മണിമല: സ്ത്രീ പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയായി അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പൊക്കി. വെള്ളാവൂർ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനിൽ വീട്ടിൽ ഹരീഷ് ബാബു (27) വിനെയാണ് ചുങ്കത്തുള്ള ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. കോട്ടയം ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ട്.

മണിമല പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ചാമംപതാൽ മാരാംകുന്ന് ഭാഗത്ത് നടന്ന മോഷണം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതി് പോക്സോ എന്നിങ്ങനെ ഇയാൾക്കെതിരേ കേസുണ്ടായിരുന്നു. കറുകച്ചാൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പിടിച്ചുപറി കേസിലും മുണ്ടക്കയം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മോഷണക്കേസ്സിലും മണിമല പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കഞ്ചാവ് കേസ്സിലും ഉൾപ്പെട്ടിട്ടുണ്ട്.

ഈ കേസിലെല്ലാം കൂടി അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യം നേടിയ ശേഷം ഒളിവിൽ പോയി. കോടതി പല തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇയാളെ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇയാൾക്ക് വേണ്ടി പല സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തി. പക്ഷേ, കണ്ടെത്താൻ കഴിഞ്ഞില്ല.

കോട്ടയം ചുങ്കം ഭാഗത്ത് ഇയാൾ ഒളിവിൽ കഴിയുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി എൻ.ബാബുക്കുട്ടന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണിമല പൊലീസ് ഇൻസ്പെക്ടർ ഷാജിമോൻ.ബിയുടെ നേതൃത്ത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബോബി വർഗീസ്, പ്രദീപ് പി.എൻ, അസ്സി:സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജീവുദീൻ പി.കെ, പ്രദീപ്കുമാർ സി.വി,വിവേക് ചന്ദ്രൻ,സിജികുട്ടപ്പൻ എന്നിവർ ചേർന്ന് ഒളിവിൽകഴിഞ്ഞ വീട് വളയുകയും രക്ഷപെട്ട് ഓടിയ ഇയാളെ അതിസാഹസികമായി പിന്തുടർന്ന് കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.