- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കും; വിജയരാഘവന്‍ പൂര്‍ണ്ണ പിന്തുണയുമായി ഗോവിന്ദന്‍; ദേശീയ നേതൃത്വം എന്തു വിചാരിച്ചാലും കോണ്‍ഗ്രസിനെ കൂടുതല്‍ കടന്നാക്രമിക്കും; കേരളത്തില്‍ ഹാട്രിക്കിന് സിപിഎം ലൈന്‍ മാറ്റത്തിന്
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ അത് മുസ്ലിം സമുദായത്തിനെതിരായ വിമര്‍ശനമല്ലെന്നും എ. വിജയരാഘവന്റെ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണ്. പരാമര്‍ശത്തിനൊപ്പം പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിനെ വരും ദിനങ്ങളില്‍ കടന്നാക്രമിക്കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്. മുസ്ലീം ലീഗിനേതിരേയും കടന്നാക്രമണമുണ്ടാകും. ഈ സംസ്ഥാന സമ്മേളനത്തോടെ സിപിഎം പാര്‍ട്ടി ലൈനില്‍ മാറ്റം വരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തിയാണ് സിപിഎം ഭരണ തുടര്‍ച്ച ഉറപ്പിച്ചത്. അതിന് വിരുദ്ധമായ പാര്‍ട്ടി ലൈനിലൂടെ ഭരണത്തില്‍ ഹാട്രിക്കില്‍ എത്താമെന്നാണ് സിപിഎം പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് എല്ലാ അര്‍ത്ഥത്തിലും വിജയരാഘവനെ സിപിഎം നേതൃത്വം കടന്നാക്രമിക്കുന്നത്.
''ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്‍ക്കെതിരല്ല. ആര്‍.എസ്.എസ് വിമര്‍ശനം ഹിന്ദുക്കള്‍ക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ശക്തിയായി വരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിം വര്‍ഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്ലാമിയും ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐയും നില്‍ക്കുന്നു. ജമാഅത്തിന്റെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഇവര്‍ സഖ്യക്ഷികളായാണു പ്രവര്‍ത്തിച്ചത്. ഇതു ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും'' -എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത് മുസ്ലിം വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്നായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശം. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയിലാണ് സിപിഎമ്മും കോണ്‍ഗ്രസും. അതുകൊണ്ട് തന്നെ രാഹുലിനേയും പ്രിയങ്കയേയും സിപിഎം ദേശീയ നേതൃത്വം കടന്നാക്രമിക്കാറില്ല. എന്നാല്‍ കേരളത്തിലെ നേതൃത്വം അതിന് വിരുദ്ധമായി മുമ്പോട്ട് പോകും. കടുത്ത കോണ്‍ഗ്രസ് വിരുദ്ധത ചര്‍ച്ചയാക്കും. എങ്കില്‍ മാത്രമേ ഹാട്രിക് ഭരണം സാധ്യമാകൂവെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്.
ഹിന്ദു വര്‍ഗീയവാദത്തിന്റെ സുപ്രധാന കരുത്തായ ആര്‍.എസ്.എസ്. പോലെ മുസ്ലിം വര്‍ഗിയവാദത്തിന്റെ ഏറ്റവും പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്ലാമിയും, ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായ എസ്.ഡി.പി.ഐയും നില്‍ക്കുകയാണ്. ഇവരുടെ സഖ്യകക്ഷിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെപോലെയാണ് യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും പ്രവര്‍ത്തിച്ചതെന്നും വിജയരാഘവന്‍ പറയുന്നു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വൈകാതെ തന്നെ കോണ്‍ഗ്രസിന് ലഭിക്കും. ഇത് ലീഗിനെയും ബാധിക്കും. വര്‍ഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നാണ് പറയുന്നത്. എന്നാല്‍, ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യു.ഡി.എഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നത് എന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി നല്‍കുന്നത്.
നേരത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് രഗത്തുവന്നിരുന്നു. പാര്‍ട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേരളത്തില്‍ ഒരു തരത്തിലുള്ള വര്‍ഗീയവാദവും അനുവദിക്കില്ലെന്നും ശ്രീമതി പറഞ്ഞു.
വിജയരാഘവന്‍ പറഞ്ഞത്
''വയനാട്ടില്‍ നിന്ന് രണ്ടുപേര്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവിടെനിന്ന് ഡല്‍ഹിക്കെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോള്‍ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങള്‍, തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?-ഇതാണ് ശ്രീമതി ചോദിക്കുന്നത്.
കേരളസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാന്‍ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവര്‍ക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തിയതും കേരളത്തില്‍ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവന്‍ ആരോപിച്ചു.
ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തില്‍ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവര്‍ത്തിക്കുന്ന, സങ്കീര്‍ണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയില്‍ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമര്‍ശങ്ങള്‍.