പത്തനംതിട്ട: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ കമിതാക്കളെ 20 വർഷം കഠിന തടവിനും പിഴയൊടുക്കാനും വിധിച്ചു. പ്രമാടം ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ അജി (46), കാമുകി പുതുപ്പറമ്പിൽ സ്മിത (33) എന്നിവരെയാണ് പ്രിൻസിപ്പൽ പോക്സോ കോടതി കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.

സ്മിതയുടെ അടുത്ത ബന്ധത്തിൽപ്പെട്ട പെൺകുട്ടി അവധി സമയത്ത് കുടുംബ വീട്ടിൽ താമസിച്ചു വരവേ 2017 ജൂൺ മാസത്തിലാണ് പീഡനം നടന്നത്. രണ്ടു പ്രതികളും ആദ്യവിവാഹ ബന്ധം വേർപെടുത്തിയവരാണ്. ഇവർ പ്രതികൾ സ്നേഹബന്ധത്തിൽ കഴിഞ്ഞു വരവേയാണ് സ്മിത തന്റെ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ട് പോയി കാമുകന് കാഴ്ച വയ്ക്കുകയായിരുന്നു. കാമുകൻ കുട്ടിയെ പീഡിപ്പിച്ചതിന് ഒത്താശ ചെയ്യുകയുംചെയ്തു.

ഒരേ ദിവസം തന്നെ പകലും രാത്രിയും അജി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയിരുന്നു. രാത്രിയോടെ കുടുബ വീട്ടിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ ഇളയ സഹോദരൻ ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ട് എത്തിയപ്പോഴാണ് സ്മിതയുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതി പീഡിപ്പിക്കുന്നത് കണ്ടത്. സംഭവം കണ്ടെന്ന് മനസിലായ സ്മിത പെൺകുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

അജിയും സ്മിതയും പതിവായി മദ്യപിക്കുന്നതിനെ ചൊല്ലി ഇരയുടെ അമ്മൂമ്മയും സ്മിതയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അമ്മൂമ്മയോടൊപ്പം കുടുബ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെയാണ് സ്മിതയുടെ സഹായത്തോടെ അജി പീഡിപ്പിച്ചത്. 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവിൽ സ്വീകരിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ ഇന്ത്യൻ പീനൽ കോഡ് 376 വകുപ്പ്, പോക്സോ വകുപ്പ് ആറ് എന്നിവ പ്രകാരം 20 വർഷം കഠിന തടവിനും 75,000 രൂപ പിഴയും പിഴ അടക്കാതിരുന്നാൽ ഏഴ് മാസത്തെ തടവിനും രണ്ടാം പ്രതിയെ ബലാൽസംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വർഷം കഠിന തടവിനും 25,000 രൂപ പിഴശിക്ഷയും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം 3 വർഷത്തെ വെറും തടവും കൂടാതെ പിഴ അയ്ക്കാതിരുന്നാൽ 2 മാസം തടവും കൂടി അനുഭവിക്കണം.

രണ്ടാം പ്രതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്.പോക് സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്തത് കോന്നി പൊലീസാണ്. കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് അടൂർ ഡിവൈ.എസ്‌പി ആയിരുന്ന ആർ. ജോസാണ്.