- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണസംസ്ഥാനങ്ങളിലൊന്ന് ഇനി ടാങ്ക് നിർമ്മാണ കേന്ദ്രമായി മാറുന്നത് കാണാൻ സാധിക്കുമെന്നും നരേന്ദ്ര മോദി; തമിഴ് നാട് ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടെന്നും പുകഴ്ത്തൽ
ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധടാങ്ക് പ്രധാനമന്ത്രി കരസേനക്ക് കൈമാറി. ചെന്നൈയിൽ വച്ചാണ് മെയ്ഡ് ഇൻ ഇന്ത്യ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ മേധാവി ജനറൽ എം.എം.നരവണെയ്ക്ക് കൈമാറിയത്. 118 അർജുൻ മാർക്ക് വൺ എ ടാങ്കുകൾ കരസേനയ്ക്ക് കൈമാറുമെന്ന് അടുത്തിടെ നടന്ന ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 8400 കോടിയോളം രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായ അത്യാധുനിക ടാങ്കിനെ പ്രധാനമന്ത്രി മോദി സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. ചെന്നൈ മെട്രോയുടെ ഒമ്പത് കിലോമീറ്റർ ദീർഘിപ്പിച്ച സർവീസിന്റെയും മറ്റു രണ്ടു റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐഐടിയുടെ ഡിസ്‌കവറി ക്യാമ്പസിന് തറക്കല്ലിടുകയും ചെയ്തു. ചെന്നൈയിൽ നിന്ന് നേരെ പ്രധാനമന്ത്രി കൊച്ചിയിലേക്കാണ് എത്തുക.
തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായിട്ടാണ് പ്രധാനമന്ത്രി ഇന്ന് ചെന്നൈയിലെത്തിയത്. തമിഴ്‌നാടിനെ വാനോളം പുകഴ്‌ത്തിയായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഊർജ്ജവും ഉന്മേഷവും നിറഞ്ഞനാടാണ് തമിഴ്‌നാടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവിന്റേയും സർഗ്ഗാത്മകതയുടേയും നാടാണിത്. തമിഴ്‌നാട്ടിൽ ആരംഭിച്ച പുതിയ പദ്ധതികൾ നവീകരണത്തിന്റേയും വികസനത്തിന്റേയും പ്രതീകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ തമിഴ്‌നാട്ടിൽ സ്വീകരിച്ചത്.
തമിഴ് കവി സുബ്രഹ്മണ്യൻ ഭാരതിയാറിനെ ഉദ്ധരിച്ചായിരുന്നു സ്വയം പര്യാപ്തരാകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണസംസ്ഥാനങ്ങളിലൊന്നാണ് ചെന്നൈ. ഇപ്പോൾ രാജ്യത്തെ ടാങ്ക് നിർമ്മാണ കേന്ദ്രമായി മാറുന്നത് തനിക്ക് കാണാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചെന്നൈ മെട്രോ റെയിൽ ഉൾപ്പടേയുള്ളവയുടെ വികസനത്തിനായി കേന്ദ്രവുമായി എഐഎഡിഎംകെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായ് പനീർസെൽവം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ