തിരുവനന്തപുരം: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ തമ്മിലടിക്ക് വഴിവെക്കുന്ന വിധത്തിലാണ് നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി അധ്യക്ഷനെ അനാരോഗ്യത്തിന്റെയും പ്രായത്തിന്റെയും പേരു പറഞ്ഞ് മാറ്റാന്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തേക്ക് വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് നേതൃത്വം ആര്‍ക്കെന്ന തര്‍ക്കം ഭാവിയില്‍ ഉടലെടുക്കുമെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാന്‍ നിഴല്‍യുദ്ധവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നത്. ഇതിന് പിന്നില്‍ പാലക്കാട്ടെ വിജയത്തില്‍ അമിത ആത്മവിശ്വാസത്തിലായ യുവനേതാക്കളുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് പകരം രൂപം കൊണ്ട പുതുചേരിയാണ് നേതൃമാറ്റത്തിന് വേണ്ടി വാദിച്ചത്. അത്തരം വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മൗനം പാലിക്കുകയാണ് ചെയ്തത്.

അത്തരം ചര്‍ച്ചകള്‍ ഇല്ലെന്ന് പറഞ്ഞ് കൂടുതല്‍ വിഷയത്തിലേക്ക് നീങ്ങാതിരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തില്ല. ഇതോടെ സതീശനും മൗനസമ്മതമെന്ന വിധത്തില്‍ വ്യാഖ്യാനങ്ങളുണ്ടായി. എന്നാല്‍, ഇതോടെ സംഭവിച്ചത് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തരായവരുടെ നേതൃത്വത്തില്‍ വി ഡി സതീശന്‍ വിരുദ്ധചേരി ശക്തിപ്രാപിക്കുകയാണ്. ഇത് ഫലത്തില്‍ പ്രതിപക്ഷ നേതാവിന് ക്ഷീണമായി മാറി. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനുള്ള ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നു കോണ്‍ഗ്രസ് ദേശീയനേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനമൊഴിയാന്‍ സുധാകരനോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി നിഷേധിച്ചു. ജയിച്ചുകിട്ടിയാലുടന്‍ തല്ലുതുടങ്ങുന്ന ശീലം വേണ്ടെന്നാണു ഹൈക്കമാന്‍ഡ് നിലപാട്.

ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് അകറ്റിനിര്‍ത്തിയെന്ന പരാതി പരസ്യപ്പെടുത്തി ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യാണ് പരസ്യമായി വിവാദത്തിന് തിരികൊളുത്തിയത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ പഴിക്കേണ്ടെന്ന് കൂടി കൂട്ടിച്ചേര്‍ത്തതോടെ കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നു. ഇതോടെ രണ്ട് ചേരി രൂപം കൊള്ളുന്നു എന്ന് അണികള്‍ക്കും തോന്നിത്തുടങ്ങി.

ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നു. പിന്നാലെ കെ. മുരളീധരനും സുധാകരനെ പിന്തുണച്ച് രംഗത്തുവന്നു. നേതൃത്വമാറ്റമുണ്ടെങ്കില്‍ സുധാകരന്‍ മാത്രമായി മാറേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. വിജയിച്ച ഘട്ടത്തില്‍ സുധാകരന്‍ മാറുന്നെങ്കില്‍ പ്രതിപക്ഷ നേതാവും മാറട്ടെ എന്നതാണ് ചെന്നിത്തലയും തരൂരും മുരളീധരനും അടക്കമള്ളവരുടെ അഭിപ്രായം. അതേസമയം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്ന ഷാഫി പറമ്പില്‍ ഉള്‍പ്പെടുന്ന പുതുനിരയുമായി ചാണ്ടി ഉമ്മനുള്ള അകല്‍ച്ചയുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളും. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമി താനാണെന്ന് സ്ഥാപിക്കാനാണ് ചാണ്ടി ഉമ്മന്‍രംഗത്തുവന്നത്.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടനയും അനൗപചാരിക ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. സംഘടനാ ദൗര്‍ബല്യം പരിഹരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന പ്രഖ്യാപനം പുനഃസംഘടനാനീക്കം ബലപ്പെടുത്തി. അനാരോഗ്യംമൂലം കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാന്‍ ഇടയ്ക്ക് നീക്കം നടന്നതിനാല്‍ ചര്‍ച്ച പോയത് ആ ദിശയില്‍. എന്നാല്‍ താന്‍ മാറുന്നില്ലെന്ന് പ്രഖ്യാപിച്ച സുധാകരന്‍, വേണമെങ്കില്‍ പുനഃസംഘടന പത്തുമിനിറ്റ് കൊണ്ട് നടത്താമെന്നും വ്യക്തമാക്കി. സുധാകരന്റെ നിലപാട് വ്യക്തമാണ്. മറിച്ച് അപമാനിച്ച് ഇറക്കി വിടാനാണ് ഭാവമെങ്കില്‍ സുധാകരന്‍ എങ്ങനെ പെരുമാറുമെന്ന് ഭയവും നേതൃത്വത്തിനുണ്ട്.

ലോക്സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ചഘട്ടത്തില്‍ കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം താത്പര്യപ്പെടുന്നു. എന്നാല്‍ പ്രതിപക്ഷനേതാവാണ് എല്ലാറ്റിനും ചുക്കാന്‍ പിടിച്ചതെന്നും അദ്ദേഹത്തോട് ഒരുമയോടെ മുന്നോട്ടുപോകുന്ന ഒരാള്‍ പ്രസിഡന്റ് സ്ഥാനത്ത് വരണമെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഇത് സതീശന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയികകാനുള്ള അവസരം നല്‍കലാകും. ആ ഒറ്റയ്ക്ക് വഴിവെട്ടല്‍ വേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വമാണെന്നും അവര്‍ സൂചിപ്പിക്കുന്നു.

കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍ എന്നിവരുടെ മാറ്റവും പുനസംഘടനക്കൊപ്പം നടക്കേണ്ടതാണ്. കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് വ്യക്തത വരുത്തേണ്ടതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാറ്റാനാണ് തീരുമാനമെങ്കില്‍ അതുടനെ വേണം. തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് വിഭാഗീയത കനപ്പിക്കും. പ്രസിഡന്റിനെ മാറ്റുന്നില്ലെങ്കില്‍ അക്കാര്യം വൃക്തമാക്കി ആ വഴിക്കുള്ള ചര്‍ച്ച ഒഴിവാക്കണം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ സംസ്ഥാനനേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

സുധാകരന് പകരം ആളെ കണ്ടെത്തുക എന്നതും കോണ്‍ഗ്രസിന് എളുപ്പമുള്‌ല കാര്യമല്ല. അതുകൊണ്ട് കെ സുധാകരനെ ഇപ്പോള്‍ മാറ്റേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. സുധാകരനെ മാറ്റേണ്ടതില്ലെന്നു വാദിക്കുന്നവര്‍ പരസ്യമായി അതു വ്യക്തമാക്കുന്നു. മാറ്റണമെന്നുള്ളവര്‍ രഹസ്യമായി ചില നീക്കങ്ങള്‍ നടത്തുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പുതിയ ടീം കെപിസിസിയില്‍ വേണമെന്നാണു ചിലരുടെ വാദം. ഇക്കാര്യം പക്ഷേ, പാര്‍ട്ടിക്കുള്ളില്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ആരും തയാറായിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ ഏത് ഇടപെടലും തന്റെ നിര്‍ദേശപ്രകാരമാണെന്ന വ്യാഖ്യാനം വരുമെന്നതിനാല്‍ ആരെയും ചൊടിപ്പിക്കാതിരിക്കാനുള്ള കരുതലിലാണ് കെ.സി.വേണുഗോപാല്‍.

സുധാകരനെ മാറ്റാന്‍ തീരുമാനമോ ചര്‍ച്ചയോ നേതൃതലത്തില്‍ ഇല്ലെങ്കിലും പകരക്കാരെന്ന മട്ടില്‍ പല പേരുകളും വാര്‍ത്തകളില്‍ വന്നു. പാര്‍ട്ടിക്ക് ഊര്‍ജം പകരുന്ന, ഗ്രൂപ്പില്ലാത്ത യുവതലമുറയെ കെപിസിസിയുടെ നേതൃനിരയിലേക്കു കൊണ്ടുവരണമെന്ന ആലോചനയുണ്ടായരുന്നു. എന്നാല്‍ യുവാക്കള്‍ക്ക് ആവേശം പകരാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലെതന്നെ കഴിയുന്നയാളാണ് കെ.സുധാകരനെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അണികളുടെ ബലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കരുത്തനാണ് ഇപ്പോഴും സുധാകരന്‍. അതേസമയം ഹൈക്കമാന്‍ഡ് സ്വതന്ത്രമനസോടെ തീരുമാനമെടുക്കട്ടെയെന്ന അഭിപ്രായത്തിലാണ് വി.ഡി. സതീശന്‍. അതേസമയം തന്നെ എതിര്‍ക്കുന്ന ഒരു ചേരി രൂപപ്പെടുന്നുവെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ട്.