പത്തനംതിട്ട: പുലയാടി മക്കൾക്ക് പുലയാണ് പോലും...പുലയന്റെ മക്കളോട് പുലയാണ് പോലും. താടിയും മുടിയും നീട്ടി വളർത്തിയ ആധുനിക കവിത പറച്ചിലുകാർ ലഹരിയിൽ പൂത്തുലയുമ്പോൾ പാടാറുള്ള കവിത. പുലയാടി മക്കളുടെ കവിതാകാരൻ ശരിക്കും ആരാണ്. ചിലയിടത്ത് കുരീപ്പുഴ, ചിലയിടത്ത് എ. അയ്യപ്പൻ, ഇനി മറ്റു ചിലയിടത്ത് അയ്യപ്പ പണിക്കർ, അല്ലെങ്കിൽ കടമ്മനിട്ട. എന്നാൽ ഇവരാരുമല്ല പുലയാടി മക്കളെ സൃഷ്ടിച്ചത്. മല്ലശേരിക്കാരൻ പിഎൻആർ കുറുപ്പ് എന്ന റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. 1982 ലാണ് കവിത എഴുതിയത്. വെറുതേ വരികളാക്കി കുറിക്കുക മാത്രമല്ല, എംജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത് കുറുപ്പു തന്നെ പാടി എസ്എൽ ഡിജിറ്റലിൽ റെക്കോഡ് ചെയ്ത് 1997 ലാണ് കാസറ്റാക്കി പുറത്തിറക്കി. 2010 ൽ സിഡിയാക്കി.

ഇപ്പോഴത്തെ ആധുനിക കവിതാ പാട്ടുകാർ പിഎൻആർ കുറുപ്പിന്റെഈ കവിത എ അയ്യപ്പന്റേതാക്കി മാറ്റി. എന്നിട്ട് പാടി റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. തന്റെ പേര് പറയാത്തത് പോകട്ടെ. ഈണവും കോപ്പിയടിച്ചിട്ടില്ല. അതിലൊന്നും കുറുപ്പിന് പരാതിയില്ല. കവിത അക്ഷരത്തെറ്റോടെ പാടി തള്ളുകയാണ്. അതാണ് കവിയെ ക്രുദ്ധനാക്കുന്നത്. കഴിഞ്ഞ ദിവസം ടിപിസി വളവന്നൂർ എന്നൊരാൾ ഇത് എ. അയ്യപ്പന്റെ കവിതയാണെന്ന് പറഞ്ഞ് ആലപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. കവിയായി ആരെ വേണമെങ്കിലും പറഞ്ഞോട്ടെ, പക്ഷേ, ആലാപനത്തിലെ പ്രയോഗ തെറ്റുകളാണ് കവിക്ക് കലിപ്പായത്.

തിരുവനന്തപുരത്തെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർക്കൊപ്പമാണ് കുറുപ്പിന്റെ സ്ഥാനം. മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ അണിയറയിൽ കുറുപ്പുണ്ടായിരുന്നു. ആ സൗഹൃദം ഇന്നും കാത്തു സൂക്ഷിക്കുന്നു. കടമ്മനിട്ടിയും ചുള്ളിക്കാടും ഒട്ടനേകം അഭിനയ-നാടക പ്രതിഭകളും കുറുപ്പിന്റെ സൗഹൃദവലയത്തിലുണ്ട്. ഇപ്പോൾ പത്തനംതിട്ട മല്ലശേരിയിൽ താമസിക്കുന്ന കുറുപ്പ് അഭിഭാഷകന്റെ റോളിലാണ്. ഇന്ത്യൻ എയർ ഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിൽ ചേർന്നു. അഭിഭാഷകനും കവിയും അഭിനേതാവും നാടക സിനിമാ തിരക്കഥാകൃത്തും സംവിധായകനും അതിലെല്ലാം ഉപരി തന്റെ ജന്മസിദ്ധമായ കഴിവുകളെ ഉപജീവനത്തിനായി ഇതേവരെ ഉപയോഗിച്ചിട്ടില്ലാത്തയാളുമാണ് അഡ്വ. പി.എൻ.ആർ കുറുപ്പ്. മാധ്യമ പ്രവർത്തക അപർണ കുറുപ്പിന്റെ പിതാവാണ്.

ടിപിസി വളയന്നൂർ എന്നൊരാൾ തന്റെ കവിത ആലപിച്ചതിനെതിരേ പിഎൻആർ കുറുപ്പ് പ്രതികരിച്ചത് ഇങ്ങനെ:

ഞാൻ എഴുതിയ കവിത, ഞാൻ ആലപിച്ച് കാസറ്റും പുസ്തകവും ആക്കിയ കവിത 'പുലയാടിമക്കൾ' ഏ. അയ്യപ്പന്റെ രചന ആണെന്ന് അവകാശപ്പെട്ട് ഏതോ വളവന്നൂർ പാടുന്നു !കവിതാ മോഷണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് കുറുപ്പിന്റെ തീരുമാനം.