- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശിയെ മാറ്റാനുള്ള ഗോവിന്ദ മോഹം നടക്കില്ല; അജിത് കുമാറിന് താക്കോല്‍ സ്ഥാനം നഷ്ടമാകാത്തത് വിശ്വസ്തനായതു കൊണ്ടും; അന്‍വറിനെ പിണറായി തള്ളിയോ?
തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന് മാറ്റില്ല. ഭരണകക്ഷി എം.എല്‍.എ. പി.വി. അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ അന്വേഷണം മാത്രം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഞെട്ടിയത് സിപിഎം കൂടിയാണ്. അജിത് കുമാറിനെതിരെ ശക്തമായ നടപടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ ആഗ്രഹത്തിന് പിന്നില്‍ ശശിയെ മാറ്റാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഇതോടെ അജിത് കുമാറിന് സ്ഥാന ചലനമുണ്ടാകുന്നില്ല. എസ് പി സുജിത് ദാസിനെ പത്തനംതിട്ടിയില്‍ […]
തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന് മാറ്റില്ല. ഭരണകക്ഷി എം.എല്‍.എ. പി.വി. അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ അന്വേഷണം മാത്രം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഞെട്ടിയത് സിപിഎം കൂടിയാണ്. അജിത് കുമാറിനെതിരെ ശക്തമായ നടപടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ ആഗ്രഹത്തിന് പിന്നില്‍ ശശിയെ മാറ്റാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഇതോടെ അജിത് കുമാറിന് സ്ഥാന ചലനമുണ്ടാകുന്നില്ല. എസ് പി സുജിത് ദാസിനെ പത്തനംതിട്ടിയില്‍ നിന്നും മാറ്റുകയും ചെയ്തു. പ്രത്യക്ഷ തെളിവുണ്ടായിട്ടും സുജിത് ദാസിന് സസ്പെന്‍ഷനില്ല. ഇതോടെ അന്‍വറിന്റെ ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന സന്ദേശമാണ് വരുന്നത്. എഡിജിപി അജിത് കുമാര്‍ തന്റെ വിശ്വസ്തനാണെന്ന സന്ദേശം കൂടി നല്‍കുകയാണ് മുഖ്യമന്ത്രി.
ആരോപണവിധേയനായ എം.ആര്. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തില്‍നിന്നുമാറ്റി അന്വേഷണമുണ്ടാകുമെന്ന സൂചന വന്നുവെങ്കിലും പിന്നീട് അത് മാറി. അന്‍വറിന്റെ ആദ്യദിവസത്തെ ആരോപണത്തിനുപിന്നാലെ എം.ആര്. അജിത്കുമാര്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതിനിടെ വീണ്ടും പി.വി. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.ആര്. അജിത്കുമാര്‍തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്കി. തിങ്കളാഴ്ച വൈകീട്ട് അടൂരിലെ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നടന്ന കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിനിടെ പോലീസ് മേധാവിയും എം.ആര്. അജിത്കുമാറും ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. ഇതും മുഖ്യമന്ത്രിയെ സ്വാധീനിച്ച നിര്‍ണ്ണായക ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അജിത് കുമാര്‍ തെറ്റു ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രാഥമികമായി വിശ്വസിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അന്‍വര്‍ ഉയര്‍ത്തിയ 150 കോടി ആരോപണത്തെ തുടര്‍ന്ന് സതീശന് രാജിവച്ചില്ല. ഈ ആരോപണത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടു തന്നെ അന്‍വര്‍ പറഞ്ഞെന്ന് വച്ച് അജിത് കുമാറിനെ ഉപദ്രവിക്കില്ല. കവടിയാറിലെ വീട് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളിലെ നിജസ്ഥിതിയും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അജിത് കുമാറിനെ സംരക്ഷിക്കുന്നത്. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബും അജിത് കുമാറുമായി പ്രശ്നമുണ്ട്. ഇതിന്റെ പേരിലാണ് അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് ഡിജിപി എടുത്തതെന്ന വിലയിരുത്തലും മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം അജിത് കുമാറിന് തുണയായി മാറുകയും ചെയ്തു.
ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെയും എസ്.പി. സുജിത് ദാസ് ഉള്‍പ്പടെയുള്ള പോലീസുദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപവത്കരിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടുനല്‍കാനാണ് നിര്‍ദേശം. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും പരാതികളിലും അന്വേഷണമുണ്ടാകും. ദക്ഷിണമേഖലാ ഐ.ജി.യും തിരുവനന്തപുരം കമ്മിഷണറുമായ ജി. സ്പര്‍ജന്‍കുമാര്‍, തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്, തിരുവനന്തപുരം ഇന്റലിജന്‍സ് എസ്.പി. എ. ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഇതിലെ രണ്ടു ഉദ്യോഗസ്ഥര്‍ ഹേമാ കമ്മറ്റിയെ തുടര്‍ന്നുള്ള സിനിമാ മേഖലയിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനികളാണ്.
സുജിത് ദാസിനെ തത്സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരംനിയമനം നല്‍കിയിട്ടില്ല. പോലീസ് മേധാവിക്കുമുന്നില്‍ റിപ്പോര്‍ട്ടുചെയ്യാനാണ് നിര്‍ദേശം. വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 എസ്.പി. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പി.യായി നിയമിച്ചു. സ്വര്‍ണക്കടത്ത്, കൊലപാതകം, ഫോണ്‍ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ചത്. അതുകൊണ്ടു തന്നെ ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റുമെന്ന് തന്നെ എല്ലാവരും കരുതി. കോട്ടയത്തെ പോലീസ് അസോസിയേഷന് സമ്മേളനവേദിയില്‍ വെച്ചുതന്നെ അജിത്കുമാറിനെതിരേ ഡി.ജി.പി. തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനുമുന്‍പേ പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹേബും മുഖ്യമന്ത്രിയും തമ്മില്‍ നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ച് ചര്‍ച്ചയും നടന്നു.