കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും പൊട്ടെത്തിറി. ഒടുവില്‍ ഉള്ളതെല്ലാം തുറന്നു പറഞ്ഞ് സിപിഎം സംസ്ഥാന സമിതി മുന്‍ അംഗവും മുന്‍ എംഎല്‍എയുമായ സി.കെ.പി.പത്മനാഭന്‍ രംഗത്ത് വന്നത് സിപിഎം നേതൃത്വത്തിന് വെല്ലുവിളിയാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള പരസ്യ വെല്ലുവളി കൂടിയാണ് സികെപി നടത്തുന്നത്. ആരോപണങ്ങളില്‍ സിപിഎം മൗനം തുടരും. സികെപിയുടെ ആരോപങ്ങളില്‍ പ്രതികരിക്കില്ല. കണ്ണൂരിലെ സിപിഎമ്മില്‍ ഉരുണ്ടു കൂടുന്ന വിഭാഗീയതയുടെ പ്രതിഫലനം സികെപിയുടെ വാക്കുകളിലുണ്ടെന്നാണ് വിലയിരുത്തല്‍.

താന്‍ രോഗിയായതിനു കാരണം പാര്‍ട്ടിതന്ന മാനസിക സംഘര്‍ഷമെന്നാണ് സി.കെ.പി.പത്മനാഭന്‍ പറയുന്നത്. വിഭാഗീയതയുടെ ഇരയാണു താനെന്നും പാര്‍ട്ടി എങ്ങനെ ജനങ്ങള്‍ വെറുക്കുന്ന രൂപത്തിലെത്തിയെന്ന പരിശോധനയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വൃക്കരോഗം ബാധിച്ച് ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുകയാണ് സി.കെ.പി. ഇതിനിടെയാണ് തുറന്നു പറച്ചില്‍. പി.ശശി ജില്ലാ സെക്രട്ടറിയായിരിക്കെ സ്വഭാവദൂഷ്യം ആരോപിച്ച് സികെപി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വി.എസ്പിണറായി വിഭാഗീയത കത്തിനിന്ന സമയത്താണ് സികെപിക്ക് എതിരായ നടപടി. സി.കെ.പിയുടെ പരാതിയില്‍ ശശിക്കും തരംതാഴ്ത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവന്നു. ഇതോടെ സികെപി പിണറായി പക്ഷത്തിന്റെ കണ്ണിലെ കരടായി. അതിന് ശേഷം ഒരിക്കലും നേതൃത്വം വേണ്ടത്ര പരിഗണന സികെപിക്ക് നല്‍കിയില്ല. ഇതിന്റെ വേദനയാണ് സികെപി തുറന്നു പറയുന്നത്.

കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി.കെ.പി.പത്മനാഭനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 12 വര്‍ഷം മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടി നീക്കി. ഏറെക്കാലത്തിനു ശേഷം മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ഈ സ്ഥാനത്ത് തുടരുന്നു. വിഭാഗീയത കാരണം തന്റെ മേല്‍ അടിച്ചേല്‍പിച്ചതാണ് അച്ചടക്ക നടപടിയെന്ന് സി.കെ.പി പറയുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്തുപോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇത്രയും കാലം ഇതൊന്നും പറയാതിരുന്നതെന്നു സികെപി ഈ ഘട്ടത്തില്‍ വിശദീകരിക്കുന്നു. 15 തവണ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. 4 ലക്ഷം രൂപയോളം കര്‍ഷക സംഘത്തിന്റെ അന്നത്തെ ഓഫിസ് സെക്രട്ടറി കട്ടെടുത്തെന്നത് സത്യമാണ്. പാര്‍ട്ടിയില്‍ അക്കാലത്ത് വിഭാഗീയതയുണ്ടായിരുന്നു. ഇതു പറഞ്ഞതിന്റെ പേരില്‍ വീണ്ടും നടപടി വന്നാലും പ്രശ്‌നമില്ല സികെപി പറഞ്ഞു.

വിഭാഗീയതയുടെ ഭാഗമായുള്ള പ്രതികാര നടപടിയാണ് അന്ന് ഉണ്ടായത്. ശ്രദ്ധക്കുറവില്‍ നടപടിയെടുത്ത സംഭവം ലോകത്ത് ആദ്യമായിരിക്കും. പിന്നീട് സാമ്പത്തിക തിരിമറി നടത്തിയെന്ന് വാര്‍ത്ത വന്നപ്പോള്‍ പാര്‍ട്ടി അത് നിഷേധിച്ചില്ല. പ്രകാശ് കാരാട്ടിനോട് നേരിട്ട് പരാതി പറഞ്ഞിരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞ് പുറത്തുതട്ടി ആശ്വസിപ്പിക്കുകയാണ് അന്ന് ചെയ്തത്. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു രൂപയുടെ പോലും ക്രമക്കേട് നടത്തിയിട്ടില്ല. പക്ഷെ അങ്ങനെയൊരു പ്രതീതി വരുത്തിവെച്ചു. പാര്‍ട്ടി നടപടി ഇന്നുവരെ എഴുതിതന്നില്ല. 15 തവണ അപ്പീല്‍ നല്‍കി. പിന്നില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും സ്വാഭാവികമായും പ്രകൃതി ശിക്ഷ നല്‍കിവരികയാണ്. ഒരു കമ്യൂണിസ്റ്റാണെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ സന്തോഷിക്കുകയാണ്-സികെപി പറയുന്നു.

തിരുവനന്തപുരത്തെ എന്‍.ജി.ഒ യൂനിയന്‍കാരുടെ ബാങ്കില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരില്‍ പണം നിക്ഷേപിച്ചപ്പോള്‍ സ്വന്തം പേരില്‍ നിക്ഷേപമാക്കി മാറ്റിയെന്ന് ആരോപിച്ചു. ഈ പണം പിന്നീട് പിന്‍വലിച്ചത് ഇ.പി. ജയരാജനും കെ.വി. രാമകൃഷ്ണനും കൂടിയാണ്. 25 ലക്ഷം പിന്‍വലിച്ച രേഖകള്‍ കേന്ദ്ര കമ്മിറ്റിക്ക് കൈമാറിയിരുന്നു. നാല് ലക്ഷത്തോളം അന്നത്തെ ഓഫിസ് സെക്രട്ടറി തട്ടിയെടുത്തെന്ന കാര്യം സത്യമാണ്. അന്നത്തെ ജില്ല സെക്രട്ടറി പി. ശശിക്കെതിരായി നല്‍കിയ പരാതി തള്ളിക്കളയാന്‍ പറ്റുന്ന വസ്തുതയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ അദ്ദേഹം ഉയര്‍ത്തിയ ആശയം വളര്‍ന്നു. വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോയെന്ന് അറിയില്ല. ടി.പിയുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വി.എസ്. അച്യുതാനന്ദനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വി.എസ് വടകരയിലെത്തി തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് പ്രസംഗിച്ചത്. എന്നാല്‍ നേതൃത്വം അതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് ടി.പി കൊല്ലപ്പെടുന്നത്. വിഭാഗീയതയുടെ ലക്ഷ്യം അധികാരമായിരുന്നുവെന്നും സി.കെ.പി. പത്മനാഭന്‍ പറഞ്ഞു.

കണ്ണൂരിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സികെപി പത്മനാഭന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല. സത്യം ജനങ്ങള്‍ അറിയണം എന്നും അദ്ദേഹം പറഞ്ഞു. താന്‍ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിക്ക് കാരണം. അന്ന് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇന്ന് പാര്‍ട്ടിയെ ഈ അവസ്ഥയിലെത്തിച്ചത്. അതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ വെറുക്കുന്ന അവസ്ഥയില്‍ പാര്‍ട്ടി എത്തിയതില്‍ പരിശോധന വേണം. താഴെ തട്ടില്‍ അല്ല മുകളില്‍ തന്നെ തിരുത്തല്‍ വേണമെന്നും സി കെ പി പത്മനാഭന്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഇഎംഎസും മന്ത്രിമാരും ശമ്പളം പകുതിയാക്കിയതുപോലുള്ള മാതൃകകളാണ് ജനം പ്രതീക്ഷിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ എന്താണോ ഇല്ലാതാക്കാന്‍ ശ്രമിച്ചത്, അത് വളര്‍ന്നു. ടിപിയെക്കാള്‍ വലിയ പ്രസ്ഥാനമായി . ആര്‍എംപിയുടെ വളര്‍ച്ചയെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.