ന്യൂഡൽഹി: അനിൽ ആന്റണി ബിജെപിയിലേക്ക് എത്തുമ്പോൾ വെട്ടിലാകുന്നത് കോൺഗ്രസ്. കേരളത്തിൽ കോൺഗ്രസിന് സർവ്വത്ര പ്രതിസന്ധിയാകും. ഇതിനൊപ്പം സിപിഎമ്മും ഈ വിഷയം കോൺഗ്രസിനെതിരെ പ്രചരണായുധമാക്കും. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. ബിജെപിയുടെ പ്രാഥമിക അംഗത്വം അനിൽ ആന്റണി സ്വീകരിക്കും. രണ്ടരയോടെ ബിജെപി ആസ്ഥാനത്ത് അനിൽ ആന്റണി എത്തി. കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ് അനിൽ ആന്റണിയുടെ തീരുമാനം. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു മുമ്പ് അനിൽ.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിച്ച ശേഷമാണ് അനിൽ ആന്റണി ബിജെപിയുടെ ഭാഗമായത്. അനിൽ ആന്റണിക്ക് ബിജെപി ഔദ്യോഗിക സ്ഥാനവും നൽകും. ദേശീയ തലത്തിലും അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള വരവ് ചർച്ചയാക്കും. കേരളത്തിൽ ക്രൈസ്തവ സംഭകളെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ എകെ ആന്റണിയുടെ മകൻ ബിജെപിയിൽ എത്തുന്നത്.

ഓപ്പറേഷൻ താമരയ്ക്ക് കേരളത്തിലും ഇതോടെ ബിജെപി തുടക്കമിടുകയാണ്. ഇനിയും നേതാക്കളെ ബിജെപി നോട്ടമിടുന്നുണ്ട്. ഇതിൽ ആദ്യത്തേതാണ് അനിൽ ആന്റണി. ജി 20 കൂട്ടായ്മയുടെ ഭാഗമായി ബിജെപിയുമായി അനിൽ ആന്റണി സഹകരിക്കുന്നുണ്ട്. പെസഹാ വ്യാഴം എന്ന ക്രൈസ്തവ വിശ്വാസികളുടെ പ്രധാനപ്പെട്ട ദിനത്തിലാണ് അനിൽ ആന്റണി ബിജെപിയിൽ എത്തുന്നത്. നേരത്തെ കോൺഗ്രസിൽ നിന്നും അനിൽ ആന്റണി രാജിവച്ചിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി ഗാന്ധി കുടുംബത്തിലെ അതിവിശ്വസ്തനാണ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഗുരുതുല്യനായാണ് ആന്റണിയെ കാണുന്നത്. മല്ലികാർജ്ജുന ഖാർഗെയെ എഐസിസി അധ്യക്ഷനാക്കിയതും ആന്റണിയുടെ ഇടപെടലുകളായിരുന്നു. അത്തരമൊരു നേതാവിന്റെ മകനാണ് ബിജെപിയിൽ എത്തുന്നത്. കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രാജിവച്ചിരുന്നു.

ജനുവരിയിലായിരുന്നു രാജി. പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്നാണ് രാജി. എഐസിസിയുടെ സോഷ്യൽ മീഡിയാ കോഓർഡിനേറ്റർ അടക്കമുള്ള പദവികൾ രാജിവച്ചിരുന്നു. ബിബിസി ഡോക്യുമെന്ററീ വിവാദത്തെ തുടർന്നാണ് രാജി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രധാന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുമെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയുള്ള ആന്റണിയുടെ മകന്റെ രാജി വച്ചത്.കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും എല്ലാം നന്ദി പറഞ്ഞാണ് അനിൽ ആന്റണി രാജി നൽകിയത്. തരൂരിനൊപ്പം നിന്ന വ്യക്തി കൂടിയാണ് അനിൽ ആന്റണി. കോൺഗ്രസിലെ സംസ്ഥാന നേതൃത്വത്തിൽ അനിൽ ആന്റണിക്ക് സ്വാധീനമൊന്നുമില്ല. എന്നാൽ ആന്റണിയുടെ മകൻ പോലും കോൺഗ്രസ് വിടുന്നുവെന്നത് കേരളത്തിലെ മാത്രമല്ല ദേശീയ കോൺഗ്രസിനും തിരിച്ചടിയാണ്. ആദർശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ ആന്റണിക്കും ഇത് തിരിച്ചടിയാണ്.

അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുമ്പോൾ തന്നെ ബിജെപിയുമായി അടുക്കുമെന്ന് വ്യക്തമായിരുന്നു. അനിൽ ആന്റണിയുടെ കൂടുമാറ്റം സിപിഎമ്മും ചർച്ചയാക്കും. രാജിയിൽ തന്നെ അനിൽ ആന്റണി ചില സൂചനകൾ നൽകിയിരുന്നു. തന്റെ പ്രൊഫഷണൽ ഉത്തരവാദിത്തം തുടരുമെന്നും രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തി പിടിച്ച് പോകുമെന്നും അനിൽ ആന്റണി അന്ന് വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ വികാരങ്ങൾക്കെതിരായ നിലപാടുകളെ ചവട്ടുകൂറ്റയിലേക്ക് എറിയണമെന്ന നിലപാടിലാണ് ഇപ്പോഴും അനിൽ ആന്റണി. നേരത്തെ എഐസിസി തെരഞ്ഞെടുപ്പ് കാലത്ത് ശശി തരൂരിനെ അനിൽ ആന്റണി പരസ്യമായി പന്തുണച്ചിരുന്നു. അച്ഛൻ എകെ ആന്റണിയും കൂട്ടരും മില്ലകാർജ്ജുൻ ഖാർഗെയ്ക്ക് വേണ്ടി വോട്ട് പടിക്കുമ്പോഴായിരുന്നു ഇത്.

ബി.ബി.സിയുടെ 'ഇന്ത്യ, ദ മോദി ക്വസ്റ്റിയൻ' എന്ന വിവാദ ഡോക്യുമെന്ററിക്കെതിരേ കെപിസിസി. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ അനിൽ ആന്റണി രംഗത്ത് വന്നത് ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമസ്ഥാപനത്തിന്റെ കാഴ്ചപ്പാടുകൾക്കു വലിയ പ്രാധാന്യം നൽകുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്ന് അനിൽ ആന്റണി ട്വിറ്റർ സന്ദേശത്തിൽ വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴാണ് അനിൽ ആന്റണി വ്യത്യസ്ത നിലപാടുമായി രംഗത്തുവന്നത്. ഈ സാഹചര്യത്തിലായിരുന്നു അനിൽ ആന്റണിയുടെ കോൺഗ്രസിൽ നിന്നുള്ള രാജി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിൽ ആന്റണി പാർട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. 'രാഹുൽ ഗാന്ധിയടക്കം കോൺഗ്രസിൽ ആരുമായും പ്രശ്‌നങ്ങളില്ല. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ നമ്മുടെ പരമാധികാരത്തെ തകർക്കാനോ നമ്മുടെസ്ഥാപനങ്ങളെ തകർക്കാനോ വിദേശികളേയോ അവരുടെ സ്ഥാപനങ്ങളെയോ അനുവദിക്കരുത്. അപകടകരമായ കീഴ്‌വഴക്കമാകും അത്.' -അനിൽ ആന്റണി പിന്നീട് മാധ്യമങ്ങളോടു വിശദീകരിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ രാജ്യത്ത് ഡോക്യുമെന്ററി വിലക്കുന്നതിനെ രാഹുൽ ഗാന്ധി ചോദ്യംചെയ്ത ദിവസം തന്നെയാണ് അനിൽ ആന്റണി ഡോക്യുമെന്ററിയെ വിമർശിച്ചത്. ഇതോടെ കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയെ പുറത്താക്കുന്നത് പരിഗണിച്ചിരുന്നു. ഇതിനിടെയായിരുന്നു രാജി. 

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)