തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി പാലക്കാട് നിന്ന് ജനതാദൾ (ജോൺ വിഭാഗം) നടത്തിയ ലോംഗ് മാർച്ച് പൊലീസ് അവസാനിപ്പിച്ചത് കാക്കിയുടെ കരുത്തും നിയമവകുപ്പുകളും ഉപയോഗിച്ച്. സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും സർക്കാർ പ്രതിക്കൂട്ടിലായതോടെ ഒരു പ്രതിഷേധവും വെച്ച് പൊറുപ്പിക്കാത്ത നടപടികളാണ് ഇടത് സർക്കാർ അവലംബിക്കുന്നത്. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം സർക്കാർ ഒരു പ്രക്ഷോഭവും വെച്ചു പൊറുപ്പിക്കുന്നില്ല. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി രാജി തേടിയ യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറി വന്നപ്പോൾ പുറത്ത് പ്രതിഷേധം നടത്തിയ പതിനാലു പേർക്ക് എതിരെയും ജാമ്യമില്ലാ വകുപ്പ് ചാർത്തി എടുത്ത് അകത്തിടാനാണ് സർക്കാർ ശ്രമിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാഗരൂകരായി അഭിഭാഷകനെ ഒരുക്കി കാത്ത് നിന്നപ്പോൾ മാത്രമാണ് പൊലീസ് നീക്കം പാളാൻ ഇടയായത്. ഈ പ്രശ്‌നത്തിൽ പൊലീസുകാർ സസ്‌പെൻഡ് ചെയ്യപ്പെടുകയും മ്യൂസിയം സിഐയും എസ്‌ഐയും സ്ഥലം മാറ്റപ്പെടുകയും ചെയ്തതോടെ പൊലീസ് വിറളി പിടിച്ച അവസ്ഥയാണ്. അതുകൊണ്ട് തന്നെ സിപിഎമ്മുകാർ പ്രതികളായി മാറിയ വാളയാർ കേസിൽ പെൺകുട്ടികൾക്ക് നീതി തേടിയുള്ള ജനതാദൾ (ജോൺ) വിഭാഗത്തിന്റെ ക്ലിഫ് ഹൗസിൽ മാർച്ചിനോട് ഇന്നലെ കടുത്ത നടപടികൾ പൊലീസ് സ്വീകരിച്ചത്.

വാളയാർ നിന്ന് ഒക്ടോബർ 17 നു ആരംഭിച്ച ലോംഗ് മാർച്ച് ആണ് ഇന്നലെ ക്ലിഫ് ഹൗസിന് മുന്നിൽ സമാപിച്ചത്. 408 കിലോമീറ്റർ നടന്നു താണ്ടിയ ഈ മാർച്ചിൽ എത്തിയ മുഴുവൻ പേരെയും ക്ലിഫ് ഹൗസിനു മുന്നിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യേണ്ട മാർച്ച് ആയിരുന്നു ഇത്. 408 കിലോമീറ്റർ നടന്നുള്ള മാർച്ച് ആണിത് എന്ന ഒരു പരിഗണനയും പൊലീസ് നൽകിയില്ല. ഇന്നലെഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മാർച്ച് അവസാനിപ്പിക്കാനാണ് ജനതാദൾ ഒരുങ്ങിയത്. നാല്പതോളം പേർ പാലക്കാട് നിന്ന് നടന്നാണ് ഇത്രയും ദൂരം താണ്ടിയത്.

മാർച്ചിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് വിവിധ വാഹനങ്ങളിലും ആളുകൾ എത്തി. ഇതിൽ അറുപതു സ്ത്രീകളും ഉണ്ടായിരുന്നു. ഇവർ വാഹനത്തിൽ നിന്നും ഇറങ്ങും മുൻപ് തന്നെ അറസ്റ്റ് ചെയ്ത് നീക്കി. ഇതേ സമയത്ത് തന്നെ കൊല്ലം ഭാഗത്ത് നിന്ന് വന്ന പ്രവർത്തകരെ മണ്ണന്തല വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് പൊലീസ്, പേരൂർക്കട പൊലീസ്, മ്യൂസിയം പൊലീസ് എല്ലാവരും ഒരേ സമയം ജനതാദൾ പ്രവർത്തകരെ തിരക്കിയിറങ്ങി. മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോണും പ്രവർത്തകർക്ക് ഒപ്പം അറസ്റ്റിലായി. പ്രശ്‌നങ്ങൾ നാടന്നെങ്കിലും മാർച്ച് മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. ഭരണ കൂട ഭീകരതയാണ് കേരളത്തിൽ സർക്കാർ നടപ്പാക്കുന്നത് എന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്.

നാനൂറോളം പ്രവർത്തകരെയാണ് ഇന്നലെ അറസ്റ്റ് ചെയ്ത് വിവിധ സ്റ്റെഷനുകളിൽ എത്തിച്ചത്. ഇന്നലെ രാത്രിവൈകിയാണ് സ്റ്റെഷനുകളിൽ നിന്ന് വിട്ടയച്ചത്. നാലുപേരെ പൊലീസ് എടുത്ത് അകത്തിടുകയും ചെയ്തു. ജീപ്പിന്റെ സൈഡ് ചില്ല് പൊട്ടിച്ചു എന്ന ആരോപണം ഉയർത്തിയാണ് പൊലീസ് എടുത്ത് അകത്തിട്ടത്. എന്നാൽ മൂന്നു പേർക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. ഇവർ ഇതിൽ പങ്കാളിയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്.

ചില്ല് പൊട്ടിച്ചു എന്ന് പൊലീസ് ആരോപിച്ചയാൾക്ക് മജിസ്‌ട്രേറ്റ് ജാമ്യം നൽകിയില്ല. ഈ പ്രവർത്തകന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും എന്നാണ് സൂചന. പ്രതിഷേധ സമരങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്ന സമീപനം സിപിഎം നേതൃത്വം നൽകുന്ന സർക്കാരിനു യോജിച്ചതാണോ എന്ന ചോദ്യമാണ് വാളയാർ മാർച്ചിനോട് പൊലീസ് കൈക്കൊണ്ട സമീപനം ഉയർത്തുന്നത്. 'അടിയന്തരാവസ്ഥയിൽ തിരുവനനന്തപുരം സെൻട്രൽ ജയിലിൽ കിടന്ന നേതാവാണ് ഞാൻ. ചങ്ങലകൾക്ക് വീണ്ടും ഭ്രാന്ത് പിടിച്ചോ എന്നാണ് ഇന്നലെത്തെ പൊലീസ് നടപടികൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്-ജനതാദൾ (ജോൺ)വിഭാഗം സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ മറുനാടനോട് പറഞ്ഞു.

സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും സർക്കാർ കുടുങ്ങിയപ്പോൾ അവർ പക തീർക്കുന്നത് രാഷ്ട്രീയ പാർട്ടികളോടാണ്. ജനകീയ പ്രതിഷേധത്തിനെ, അതും വാളയാർ പോലുള്ള സെൻസിറ്റീവ് ആയ പ്രശ്‌നത്തിൽ നീതി തേടിയാണ് ഞങ്ങൾ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് നടന്നത്.

ഇതൊന്നും കണക്കിലെടുക്കാതെ കിരാത രീതികൾ ആണ് പൊലീസ് ഉരുക്കഴിച്ചത്. ലോകത്തെ ഒരു ജനാധിപത്യ സർക്കാരിനും യോജിക്കാത്ത പൊലീസ് നടപടികളാണ് കേരളത്തിൽ നടക്കുന്നത്. ജനകീയ സമരങ്ങളോട് സർക്കാർ പുലർത്തുന്നത് ലജ്ജാവഹമായ സമീപനമാണെന്ന് പറയാതിരിക്കാൻ കഴിയില്ല-ജോൺ ജോൺ പറയുന്നു.