ആർലിങ്ടൺ (ടെക്സസ്) : ജനുവരി 13-ന് ഇരുപത്തഞ്ച് വർഷം പൂർത്തിയായിട്ടും വീടിനു സമീപം ഒഴിഞ്ഞു കിടന്നിരുന്ന ഗ്രോസറി സ്റ്റോറിനു മുമ്പിലെ പാർക്കിങ് ലോട്ടിൽ സൈക്കളിൽ സഞ്ചരിച്ചിരുന്ന ഒൻപതു വയസുള്ള ആംബർ ഹേഗർമാനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. കുട്ടിയുടെ മാതാവ് ഡോണ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാർത്താസമ്മേളനം നടത്തി. 1996 ജനുവരി 13 ന് ടെക്സസിലെ ആർലിങ്ടൺ സിറ്റിയിലായിരുന്നു സംഭവം.

ബ്ലാക്ക് പിക്കപ്പിൽ എത്തിയ ഒരാൾ പാർക്കിങ് ലോട്ടിൽ നിന്നും ആംബറിനെ ബലമായി പിടിച്ചു കയറ്റി സ്ഥലം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴി നൽകി. കുട്ടി നിലവിളിക്കുന്നതും തട്ടിയെടുത്ത ആളെ ചവിട്ടുന്നതും കണ്ടതായി ഏക സാക്ഷിയായ ജിമ്മി കെവിൻ പറഞ്ഞു. ഉടനെ പൊലീസിൽ അറിയിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

അഞ്ചു ദിവസത്തിനു ശേഷം പാർക്കിങ്ങ് ലോട്ടിന് ഏകദേശം നാലുമൈൽ ദൂരെയുള്ള ക്രീക്കിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. നിരവധി സൂചനകളും ഡിഎൻഎ ടെസ്റ്റുകളും നടത്തിയിട്ടും യഥാർഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആംബറിന്റെ തിരോധാനത്തിനു ശേഷം തട്ടിക്കൊണ്ടുപോയ കുട്ടികളെ കണ്ടെത്തുന്നതിന് ലോകത്തെമ്പാടും ആംബർ അലർട്ട് ആക്ടിവേറ്റ് ചെയ്യുന്നുണ്ട്. നൂറുകണക്കിനു കുട്ടികളെയാണ് ഇതുമൂലം കണ്ടെത്തിയിട്ടുള്ളത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഉടൻ പിടികൂടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.