- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടൂരിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കാരണത്താൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; 22കാരനെ മർദ്ദിച്ചവശനാക്കിയത് അഞ്ചിലേറെ പൊലീസുകാർ ചേർന്ന് നടുറോഡിലിട്ട്; യുവാവിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് കേസും
മലപ്പുറം: മലപ്പുറം വണ്ടൂരിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കാരണത്താൽ നടുറോട്ടിലിട്ട് യുവാവിനെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു. വണ്ടൂർ വാണിയമ്പലത്ത് ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. വാണിയമ്പലത്ത് വെച്ച് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയെന്ന കാരണത്താലാണ് വണ്ടൂർ ചെട്ടിയാറമ്മമ്മൽ സ്വദേശി മുഹമ്മദ് ബാദുഷയെയാണ് വണ്ടൂർ പൊലീസ് നടുരോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദിച്ച് അവശനാക്കിയതിന് ശേഷം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇന്ന് രാവിലെ വണ്ടൂരിൽ നിന്നും വാണിയമ്പലത്തേക്ക് പോകുന്ന വഴിയാണ് ബാദുഷയെ പൊലീസ് പരിശോധനക്കായി കൈകാണിച്ച് നിർത്തിച്ചത്. എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ സാധനം വാങ്ങാൻ വേണ്ടി ഇറങ്ങിയതാണ് എന്നും കയ്യിൽ കരുതിയിരുന്ന സത്യവാങ്മൂലം കാണിച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ സത്യവാങ്ങ്മൂലം പൂർണ്ണമല്ല എന്ന് പറഞ്ഞ് പൊലീസ് ബാദുഷയുടെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ബാദുഷയും പൊലീസും തമ്മിൽ വാക്കു തർക്കമായി.
വാക്കു തർക്കത്തിനിടയിൽ പൊലീസുകാരന്റെ കയ്യിൽ നിന്നും വാഹനത്തിന്റെ താക്കോൽ ബാദുഷ തട്ടിപ്പറിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് അഞ്ചിലധികം പൊലീസുകാർ ചേർന്ന് ബാദുഷയെ മർദ്ദിക്കുകയും ബലം പ്രയോഗിച്ച് ജീപ്പിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. ആദ്യം ജീപ്പിന്റെ വലതുവശത്തെ വാതിൽ തുറന്ന് ബാദുഷയെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ബാദുഷ ചെറുത്ത് നിന്നു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നത് എന്നും വാഹനം കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്നും തന്റ കൈയിൽ സത്യവാങ്മൂലം ഉണ്ടെല്ലോ എന്നും ബാദുഷ പൊലീസുകാർ മർദ്ദിക്കുമ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഈ സമയത്തും കൂടുതൽ പൊലീസുകാർ ചേർന്ന് ബാദുഷയെ ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചു. വലതു വശത്തെ വാതിലിലൂടെ ജീപ്പിലേക്ക് ബാദുഷയെ തള്ളിക്കയറ്റുന്നതിനെ ബാദുഷ ചെറുത്ത് തോൽപ്പിച്ചു. ഈ സമയത്ത് തന്നെ പൊലീസുകാർ ജീപ്പിന്റെ പുറകിലെ വാതിൽ തുറന്ന് ബാദുഷയെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുകായിരുന്നു. ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ബാദുഷയുടെ കാലുകൾക്ക് പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
സംഭവ സ്ഥലത്തുണ്ടായിരുന്നു ആളുകളിലാരോ ഈ ദൃശ്യങ്ങളെല്ലാം മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ക്രൂരത പുറത്തായത്.സമീപത്ത് കൂടിയിരുന്നവർ സാറെ അതൊരു മനുഷ്യനാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും കേൾക്കാതെ പൊലീസ് മർദ്ദം തുടരുകയായിരുന്നു.
സംഭവത്തെ കുറച്ച് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇപ്രകാരണമാണ്. ഇന്ന് കാലത്ത് 11 മണിയോടെ വാണിയമ്പലത്ത് വച്ചാണ് സംഭവം നടന്നത്. വണ്ടൂരിനെ അപേക്ഷിച്ച് താരതമ്യേന ചെറിയ അങ്ങാടിയാണ് വാണിയമ്പലം. അതു കൊണ്ട് തന്നെ വണ്ടൂരിൽ നിന്നും വാണിയമ്പലത്തേക്ക് സാധനം വാങ്ങാൻ വരേണ്ട ആവശ്യമില്ല. മാത്രവുല്ല ബാദുഷയുടെ കൈയിൽ കേവലം ഒറ്റ വരി സത്യ വാങ്മൂലം മാത്രമാണുണ്ടായിരുന്നത്. ഇതിനാലാണ് ബാദുഷയുടെ വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാൽ ഈ സമയത്ത് ബാദുഷ പൊലീസിന്റെ കൈയിൽ നിന്നും താക്കോൽ തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെ ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും പകർച്ച വ്യാധി നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും വണ്ടൂർ പൊലീസ് അറിയിച്ചു. അതേ സമയം ഈ രീതിയിൽ ഒരാളെ കൂട്ടം ചേർന്ന് നടുറോട്ടിലിട്ട് മർദ്ദിക്കാൻ പൊലീസിന് അവകാശമുണ്ടോ എന്ന ചോദ്യത്തിന് വണ്ടൂർ പൊലീസ് പ്രതികരിക്കാൻ തയ്യാറായതുമില്ല.