ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ പൊലീസ് നിയമഭേദഗതിയിൽ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം. നിയമഭേദഗതിക്ക് എതിരെ ഉയർന്ന എല്ലാത്തരം ക്രിയാത്മക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം അറിയിച്ചു. ഔദ്യേഗിക ട്വിറ്റർ പേജിലൂടെയായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. നിയമഭേദഗതിക്ക് എതിരെ പ്രതിപക്ഷത്തിന് പുറമേ, ഇടതുപക്ഷത്തുനിന്നും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്രനേൃത്വത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് പൊലീസ് നിയമഭേദഗതിയിലുള്ളത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം. അതേസമയം, ഇത് ജാമ്യമില്ലാ വകുപ്പല്ല.