കണ്ണൂർ: പിതാവിനൊപ്പം ബേക്കറിയിൽ എത്തിയ പെൺകുട്ടി കാറിൽ ഇറിക്കവേ കൈയിൽ കടന്നുപിടിച്ചു ഫോൺ നമ്പർ ചോദിച്ചെന്ന് പരാതി. ആറ് പേർക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പൊലിസുകാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ പരാതിയിലാണ് പയ്യന്നൂരിലെ വ്യാപാരിയുൾപ്പെടെ ആറുപേർക്കെതിരെയാണ് പോക്സോ കേസെടുത്തത്.

ഈ വിഷയത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരിടപെടുകയും പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷവുമാണ് പയ്യന്നൂർ പെരുമ്പയിലെ ഷമീം, മറ്റു കണ്ടാലറിയാവുന്നവരുൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 19ന് വൈകുന്നേരം മൂന്നരയോടെ പയ്യന്നൂരിലാണ് പരാതിക്കാസ്പദമായ സംഭവം.

പിതാവിനോടൊപ്പമുള്ള യാത്രക്കിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തി പൊലീസുദ്യോഗസ്ഥൻ തൊട്ടടുത്തുള്ള ബേക്കറിയിൽനിന്നും സാധനങ്ങൾ വാങ്ങവേ ഒന്നാം പ്രതിയായ വ്യാപാരിയും മറ്റുചിലരും ചേർന്ന് കാറിലിരിക്കുകയായിരുന്ന കുട്ടിയുടെ കയ്യിൽ കടന്നുപിടിക്കുകയും ഫോൺനമ്പർ ചോദിക്കുകയും കൂടെ വരാൻ ആവശ്യപ്പെടുകയും പിതാവിനെ ചേർത്ത് മോശമായി സംസാരിക്കുകയുമായിരുന്നുവെന്നാണ് പരാതി.

കൂടാതെ ഇക്കാര്യം പിതാവിനോടു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോയുൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. സംഭവത്തിന്ശേഷം പെൺകുട്ടി ഉറക്കമില്ലായ്മയും മറ്റുഅസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് അതിക്രമത്തിൽ ഭയപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസിലായത്.

ഡോക്ടർ ഈ വിവരം പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ.നായരെ ധരിപ്പിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരിടപെട്ടിരുന്നു.പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ മൊഴി പരിയാരം എസ്ഐ രൂപാ മധുസൂദനൻ രേഖപ്പെടുത്തുകയും വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തശേഷമാണ് കേസെടുത്തത്.