- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സീറ്റിൽ പരാമവധി മൂന്ന് വർഷം; ഒരു ഓഫീസിൽ അഞ്ചു കൊല്ലവും എന്ന് സർക്കാർ ഉത്തരവ്; എല്ലാം കാറ്റിൽ പറത്തി പൊലീസ് ആസ്ഥാനത്ത് ഒരേ സീറ്റിൽ വർഷങ്ങളായി ജോലി നോക്കുന്നവർ ഏറെ; പരാതി സജീവം
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഒരേ സീറ്റിൽ വർഷങ്ങളായി ജോലി നോക്കുന്നവർക്കെതിരെ പരാതി വ്യാപകം. സീറ്റിൽ പിടിമുറിക്കിയിരിക്കുന്നവർക്കെതിരെ ആക്ഷേപം വ്യാപകമായിട്ടും അവരെ മാറ്റാത്തത് മറ്റ് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നു.
പൊലീസ് ആസ്ഥാനത്തും കമ്മീഷണർ ഓഫീസ്, ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസ് എന്നിങ്ങനെയുള്ള ഓഫീസുകളിൽ ഒരു സീറ്റിൽ പരമാവധി മൂന്നു വർഷം മാത്രമെ ഒരു ഉദ്യോഗസ്ഥനെ ജോലി ചെയ്യുവാൻ അനുവദിക്കാവൂ. ഒരു ഓഫീസിൽ പരമാവധി 5 വർഷം പാടുള്ളൂ എന്നും ഉത്തരവുണ്ട്. എന്നാൽ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്.
ഡി ജി പി തന്നെ ഈ ഉത്തരവ് നടപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പൊലീസിൽ ഉയരുന്ന ആവശ്യം. സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി ചിലർ സീറ്റിൽ വാഴുകയാണ്. പൊലീസ് ആസ്ഥാനത്ത് ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ് കൈകാര്യം ചെയ്യുന്നവരും ക്യാമ്പുകളിലെ ജീവനക്കാരുടെ ട്രാൻസ് ഫെർ ആൻഡ് പോസ്റ്റിങ് കൈകാര്യം ചെയ്യുന്നവരും വർഷങ്ങളായി ഈ സീറ്റിൽ തുടരുന്നവരാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ഇതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇവർ നിർണ്ണായക സീറ്റുകളിൽ ഇരുന്ന് ഇഷ്ടക്കാർക്ക് ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ് നടത്തുന്നുവെന്നാണ് ആരോപണം. ഡി ജി പിയെ തെറ്റിധരിപ്പിച്ചാണ് ഇത്തരം ജീവനക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി ഒരേ സീറ്റിൽ തുടരുന്നത്. ഇവർക്കെതിരെയും ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടും വരുന്ന പരാതികൾ ഈ ഉദ്യോഗസ്ഥർ ഇടപെട്ട് പൂഴ്‌ത്തി വച്ചിരിക്കുന്നുവെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വരുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റിലും ഇവർ തിരുത്തൽ വരുത്തുന്നുണ്ടെന്നാണ് ആക്ഷേപം. ഡിവൈഎസ് പി, സിഐ, എസ് ഐ ട്രാൻസ്ഫർ പോസ്റ്റിംഗിൽ ആരെങ്കിലും പരാതിയുമായി വന്നാൽ അവരെ വേറൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ