- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിൽസ വൈകിയതിന് ഡോക്ടറുടെ തലയടിച്ചു പൊട്ടിച്ചു; കാൽവിരൽ അടിച്ചൊടിച്ചു; പൊലീസുകാരൻ റിമാൻഡിൽ; സഹോദരനായി തെരച്ചിൽ; സംഭവം നൂറനാട്ട്
നൂറനാട്: മാതാവിന് ചികിൽസ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും നഴ്സുമാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. കൂട്ടുപ്രതിയായ സഹോദരന് വേണ്ടി തെരച്ചിൽ ഊർജിതം.
അടൂർ ട്രാഫിക് സ്റ്റേഷനിലെ ഡൈവ്രർ സിപിഓ പൊലീസുകാരൻ നൂറനാട് എരുമക്കുഴി പുത്തൻ വിളയിൽ രതീഷിനെ(38) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സഹോദരൻ രാജേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നൂറനാട് പാറയിൽ ജങ്ഷനിലെ മാതാ ക്ലിനിക്കിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം തൻ പൊങ്കാല ശിവക്ഷേത്രത്തിന് സമീപം ത്രയംബകം വീട്ടിൽ ഡോ. വെങ്കിടേശി(31)ന്റെ പരാതിയിലാണ് അറസ്റ്റ്. നൂറനാട് പ്രസന്നൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാതാ ക്ലിനിക്കിൽ രണ്ടു വർഷമായി വെങ്കിടേഷ് ജോലി ചെയ്യുകയാണ്.
പനി ബാധിച്ച് അവശനിലയിലായ മാതാവ് രമണിയുമായി വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് രതീഷും രാജേഷും മാതാ ക്ലിനിക്കിൽ എത്തിയത്. ഈ സമയം ഡോക്ടർ ബാത്ത്റൂമിലായിരുന്നു. പത്തു മിനിട്ടോളം ഇവർക്ക് കാത്തിരിക്കേണ്ടി വന്നു. ഡോക്ടർ വരാൻ താമസിച്ചപ്പോൾ രാജേഷും രതീഷും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അസഭ്യം വിളിച്ചു. ഇതു കേട്ടു കൊണ്ട് വന്ന ഡോ. വെങ്കിടേഷ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ മർദിച്ചത്.
കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും കാൽവിരൽ ചവിട്ടി ഒടിക്കുകയുമായിരുന്നു. മർദനത്തിന് ശേഷം പ്രതികൾ മാതാവുമായി സ്ഥലം വിട്ടു. നഴ്സുമാർ എഴുതിയ ഓപി ചീട്ടും കൈക്കലാക്കിയാണ് ഇവർ പോയത്. ഡോക്ര് പൊലീസിൽ വിവരം അറിയിച്ചു. അവർ എത്തി ഡോക്ടറെ സമീപത്തുള്ള മറ്റൊരു ക്ലിനിക്കിൽ എത്തിച്ചു. തലയ്ക്ക് എട്ടു തുന്നൽ വേണ്ടി വന്നു. അസ്ഥിക്ക് പൊട്ടലുണ്ടായ കാൽവിരലിന് ക്യാപ്പും ഇട്ടു. തുടർന്ന് ഡോക്ടർ പരാതി എഴുതി നൽകി. ആദ്യം പ്രതികളെ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ആളെ പിടികിട്ടി. ഇന്ന് രാവിലെ രതീഷിനെ നൂറനാട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിന് കേസ് ചാർജ് ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്