തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അടുത്ത ബന്ധം പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തകയും പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം സ്ഥലം മാറ്റം എന്നിവ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന അവതാരം പൊലീസ് ആസ്ഥാനത്ത്. പരാതി നൽകിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാത്തതു കൊണ്ടു തന്നെ എല്ലാം സഹിക്കുകയാണ് ഉദ്ദേഗസ്ഥർ.

എൽഡി ക്ലർക്കിന്റെ രൂപത്തിലാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വിലസൽ. മുഖ്യമന്ത്രിയുമായി അടുത്ത് നിൽക്കുന്ന ആളിന്റെ സഹോദരൻ ആണ് താൻ എന്നാണ് ഈ ലോവർ ഡിവിഷൻ ക്ലാർക്ക് തന്റെ ഓഫീസിൽ എല്ലാ പേരോടും പ്രചരിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഇടക്കിടെ സെക്രട്ടറിയേറ്റിലേക്ക് പോകുന്ന ഈ വ്യക്തി തിരികെ വരുമ്പോൾ പറയുന്നത് മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു എന്നൊക്കെയാണ്.

എസ് ഐ മാരേയും മറ്റും ഫോൺ വിളിയിൽ കുടുക്കിയ അശ്വതി അച്ചുവിന്റെ തട്ടിപ്പുകൾ പുറത്തു വരുമ്പോൾ പൊലീസ് സേനയ്ക്ക് ആശ്വാസമാണ്. ഇതിനിടെയിൽ പുതിയ അവതാരം പൊലീസ് ആസ്ഥാനത്ത് ഐപിഎസുകാർക്കടക്കം വെല്ലുവിളിയായി നിറയുന്നുവെന്നതാണ് വസ്തുത. കടുവയെ കിടുവ പിടിച്ച അവസ്ഥയിലാണ് കാര്യങ്ങൾ.

പൊലീസ് ഉദ്യോഗസ്ഥർക്കും സിഐ, ഡിവൈഎസ്‌പി എന്നിവർക്ക് പ്രൊമോഷൻ ,ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം എല്ലാം ഓകെ ആക്കുമെന്ന് പറഞ്ഞ് പല ഉദ്യോഗസ്ഥർക്കും ഫോൺ വഴിയും നേരിട്ടും വാഗ്ദാനങ്ങൾ നൽകും. കൂടാതെ തന്റെ മുഖ്യമന്ത്രിയോടുള്ള അടുത്ത ബന്ധം ആവർത്തിച്ച് പറഞ്ഞ് പല പൊലീസ് സ്റ്റേഷനുകളിലും കേസിൽ ചില ഇടപെടലുകളും ഇയാൾ നടത്തുന്നതായും പറയുന്നു.

പല പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കാനും ഗൺമാന്റെ ബന്ധം ഈ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്യുന്നുണ്ട്. കോവളം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് റൂമുകൾ സൗജന്യമായി തരപ്പെടുത്തി എടുത്ത് ആവശ്യക്കാരിൽ നിന്ന് പണം കൈപ്പറ്റുന്നതായും ആക്ഷേപം ഉണ്ട്.

എസ്‌പി.മാരോട് ഐ പി എസ് റെഡിയാക്കി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാമെന്ന ഉറപ്പും ഇദ്ദേഹം നൽകുന്നു എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ കാര്യങ്ങൾ നടക്കണം എന്നുള്ളതിനാൽ പലരും പരാതിയുമായി പരസ്യമായി രംഗത്ത് എത്താറില്ല.

മുഖ്യമന്ത്രിയുമായി ബന്ധം ഉണ്ടോ? ഗൺമാന്റെ ബന്ധം ഉപയോഗിച്ച് തങ്ങളുടെ ജോലിക്ക് ഈ അവതാരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമോ എന്ന ഭീതിയിലാണ് പൊലീസ് ആസ്ഥാനത്തെ ഇയാളുടെ സഹപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥനും. ഗൺമാൻ ബന്ധം പറഞ്ഞ് ഈ ക്ലർക്ക് ഓഫീസിൽ വരുന്നതും പോകുന്നതും ഇഷ്ടമുള്ള സമയത്താണെന്നതാണ് വസ്തുത.