- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെതിരായ വ്യാപക പരാതിയിൽ നടപടിക്ക് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു; വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിൽ യോഗം; കെ റെയിലിൽ മാധ്യമ പിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും പൗരപ്രമുഖരുടെ യോഗവും പിന്നാലെ
തിരുവനന്തപുരം: പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു വൈകീട്ട് മൂന്നുമണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം. പൊലീസിനെതിരെ വ്യാപക പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്.
ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ കമ്പാർട്ട്മെന്റിലേക്ക് ടിടിഇക്കൊപ്പം പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദിക്കുകയും ചെയ്തത്.
തല്ലി വീഴ്‌ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തെന്നും യാത്രക്കാർ പറഞ്ഞു. കഴിഞ്ഞദിവസം കോവളത്ത് വിദേശപൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറെ വിവാദമായിരുന്നു.
ഇതിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. സിപിഎം പാർട്ടി സമ്മേളനങ്ങളിൽ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അതിരൂക്ഷ വിമർശനങ്ങളാണ് ഉണ്ടായത്. പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും സിപിഎം സമ്മേളനങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
അതേസമയം കെ-റെയിൽ പദ്ധതിക്കെതിരെ എതിർപ്പുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി. പദ്ധതിക്ക് പിന്തുണ് തേടിയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. മാധ്യമപിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും സംഘടിപ്പിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗവും വിളിക്കുന്നുണ്ട്.
എല്ലാ ജില്ലകളിലും ഇത്തരത്തിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. കെ-റെയിൽ പദ്ധതിക്ക് പിന്തുണ തേടി സംസ്ഥാനത്ത് എല്ലാ വിഭാഗം ആളുകളെയും കാണുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പൗരപ്രമുഖരുടെ യോഗത്തിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പൗരപ്രമുഖരുമായും സാങ്കേതിക വിദഗ്ധരുമായിട്ടും മുഖ്യമന്ത്രി സംവദിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുമായിട്ടുള്ള യോഗം വിളിക്കുന്നതിനുള്ള തീരുമാനവും എടുത്തിരിക്കുകയാണ്.
കെ-റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് ശക്തമായ പ്രതിഷേധത്തിലാണ്. ബിജെപിയും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടുക, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഈ യോഗത്തിന്റെ തീയതി സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടില്ല.
മാധ്യമ മേധാവികളുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതിക്ക് മാധ്യമപിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ മാസം 25-നാണ് മാധ്യമ മേധാവികളെയും പത്രാധിപരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ