- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി തേടിയെത്തി ബന്ധുവീട്ടിൽ താമസം; രാത്രി കാലങ്ങളിൽ പതിനഞ്ചുകാരിക്ക് പീഡനം; ഗർഭിണിയായപ്പോൾ കേസായി; പ്രതിയെ പോക്സോ കോടതി വിധിച്ചത് 60 വർഷം തടവിന്
പത്തനംതിട്ട: ജോലി തേടിയെത്തി ബന്ധു വീട്ടിൽ താമസമാക്കുകയും രാത്രി കാലങ്ങളിൽ വീട്ടിലുള്ള പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ചെയ്ത കേസിലെ പ്രതിക്ക് പോക്സോ കോടതി 60 വർഷം തടവ് ശിക്ഷ വിധിച്ചു. അച്ചൻ കോവിൽ ഗിരിജൻ കോളനി നിവാസി രാജീവ് എന്ന വിളിപേരുള്ള സുനിലിനെ (35)യാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്.
പോക്സോ ആക്ട് 5 (ഐ) പ്രകാരം 30 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും വകുപ്പ് 5 (എൻ) പ്രകാരം 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും ചേർത്ത് 60 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചിട്ടുള്ളതാണ്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പരാമർശിച്ചിട്ടുള്ളതിനാൽ 30 വർഷം കഠിന തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി.
2015 ൽ പ്രതി അച്ചൻ കോവിലിൽ നിന്നും ജോലി തേടി കോന്നിയിൽ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്നു. ഈ കാലയളവിൽ ബന്ധുവിന്റെ മകളെ രാത്രിസമയങ്ങളിൽ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. സഹോദര സ്ഥാനീയനായ പ്രതിയെ വീട്ടുകാർ സംശയിച്ചിരുന്നില്ല. വിദ്യാഭ്യാസ സൗകര്യത്തിനായി പെൺകുട്ടി ഹോസ്റ്റലിലേക്ക് പോയിരുന്നതും കുറച്ച് നാളുകൾക്കുശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്റ്റൽ വാർഡൻ ജനറൽ ആശുപതിയിൽ എത്തിക്കുകയും ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മനസിലായത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് കോന്നി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ ജോസാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്