്ണൂർ ജില്ലയിലെ ഒരു യുവ എംഎൽഎയുൾപ്പെടെ ഈ മധ്യസ്ഥങ്ങളിൽ പങ്കെടുത്തതായി ബിജെപി ആരോപിച്ചു.

തർക്കം ഒത്തുതീർന്നാൽ ഒരു വിഹിതം പാർട്ടിക്കു വേണമെന്നു ഇത്തരം യോഗങ്ങളിൽ എംഎൽഎ ആവശ്യപ്പെടാറുണ്ടെന്നാണ് ആരോപണം.കരിപ്പൂർ സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ ആസൂത്രകനായ അർജുൻ ആയങ്കിയുമായും സി.പി. എം സൈബർ പോരാളിയായ ആകാശ് തില്ലങ്കേരിയുമായും വളരെ അടുത്ത ബന്ധമാണ് കൂത്തുപറമ്പ് പഴയ നിരത്തിലെ നേതാക്കൾക്കുള്ളതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. മാത്രമല്ല ടി.പി വധക്കേസിലെ പ്രതികളും ഇപ്പോൾ രാജ്യാന്തര ബന്ധങ്ങൾ വരെയുള്ള ക്വട്ടേഷൻ സംഘ നേതാവുമായ കൊടിസുനിയെയും സംഘത്തിനെയും നിയന്ത്രിക്കുന്നതും പഴയനിരത്തിലെ പ്രമുഖനാണെന്ന വിവാദം പാർട്ടിക്കുള്ളിൽ തന്നെ ചിലർ ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സി.പി. എം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുണ്ടായ ശുദ്ധികലശം.വരും ദിനങ്ങളിൽ തലശേരി, പാനൂർ ഏരിയാകമ്മിറ്റികളിലും അതിനു കീഴിൽ പ്രവർത്തിക്കുന്ന ലോക്കലുകളിലും നടപടിയുണ്ടാകുമെന്ന സൂചന പുറത്തുവരുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ ചില ഉന്നത നേതാക്കൾക്ക് സ്വർണക്കടത്ത്-ക്വട്ടേഷൻ ബന്ധമുണ്ടെന്ന് സി.പി. എം കണ്ണൂർ ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുക്കാൻ കൂടുതൽ തെളിവുകൾക്കായി കാത്തുനിൽക്കുകയാണെന്നാണ് സൂചന. പാർട്ടിക്കൊരു വിഹിതമെന്നു പറഞ്ഞ് ഇത്തരം ചില സ്വർണക്കടത്ത് - കുഴൽപ്പണ മധ്യസ്ഥങ്ങളിൽ ഈ എംഎൽഎ വിലപേശിയിരുന്നതായും വിവരമുണ്ട്. ഇതു കൂടാതെ മറ്റൊരു സി.പി. എം ഉന്നത നേതാവും ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിനു മുൻപെ സ്വർക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാനാണ് സി.പി. എം നേതൃത്വം ലക്ഷ്യമിടുന്നത്.


