പത്തനംതിട്ട: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലു പ്രതികൾ അറസ്റ്റിൽ. മൂന്ന് പേരെ റിമാൻഡ് ചെയ്തു. നാലാമൻ പെൺകുട്ടിയുടെ സ്വന്തം സഹോദരനാണ്. ഇയാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് അയച്ചു. പിടിയിലാകാനുള്ള അഞ്ചാമൻ കുട്ടിയുടെ അമ്മയുടെ കാമുകനാണ്.

കുട്ടിയുടെ ആദ്യമൊഴി പ്രകാരം പീഡിപ്പിച്ചതായി പറയുന്ന ബസ് കണ്ടക്ടർ അയിരൂർ ഇടത്രാമൺ മഹേഷ് ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന മഹേഷ് മോഹനൻ (32), ഇയാളുടെ സുഹൃത്ത് തടിയൂർ കടയാർ വെട്ടിത്തറ വീട്ടിൽ ജിജോ എന്ന് വിളിക്കുന്ന ജിജോ ഈശോ എബ്രഹാം (26), കുട്ടിയുടെ അടുത്ത ബന്ധുവായ അയിരൂർ കൊറ്റാത്തൂർ മതാപ്പാ മഴവഞ്ചേരി തയ്യിൽ വീട്ടിൽ റെജി ജേക്കബ് (49) എന്നിവരാണ് റിമാൻഡിലായത്.

കോയിപ്രത്തെ വീട്ടിൽ നിന്നും പന്തളത്തുള്ള സുരക്ഷിത കേന്ദ്രത്തിൽ കഴിഞ്ഞുവന്ന പെൺകുട്ടിയുടെ മൊഴി ചൈൽഡ് ലൈൻ ആവശ്യപ്രകാരം പൊലീസ് എടുത്തപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അച്ഛനുമായി വഴക്കിട്ട് അമ്മ ഇടയ്ക്കിടെ വീട്ടിൽ നിന്നും പോകാറുണ്ട്. ഈ സമയം കാമുകനൊപ്പമാണ് മാതാവ് പോയിരുന്നത്.

മൊഴിയെടുത്തപ്പോൾ കുട്ടി ആദ്യം പറഞ്ഞത് കണ്ടക്ടറുടെയും സുഹൃത്തിന്റെയും പീഡനത്തെക്കുറിച്ചായിരുന്നു .പിന്നീട് പ്രായപൂർത്തിയാകാത്ത സഹോദരൻ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് പലതവണ പീഡിപ്പിച്ചതും ഒടുവിൽ അടുത്ത ബന്ധുവിന്റെയും അമ്മയുടെ പരിചയക്കാരന്റെയും പീഡനവുമാണ് വനിതാപൊലീസിനോട് വെളിപ്പെടുത്തിയത്. കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഫോണിൽ വിളിക്കുക പതിവായിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ ഈമാസം തുടക്കത്തിലൊരു ദിവസം രണ്ടാം പ്രതിയായ സുഹൃത്തുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി. വീടിന് പിന്നിലെ റബർ പുരയിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയാണുണ്ടായത്. ഇരുവർക്കും വേണ്ടി അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും ഇന്നലെ വെളുപ്പിന് വീടുകളിൽ നിന്നും പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ കണ്ടക്ടർ രണ്ടാം പ്രതിയായ സുഹൃത്തിന് പെൺകുട്ടിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു.പ്രതികൾ കുറ്റം സമ്മതിച്ചു, ബൈക്ക് പൊലീസ് പിടിച്ചെടുത്തു.

തുടർന്ന് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കുട്ടിയെ ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ കാലയളവിൽ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സഹോദരനെ പൊലീസ് ഇന്നലെ ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും കണ്ടെത്തി റിപ്പോർട്ട് ഉൾപ്പെടെ ജ്യൂവനയിൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് പൊലീസ് നൽകി.

വീടുമായി സഹകരിച്ചുവന്ന കുട്ടിയുടെ അമ്മയുടെ സഹോദരൻ 2020 ജനുവരിക്കും സെപ്റ്റംബറിനും ഇടയിലുള്ള കാലത്ത് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയാണുണ്ടായത്.

കുട്ടിയുടെ അമ്മയുടെ കാമുകൻ റാന്നി പെരുനാട് സ്വദേശി ഷിബു കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് തലയാറിലെ വാടക വീട്ടിൽ വച്ചാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാളെ പിടികൂടാൻ അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. അന്വേഷണസംഘത്തിൽ കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ്, എസ് ഐ അനൂപ്, എ എസ് ഐ വിനോദ് കുമാർ, ഷിറാസ്, സുധീഷ്, സി പി ഓ അജിത് എന്നിവരാണ് ഉള്ളത്.