- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി സമൂഹവിരുദ്ധർ അശ്ലീലചിത്രങ്ങളും നഗ്‌നവീഡിയോകളും പ്രദർശിപ്പിച്ചു; കുറ്റകൃത്യങ്ങൾ നടത്തിയത് വി.പി.എൻ വഴി; ദൃശ്യങ്ങൾ കടന്നെത്തിയത് കുറ്റിപ്പുറത്തെ ഓൺലൈൻ ക്ലാസിനിടയിൽ; പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസും
കോട്ടയ്ക്കൽ: കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി സമൂഹവിരുദ്ധർ അശ്ലീലചിത്രങ്ങളും നഗ്‌നവീഡിയോകളും അയയ്ക്കുന്നത് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്(വി.പി.എൻ.)വഴി. സൈബർ ലോകത്ത് സുരക്ഷിതരായിരിക്കാൻ വി.പി.എൻ. ഇവർക്ക് സഹായകമാണ്. ഇത്തരം സംവിധാനം ഉപയോഗിക്കുന്നവർ കുറ്റകൃത്യം നടത്തിയാൽ കണ്ടെത്താൻ പ്രയാസമാണ്.
ഉപഭോക്താക്കളെ അവരുടെ ലൊക്കേഷൻ മറച്ചുവെയ്ക്കാനും ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നതാണ് വി.പി.എൻ. ഓൺലൈൻ ക്ലാസുകളിൽ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിലുള്ള അനുഭവങ്ങൾ കൗമാരക്കാരായ കുട്ടികളിൽ ഏറെനാൾ നീണ്ടുനിൽക്കുന്ന മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതായി സൈക്കോ സോഷ്യൽ കൗൺസിലർ ഒ.വി. ശ്രീജേഷ് പറഞ്ഞു. കൗമാരക്കാരുടെ സ്വഭാവ രൂപവത്കരണ സമയമായതിനാൽ കൂടുതൽ ശ്രദ്ധ രക്ഷിതാക്കളും അദ്ധ്യാപകരും പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കുറ്റിപ്പുറത്തെ സ്‌കൂളിൽ ഓൺലൈൻ ക്ലാസിനിടെ പൊടുന്നനെ അശ്ലീലദൃശ്യങ്ങൾ കയറി വരികയായിരുന്നു.കുറ്റിപ്പുറത്തെ സി.ബി.എസ്.സി. സ്‌കൂൾ പ്രഥമാധ്യാപിക ശനിയാഴ്ച പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച പൊലീസ് എഫ്.ഐ.ആർ. തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കുന്നതിന് സൈബർ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.പോക്‌സോ നിയമപ്രകാരവും ഐ.ടി.ആക്ട് 67 (എ) പ്രകാരവുമാണ് കേസ്.
അശ്ലീലദൃശ്യങ്ങളോ, വീഡിയോകളോ വാട്‌സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചുകൊടുക്കുന്നത് അഞ്ചുവർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുൻപിൽ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരവും ക്രിമിനൽ കുറ്റമാണ്.
കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും ബ്രൗസ് ചെയ്യുന്നതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം തടവും 10ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
മറുനാടന് ഡെസ്ക്