ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ ചരിത്ര വിജയം കുറിക്കുമ്പോള്‍, അതിലേക്ക് നയിച്ച കാരണങ്ങള്‍ തിരയുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. ചുരുങ്ങിയത് അഞ്ചുകാരണങ്ങളെങ്കിലും എടുത്തുപറയാം.

1. സ്ഥിരത, വികസനം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രചാരണം

2. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള 'ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍' എന്ന എന്‍ഡിഎയുടെ മുദ്രാവാക്യം

3.തിരഞ്ഞെടുപ്പിലെ ചരിത്രം തിരുത്തിയ വോട്ടര്‍ പങ്കാളിത്തം

4. സ്ത്രീകളും യുവ വോട്ടര്‍മാരും എന്‍ഡിഎയുടെ നിര്‍ണായക നെടുന്തൂണുകളായി. അടിത്തട്ടില്‍, ക്ഷേമപദ്ധതികള്‍ എത്തിക്കാനുള്ള പരിശ്രമവും, തുടര്‍ച്ചയായ ഇടപെടലും, പലപ്രദമായ സംഘാടന ശ്രമങ്ങളും.

5. മികച്ച ഭരണത്തോടൊപ്പം, കുറ്റമറ്റ രാഷ്ട്രീയ ആസൂത്രണം. സഖ്യകക്ഷികള്‍ക്കിടയിലെ പിഴവില്ലാത്ത സീറ്റ് വിഭജനം മുതല്‍, ആര്‍ജെഡി സര്‍ക്കാരിന്റെ കാലത്ത് നിലനിന്ന നിയമരാഹിത്യത്തെക്കുറിച്ചുള്ള (Jungle Raj) ആഴത്തിലുള്ള ഭയം വരെ കാരണമായി.

ഇക്കൂട്ടത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി മലവെള്ളം പോലെ വന്ന സൗജന്യ വാഗ്ദാനങ്ങളാണ്.

ക്യൂ നിന്ന് ജയിപ്പിച്ചത് സ്ത്രീകള്‍

എന്‍ഡിഎയുടെ വന്‍ വിജയത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു എന്നത് സംശയലേശമെന്യേ പറയാം. സുപൗള്‍, കിഷന്‍ഗഞ്ച്, മധുബനി തുടങ്ങിയ നിരവധി ജില്ലകളില്‍, പുരുഷന്മാരെ അപേക്ഷിച്ച് 10 മുതല്‍ 20 ശതമാനം വരെ സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തം വരുത്തിയ വ്യത്യാസം വളരെ വലുതാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1.8 ലക്ഷത്തിലധികം ജീവിക ദീദിമാരെ (സ്ത്രീ വോട്ടര്‍മാര്‍ക്ക് ബൂത്ത് ലൊക്കേഷനുകളും വോട്ടിംഗ് പ്രക്രിയകളും സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന വനിതാ വോളണ്ടിയര്‍മാര്‍) വിന്യസിച്ചത്, സ്ത്രീകളുടെയും ആദ്യമായി വോട്ട് ചെയ്യുന്ന യുവ വോട്ടര്‍മാരുടെയും തിരഞ്ഞെടുപ്പിലെ പങ്കാളിത്തം ഗണ്യമായി മെച്ചപ്പെടുത്തി.

സ്വയംസഹായ സംഘങ്ങള്‍, ഉപജീവന പിന്തുണ, സാമൂഹിക സുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ള എന്‍ഡിഎയുടെ വിപുലമായ ക്ഷേമപദ്ധതികള്‍ സ്ത്രീവോട്ടര്‍മാരുടെയും യുവവോട്ടര്‍മാരെയും ആകര്‍ഷിച്ചു. തങ്ങളുടെ സംരക്ഷകരായി എന്‍ഡിഎയെ കണ്ട വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ അത് ശക്തമായി സ്വാധീനം ചെലുത്തി.

14 ലക്ഷത്തിലധികം പുതിയ യുവ വോട്ടര്‍മാരെ, അവരില്‍ പലരും സ്ത്രീകളായിരുന്നു, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്‍ഡിഎയുടെ വോട്ടര്‍ അടിത്തറ വിപുലീകരിച്ചു. ഇത്തവണ 66.91% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് ബിഹാറിലെ റെക്കോര്‍ഡാണ്. പുരുഷ വോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളില്‍ വലിയ തോതില്‍ ഒഴുകിയെത്തിയത്. 42.34 ലക്ഷം പുരുഷ വോട്ടര്‍മാര്‍ കൂടുതലുള്ള ബിഹാറില്‍, 2.52 കോടി വനിതാ വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ നിതീഷ് സര്‍ക്കാരിന്റെ ജനകീയ പദ്ധതികളില്‍ ആകൃഷ്ടരായ സ്ത്രീ വോട്ടര്‍മാര്‍ ഇത്തവണയും പിന്തുണ തുടര്‍ന്നു.

തുറുപ്പ് ചീട്ടായ് മഹിളാ റോസ്ഗാര്‍ യോജന

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും സംയുക്തമായാണ് 'മഹിളാ റോസ്ഗാര്‍ യോജന 2025' (Mahila Rojgar Yojana 2025) നടപ്പിലാക്കിയത്.. സംസ്ഥാനത്തെ 75 ലക്ഷം വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ആദ്യഘട്ടമായി 10,000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതാണ് പദ്ധതി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ കണ്ടെത്താനും സ്വന്തമായി വരുമാനം നേടാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ചെറുകിട വ്യവസായങ്ങളോ മറ്റ് തൊഴില്‍ സംരംഭങ്ങളോ ആരംഭിക്കാന്‍ ഈ തുക പ്രയോജനപ്പെടുത്താം. ഇതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാമൂഹിക പുരോഗതി കൈവരിക്കാനും ലക്ഷ്യമിടുന്നു.

പതിനായിരം രൂപ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയത് താഴെത്തട്ടില്‍ രാഷ്ട്രീയ സന്ദേശത്തോടൊപ്പമാണ്. സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് തുക വിതരണം ചെയ്തു കഴിഞ്ഞെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. നിലവിലുള്ള നിതീഷിന്റെ വോട്ട് ബാങ്കിനെ വിപുലീകരിക്കാന്‍ ഈ പ്രഖ്യാപനം സഹായമായിട്ടുണ്ടെന്നാണ് താഴെത്തട്ടില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇതിന് ബദലായി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വര്‍ഷവും ജനവരി 14 ന് മുപ്പതിനായിരം രൂപ വീതം നല്‍കുമെന്ന വാഗ്ദാനമാണ് മഹാസഖ്യം നല്‍കിയത്.

ജംഗിള്‍ രാജ് പേടിയും മദ്യം തിരിച്ചുവരുമെന്ന ആധിയും വോട്ടായി

മദ്യനിരോധനത്തിന്റെ സാമൂഹ്യനേട്ടങ്ങള്‍ എന്‍ഡിഎ പ്രചരണ വിഷയമാക്കിയപ്പോള്‍, പാവപ്പെട്ടവരുടെ ജീവിതമാര്‍ഗമായ നാടന്‍ കള്ള് നിരോധനത്തിന്റെ പരിധിയില്‍ നിന്ന് നീക്കുമെന്നാണ് തേജസ്വി യാദവ് വാഗ്ദാനം ചെയ്തത്. മദ്യനിരോധനം പൂര്‍ണമായി പിന്‍വലിക്കുമെന്നാണ് ഭരണത്തിന്റെ ബാധ്യതകളില്ലാത്ത പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചത്. അതെ സമയം, കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വോട്ട് കൊള്ള വിഷയം താഴെത്തട്ടില്‍ കാര്യമായ ചര്‍ച്ചയായില്ല.

വികസന പ്രവര്‍ത്തനങ്ങള്‍, വനിതാ ക്ഷേമ പദ്ധതികള്‍, മെച്ചപ്പെട്ട ക്രമസമാധാനം എന്നിവ നിതീഷ് കുമാറിന് അനുകൂല ഘടകങ്ങളായി മാറി. പ്രതിപക്ഷമായ ആര്‍ജെഡി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് അക്രമണങ്ങള്‍ വര്‍ധിക്കുമെന്ന പ്രചാരണവും ജനങ്ങളെ എന്‍ഡിഎക്ക് അനുകൂലമാക്കി. ആര്‍ജെഡി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ 'ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുമെന്ന' പ്രചാരണം ജനങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിച്ചു. ക്രമസമാധാനവും സുരക്ഷയും സംരക്ഷിക്കാന്‍ നിതീഷ് കുമാറിന് മാത്രമേ സാധിക്കൂ എന്ന പ്രചാരണം അദ്ദേഹത്തിന് അനുകൂലമായി. ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സഹായം ലഭിക്കില്ലെന്ന പ്രചാരണവും എന്‍ഡിഎക്ക് ഗുണം ചെയ്തു.

കേരളത്തിലെ ഭരണത്തുടര്‍ച്ചയുമായി സാമ്യം

കേരളത്തിലെ ഭരണതുടര്‍ച്ചയുമായി ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ചില സാമ്യങ്ങളുണ്ട്. കോവിഡ് പ്രതിരോധം, വികസന പദ്ധതികള്‍, ക്ഷേമ പെന്‍ഷന്‍ എന്നിവ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതിന് സമാനമായി, ബിഹാറില്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യത ലഭിച്ചു. ഇത് വിപണിയില്‍ പണം തിരികെയെത്താനും സ്വയംതൊഴില്‍ കണ്ടെത്താനും സഹായിച്ചു.

ബിജെപി, നിതീഷിനെ പിണക്കാതെ ഒപ്പം നിര്‍ത്തിയ തന്ത്രം ഫലിച്ചു. ഇന്ത്യാ സഖ്യം തകര്‍ന്നടിയുകയും വോട്ട് ചോരിയെന്ന കോണ്‍ഗ്രസിന്റെ പ്രചാരണം വിലപ്പോവാതിരിക്കുകയും ചെയ്തു. താഴെത്തട്ടില്‍ സംഘടനാ സംവിധാനം ദുര്‍ബലമായ കോണ്‍ഗ്രസുമായുള്ള സഹകരണം ആര്‍ജെഡിക്ക് ഗുണം ചെയ്തില്ല.