പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ആൽബിൻ വർഗീസ് (18) ആണ് പിടിയിലായത്.

കഴിഞ്ഞ 26 ന് സ്‌കൂളിൽ പോയ പെൺകുട്ടി തിരിച്ചു വരാത്തതിന് മിസിങ് കേസെടുത്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ആൽബിനൊപ്പം നാടുവിട്ടെന്ന് മനസിലായി. സ്‌കൂട്ടറിലാണ് ഇരുവരും പോയത്. പിറ്റേന്ന് വൈകിട്ട് നാലിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

വെച്ചൂച്ചിറ പൊലീസ് പെൺകുട്ടിയെ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലേക്കും ആൽബിനെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് പീഡനകഥ പുറത്തായത്.

കഴിഞ്ഞ ഒന്നര വർഷമായി ആൽബിനുമായി പ്രണയത്തിലാണെന്നും ലൈംഗികകമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി മൊഴി നൽകി. പലതവണ ലൈംഗിക അതിക്രമം കാണിച്ചതായും വ്യക്തമായി. വെച്ചൂച്ചിറ പൊലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച സ്‌കൂട്ടർ, യാത്രക്കിടയിൽ കൈയിലെ പണം തീർന്നപ്പോൾ കൊല്ലം കിളികൊല്ലൂർ കൊക്കാലവയലിൽ ഷഫീക് എന്നയാൾക്ക് 8000 രൂപക്ക് പണയം വച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ജർലിൻ സ്‌കറിയ, എസ് ഐ ജി സണ്ണിക്കുട്ടി, എ എസ് ഐ മാരായ അനിൽ കുമാർ,കൃഷ്ണൻകുട്ടി, പൊലീസുദ്യോഗസ്ഥരായ സലിം,സോണി, സുകേഷ്, ആശ ഗോപാലകൃഷ്ണൻ,അപർണ എ ടി എന്നിവരാണ് ഉണ്ടായിരുന്നത്.