കോഴഞ്ചേരി: വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണെന്ന വിവരം മറച്ചു വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ വീട്ടിൽ എസ്. അഭിലാഷാ(29)ണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശിനിയെ വിവാഹ വാഗ്ദാനം ചെയ്ത് ശാരീരികമായി ചൂഷണം
ചെയ്യുകയായിരുന്നു.

സൗഹൃദം സ്ഥാപിച്ച ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി അറിയുന്നത്. തുടർന്നു ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെൺകുട്ടിയെ നാട്ടുകാർ തടഞ്ഞു പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

പത്തനംതിട്ട കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജന്റെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്‌പി കെ. സജീവിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ് ആണ് കേസ് അന്വേഷിച്ചത്. എസ്‌ഐമാരായ രാകേഷ് കുമാർ, അനിരുദ്ധൻ, ഹരീന്ദ്രൻ, സി.പി.ഓമാരായ രാകേഷ്, രാജൻ, ജോബിൻ, സുജ, വിഷ്ണു, ഹരികൃഷ്ണൻ, ഫൈസൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു