പത്തനംതിട്ട: കറുത്ത ബൈക്കിലെത്തി നടന്നു പോയ വീട്ടമ്മയുടെ മാല കവരുകയും മൊബൈൽ നമ്പരുകൾ മാറി മാറി ഒളിവിൽ കഴിയുകയും ചെയ്ത കേസിലെ രണ്ടു പ്രതികൾ അറസ്റ്റിൽ.

കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അൻവർഷാ മൻസിൽ വീട്ടിൽ നിന്നും ഇളമ്പള്ളൂർ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം മുടിമുക്ക് കൈലാസം ദിലീപ് കുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാഫി (24), താഴത്തുതല തൃക്കോവിൽ വട്ടം ഉമ്മയനല്ലൂർ പേരയം ഫാത്തിമ മൻസിലിൽ സെയ്ത് അലി (23) എന്നിവരെയാണ് ഇലുവംതിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് ശേഷം കണിയാരേത്തുപടിയിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണിൽ മേലേ മുറി വീട്ടിൽ മനോർമണിയമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണമാല ബൈക്കിൽ വന്ന പ്രതികൾ കവർന്നെടുക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പത്തനംതിട്ട ഡിവൈ.എസ്‌പി എസ്.നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനോടുവിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്.

ജില്ലാ പൊലീസ് സൈബർ സെൽ, ഷാഡോ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി. പ്രതികൾ കൂടെക്കൂടെ മൊബൈൽ ഫോണുകൾ മാറ്റിയത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് കണ്ടെത്തിയത്. ഷാഫിയെ പേരയത്തും സെയ്തലിയെ തൃക്കോവിൽവട്ടം കുരിയപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. അടൂർ, പത്തനാപുരം ഉൾപ്പെടെ പല പൊലീസ് സ്റ്റേഷനുകളിലെയും മോഷണ കേസുകളിൽ പ്രതികളാണ് ഇവർ.

പൊലീസ് ഇൻസ്പെക്ടർ ഡി. ദീപു, എസ്‌ഐ. ആർ. വിഷ്ണു, എസ്.സി.പി.ഓമാരായ സന്തോഷ് കുമാർ, ബിന്ദുലാൽ, സുരേഷ് കുമാർ, ധനൂപ്, സി.പി.ഓ അമൽ, സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അനൂപ് മുരളി, ഷാഡോ പൊലീസിലെ സുജിത് കുമാർ, ഷഫീക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.