കൊല്ലം: പ്രായപൂർത്തിയാകാത്ത പതിനഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പൊലീസ് പിടിയിലായി. എഴുകോൺ കാരുവേലിൽ പരുത്തുംപ്പാറ ജവാന്മുക്കിന് സമീപം അഖിൽ ഭവനിൽ വേണൂ മകൻ അഖിൽ (20) ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ മാസം 20 ന് പൊലീസ് പിടിയിലായിരുന്നു.

പെൺകുട്ടിയുമായി മുൻപരിചയമുണ്ടായിരുന്ന ഇയാൾ പെൺകുട്ടിയെ ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെ ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു സ്ഥലത്തെ ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലായെന്ന പരാതിയിൽ അന്വേഷിച്ച അഞ്ചാലുമൂട് പൊലീസ് കുട്ടിയേയും പ്രതിയേയും അവിടെ നിന്നും പിടികൂടുകയായിരുന്നു. എന്നാൽ അഖിൽ ഓടി രക്ഷപ്പെട്ടു.

തുടർന്ന് നടന്ന വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്കും സഹായിക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും പോക്സോയിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അഞ്ചാലുമൂട് ഇൻസ്പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ബി. ശ്യാം, ലഗേഷ്‌കുമാർ, എഎസ്ഐമാരായ രാജേഷ്, ഓമനക്കുട്ടൻ, എസ്സിപിഓ ജെയ്സൺ, സിപിഒ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു.