അടിമാലി: വൈദ്യുതിമന്ത്രിയുടെ വാഹനത്തിലിടിച്ച് നിർത്താതെ കാറോടിച്ചുപോയ പൊലീസുദ്യോഗസ്ഥനെതിരേ കേസ്.മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ.യായ ഓഫീസർക്കെതിരെയാണ് കേസ്.ഓഫീസർ മദ്യപിച്ചിരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരം ഏഴോടെ ശല്യാംപാറയിലായിരുന്നു സംഭവം.

ഇടുക്കിയിൽനിന്ന് കുഞ്ചിത്തണ്ണിക്ക് വരികയായിരുന്നു മന്ത്രി.മൂന്നാറിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ വരികയായിരുന്നു, .ശല്യാംപാറയിലെത്തിയപ്പോൾ കാർ മന്ത്രിയുടെ വാഹനത്തിൽ തട്ടി.ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം മിനിറ്റുകൾക്കകമാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിക്കുന്നത്.ശേഷം ഓഫീസർ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.മന്ത്രിയുടെ വാഹനത്തിന് സാരമായ തകരാർ സംഭവിച്ചു.ഈ ഓഫീസറുടെ കാർ ഇടിച്ച ഓട്ടോറിക്ഷക്കും കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

രാത്രിയിൽത്തന്നെ വെള്ളത്തൂവൽ പൊലീസ് ഓഫീസറെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കാൻ വീട്ടിലെത്തിയിരുന്നു. എന്നാൽ, ഓഫീസറെ കണ്ടെത്താനായില്ല. ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പൊലീസ് ഓഫീസർക്കെതിരേ കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ പൊലീസുകാരനെതിരേ റിപ്പോർട്ടും നൽകിയിട്ടുണ്ട്.