മല്ലപ്പള്ളി: യാത്രയ്ക്കിടെ സ്വകാര്യ ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്‌കനെ കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ പാഴയെരുത്തിക്കൽ വീട്ടിൽ കെ വി മത്തായി മകൻ സജി എന്ന് വിളിക്കുന്ന മാത്യു പി വർഗീസ് (55) നെയാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ചെങ്ങരൂരിൽ നിന്ന് മല്ലപ്പള്ളിക്ക് വന്ന ബസിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്.

പ്രതിയെ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് തടഞ്ഞു വച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയിൽ മൊഴി രേഖപ്പെടുത്തി. പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്.

പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ ആദർശ്, പൊലീസ് ഉദ്യോഗസ്ഥരായ ഷഫീക്, ജൂബി, രതീഷ്, ഷെറീന എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.