പത്തനംതിട്ട: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ എസ് എഫ് ഐക്കാരുടെ ആദ്യ റാങ്കും പിന്നിടുണ്ടായ വാർത്തകളുമെല്ലാം സേനയിലേക്കുള്ള ക്രിമിനലുകളുടെ നുഴഞ്ഞു കയറ്റമാണ് ചർച്ചയായത്. യൂണിവേഴ്‌സിറ്റി കോളേജിൽ പി എസ് സി പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടു. അനുഭാവികളെ സേനയിലെത്തിക്കാനുള്ള രാഷ്ട്രീയ നേതൃത്വ ഗൂഢാലോചനയായി അത് വിലയിരുത്തപ്പെട്ടു. ആ കേസിൽ പിടിയിലായവർ ഇന്ന് പുറത്താണ്. അന്വേഷണം തുടരുന്നു. ഇതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവന എത്തുന്നത്.

പൊലീസ് സ്റ്റേഷനുകളിൽ റൈറ്റർ ചുമതലയടക്കം നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നു. സിപിഎം അനുകൂലികളായ അസോസിയേഷൻകാർക്ക് ഇത്തരം ജോലികളിൽ താൽപര്യമില്ല. അവർ പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോവുകയാണ്. പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപര്യം. സ്റ്റേഷനുകളിലെ ഏറ്റവും നിർണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ആ ഒഴുവുകളിൽ ആർഎസ്എസ്സുകാർ കയറിക്കൂടുകയാണ്-കോടിയേരി പറയുന്നു.

പല അർത്ഥതലങ്ങളുണ്ട് ഈ പ്രസ്താവനയ്ക്ക്. സിപിഎമ്മുകാരായ പൊലീസുകാർ ഇനി സ്‌റ്റേഷൻ ഡ്യൂട്ടി ചെയ്യണമെന്ന് പറയുകയാണ് കോടിയേരി. ഇതിനൊപ്പം പൊലീസ് സേനയിൽ സിപിഎം അനുകൂലകളായ അസോസിയേഷൻകാരുണ്ടെന്ന് സമ്മതിക്കലും. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ മറയ്ക്കുള്ളിലായിരുന്നു കോടിയേരിയുടെ ഈ പ്രസ്താവന. മനോരമ അടക്കം ഇത് റിപ്പോർട്ടു ചെയ്യുന്നു. ഇത് മുഖവിലയ്‌ക്കെടുത്താൽ പൊലീസ് സേനയിലെ രാഷ്ട്രീയവൽക്കണത്തിന് കോടിയേരിയും സ്ഥിരീകരണം നൽകുകയാണ്.

പൊലീസ് സ്‌റ്റേഷനിലെ നിർണ്ണായക പദവികളിൽ എത്തുന്ന ആർ എസ് എസുകാർ സർക്കാർ വിരുദ്ധ നടപടികൾ ചെയ്യുന്നു. ബിജെപി അനുകൂലികൾ ബോധപൂർവമാണ് ഇടപെടൽ നടത്തുന്നത്. പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തൽ ഉണ്ടായി. ജില്ലാ പൊലീസ് മേധാവിക്കെതിരെയും കോടിയേരി വിമർശനം ഉയർത്തി. ആദ്യം പറഞ്ഞതിൽ നിന്ന് എസ്‌പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണെന്നും കോടിയേരി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.

പിണറായി വിജയനാണ് ആഭ്യന്തരമന്ത്രി. എന്നാൽ പൊലീസ് വകുപ്പിന്റെ പ്രവർത്തനത്തിൽ സിപിഎം സെക്രട്ടറി പോലും അത്ര തൃപ്തനല്ലെന്നതാണ് വസ്തുത. പൊലീസിനെ നിയന്ത്രിക്കുന്നതിൽ പിണറായി പരാജയമാണെന്ന് പറയാതെ പറയുകയാണ് കോടിയേരി എന്ന വികാരവും ശക്തമാണ്. എന്നാൽ ചില വസ്തുത മാത്രമാണ് കോടിയേരി പറഞ്ഞതെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഏതായാലാലും പൊലീസിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഇനി സ്‌റ്റേഷൻ റൈറ്റർമാരുടെ ഭാരിച്ച ജോലിയും ചെയ്യേണ്ടി വരും.

കെ റെയിൽ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. അടൂർ ഭാഗത്ത് നിന്നുള്ള പ്രതിനിധികൾ പദ്ധതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാർട്ടി പ്രതിനിധികൾ നേരിട്ടു പോയി കാര്യങ്ങൾ വിശദീകരിക്കണമെന്നും കോടിയേരി നിർദ്ദേശിച്ചു. പദ്ധതികളിൽ എതിർപ്പു വരുമ്പോൾ ഭയന്നു പിന്മാറുന്ന യുഡിഎഫിന്റെ നിലപാടല്ല എൽഡിഎഫിന്. അങ്ങനെ പിന്മാറിയാൽ ഒരു വികസന പദ്ധതിയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.