- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീട്ടി വളർത്തിയ മുടിയും കാൽ വലിച്ചുള്ള നടത്തവും കണ്ടപ്പോൾ എസ്ഐയ്ക്ക് വെളിപാട്; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനെ നഗ്നനാക്കി മർദിച്ചു; വലിച്ചിഴച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചപ്പോൾ കളി മാറി; ഗുരുതര പരുക്കുമായി യുവാവ് ചികിൽസയിൽ
പത്തനംതിട്ട: ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോയ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് സുഹൃത്തുക്കളുമൊത്ത് ജോലി സ്ഥലത്തേക്ക് മടങ്ങാൻ നിൽക്കുമ്പോൾ പൊലീസിന്റെ ക്രൂരമർദനം. ഡിവൈ.എഫ്ഐ മെഴുവേലി മേഖലാ പ്രസിഡന്റും സിപിഎം അംഗവുമായ സതീഷ് ഭവനിൽ മനുവിനെ(38)യാണ് സഹോദരങ്ങൾക്ക് മുന്നിലിട്ട് ഇലവുംതിട്ട എസ്ഐ എസ്. മാനുവലും കൂട്ടരും ചേർന്ന് അതിക്രൂരമായി മർദിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ മനുവിന്റെ വീടിന് സമീപം വച്ച് സഹോദരന്റെയും സുഹൃത്തുക്കളുടെയും മുന്നിലിട്ടായിരുന്നു മർദനം. ചെവിക്കല്ല് അടിച്ചു തകർത്തുവെന്നും വിവസ്ത്രനാക്കി വലിച്ചിഴച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞുവെന്നും മനു പറഞ്ഞു. പൊലീസ് സ്റ്റേഷന് നൂറുവാര മാത്രം അകലെ വച്ചാണ് സംഭവം. വ്യക്തിയുടെ റബർ തോട്ടത്തിൽ കമ്പിവേലി ഇടുന്ന ജോലിക്കിടയിൽ ഭക്ഷണം കഴിക്കാനെത്തിയതാണ് മനു. കാലിന്റെ രണ്ടു ലിഗമെന്റിനും പരിക്കുപറ്റിയ മനു പതിയെയാണ് നടക്കുക. കാൽ വലിച്ച് വലിച്ച് കൂട്ടുകാരന്റെ ബൈക്കിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് എസ്ഐയും സംഘവും ജീപ്പിലെത്തിയത്.
നീ കള്ളുകുടിച്ചിട്ടുണ്ടോ എന്നായിരുന്നു എസ്ഐയുടെ ആദ്യ ചോദ്യമെന്ന് മനു പറഞ്ഞു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ചാവ് കച്ചവടക്കാരനാണോ എന്നായി അടുത്ത ചോദ്യം. അല്ലെന്ന് പറഞ്ഞതോടെ ഉടുപ്പൂരാൻ ആവശ്യപ്പെട്ടു. അതിന് വൈകിയതോടെ മദമിളകിയ പോലെ യുവാവിന്റെ ചെകിടത്ത് എസ്ഐ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന പൊലീസുകാരും മനുവിനെ മർദ്ദിച്ചു. പിന്നാലെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടു പോയി. വിവരം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവർത്തകരും എത്തിയതോടെയാണ് മനുവിനെ വിട്ടയച്ചത്. പരുക്കേറ്റ മനു കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസയിലാണ്.
നിരപരാധിയായ യുവാവിനെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എംസി അനീഷ് കുമാർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധീഷ് ബാബു, സെക്രട്ടറി സജിത് പി ആനന്ദ്, ജോയിന്റ് സെക്രട്ടറി നൈജിൽ കെ.ജോൺ, സിപിഎം മെഴുവേലി ലോക്കൽ സെക്രട്ടറി അനീഷ് മോൻ, കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ, ജോയൽ ജയകുമാർ, വിമൽരാജ് എന്നിവർ മനുവിനെ ആശുപത്രിയിൽ സന്ദർശിച്ചു.
നീട്ടി വളർത്തിയ മുടിയും നടപ്പിലെ അസ്വാഭാവികതയും കണ്ട് ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തത് എന്നാണ് എസ്ഐയുടെ വിശദീകരണം. പൊലീസിനോട് തട്ടിക്കയറിയതു കൊണ്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നതെന്നും പറയുന്നു. മാനുവലിനെതിരേ നേരത്തേയും നാട്ടുകാർക്കിടയിൽ പരാതിയുണ്ട്. ഗ്രേഡ് എസ്ഐയായ ഇയാളെ ചിറ്റാർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റമായിരുന്നതാണ്. എസ്ഐക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചനയാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്