ആലപ്പുഴ : അലപ്പുഴയില്‍ വീണ്ടും 'പിണറായി' വിജയം. പാര്‍ട്ടി സെക്രട്ടറിയായ ശേഷം ജി സുധാകരനെ കൂടെ കൂട്ടി വിഎസ് അച്യുതാനന്ദനെ ജില്ലയില്‍ അപ്രസ്‌കനാക്കി പിണറായി. അതിന് ശേഷം ജി സുധാകരനിലൂടെ പിണറായി സര്‍വ്വാധിപത്യം നിലനിര്‍ത്തി. സുധാകരനെ വെട്ടിനിരത്തി വീട്ടിലിരുത്തിയ ശേഷമുളള ആലപ്പഴ സമ്മേളനത്തില്‍ തനിക്കെതിരെ വിമര്‍ശനമേ ഉയരരുതെന്ന് പിണറായി വിജയന് കണക്കൂ കൂട്ടിയിരുന്നു. പോലീസിനെതിരെ ചില പരാമര്‍ശം ഉയര്‍ന്നുവെങ്കിലും മൊത്തത്തില്‍ തന്നെ ആലപ്പുഴ കൈവിടുന്നില്ലെന്ന് തിരിച്ചറിയുകയാണ് മുഖ്യമന്ത്രി പിണറായിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ വമ്പന്‍ തോല്‍വിയാണ് സിപിഎമ്മിനുണ്ടായത്. സിറ്റിംഗ് എംപിയായി എഎം ആരിഫ് അടപടലം തോറ്റു. ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന്‍ കായംകുളത്തും ഹരിപ്പാട്ടും മുന്നേറ്റമുണ്ടാക്കി. ഇതിനൊപ്പം ജി സുധാകരന്‍ ഫാക്ടറുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പിണറായി വിജയന്‍ നേരിട്ട് ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനത്തെ നിയന്ത്രിച്ചത്.

അമ്പലപ്പുഴയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വിമതന്‍ മത്സരിക്കാന്‍ എത്തുമെന്ന സൂചനകള്‍ പിണറായിയ്ക്ക് കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസുമായി സിപിഎമ്മിലെ പ്രധാന നേതാവ് നടത്തുന്ന ചര്‍ച്ചകളെ ഗൗരവത്തില്‍ തന്നെ പിണറായി എടുത്തിട്ടുണ്ട്. ഇത് മനസ്സില്‍ വച്ചാണ് ആലപ്പുഴയില്‍ വോട്ടുയര്‍ത്താന്‍ എല്ലാ സമുദായവുമായി അടുക്കാനുള്ള പിണറായിയുടെ നിര്‍ദ്ദേശം. മന്ത്രി സജി ചെറിയാനാണ് ജില്ലയില്‍ പാര്‍ട്ടിയുടെ പ്രധാന ചുമതല. ജില്ലാ സെക്രട്ടറി നാസറുമായി ചില പ്രശ്‌നങ്ങള്‍ സജി ചെറിയാനുണ്ട്. എങ്കിലും എതിരാളികള്‍ അതിശക്തരാണെന്നതിനാല്‍ ആലപ്പുഴയില്‍ സമവായം മതിയെന്ന തീരുമാനം പിണറായി എടുത്തു. നാസറിനെ ജില്ലാ സെക്രട്ടറിയാക്കി. കായംകുളത്തെ എംഎല്‍എ യു പ്രതിഭയെ ജില്ലാ കമ്മറ്റിയിലും എടുത്തു. കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിഭയെ ജില്ലാ കമ്മറ്റിയില്‍ എടുക്കാത്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനാണ് പരിഹാരമുണ്ടാക്കുന്നത്. രണ്ട് ടേം പൂര്‍ത്തിയായ പ്രതിഭയെ അടുത്ത തവണ കായംകുളത്ത് മത്സരിപ്പിക്കാന്‍ പോലും സാധ്യതയുണ്ട്. പാര്‍ട്ടിയിലെ ഭിന്നത മറ്റുള്ളവര്‍ പ്രയോജനപ്പെടുത്താതിരിക്കാനാണ് ഇതെല്ലാം.

സി.പി.എം. ജില്ലാ സമ്മേളനത്തിലുണ്ടായത് നല്ല ചര്‍ച്ചയാണെന്നും ഇത് ജില്ലയില്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു കഴിഞ്ഞു. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രി ഒരുമണിക്കൂറോളം സംസാരിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിജയകരമായി നടപ്പാക്കുമെന്നും പിണറായി വിജയന്‍ ഉറപ്പുനല്‍കി. :സമ്മേളനത്തില്‍ ആദ്യാവസാനം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു താരം. സമ്മേളനം ഉദ്ഘാടനംചെയ്ത് വെള്ളിയാഴ്ച രാവിലെ രണ്ടുമണിക്കൂറോളം പ്രസംഗിച്ച അദ്ദേഹം, പിന്നീട് അരമണിക്കൂറോളം പ്രതിനിധികളോടു സംസാരിച്ചു. ശനിയാഴ്ച രാവിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും വൈകുന്നേരം വീണ്ടും രണ്ടുമണിക്കൂറിലധികം സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ വലിയ വിമര്‍ശനമുണ്ടായില്ലെന്ന് ഉറപ്പാക്കാന്‍ ഈ നീക്കത്തിലൂടെ കഴിഞ്ഞെന്നു വ്യക്തമാണ്. എസ് എന്‍ ഡി പി വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സന്ദേശമാണ് പിണറായി നല്‍കുന്നത്.

ലോക്‌സഭയിലെ വോട്ടു ചോര്‍ച്ചയില്‍ തുടര്‍ നടപടിക്ക് നിര്‍ദേശിക്കുകയും ചെയ്തു പിണറായി. നഷ്ടപ്പെട്ടവോട്ടുകള്‍ തിരികെയെത്തിക്കണമെന്ന് പിണറായി നിര്‍ദ്ദേശിച്ചു. വോട്ടു ചോര്‍ച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ പ്രത്യേകം യോഗങ്ങള്‍ ചേരും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാകും യോഗങ്ങള്‍ ചേരുക. അമ്പലപ്പുഴയില്‍ അടുത്ത തവണ ജയിച്ചേ മതിയാകൂവെന്നതാണ് പിണറായിയുടെ നിലപാട്. ആലപ്പുഴയില്‍ എസ് എന്‍ ഡിപിയും മറ്റു സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നഷ്ടപ്പെട്ട വോട്ട് തിരികെ കൊണ്ടുവരണം. അകന്ന ജനവിഭാഗങ്ങള്‍, സംഘടനകള്‍ എന്നിവരുമായി നിരന്തര ബന്ധം വേണം. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണം. വോട്ടു നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്തി തിരുത്തണം. ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍ എന്നിവരുടെ ഇടയിലുള്ള പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കണം തുടങ്ങി നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചു. കുട്ടനാട്ടില്‍ എന്‍സിപി എംഎല്‍എയായ തോമസ് കെ തോമസിനോട് പിണറായിയ്ക്ക് വലിയ താല്‍പ്പര്യമില്ല. എന്നിട്ടും തോമസ് കെ തോമസിനെ പോലും വിമര്‍ശിക്കാന്‍ ആരേയും പിണറായി സമ്മതിച്ചില്ല.

കുട്ടനാട് എംഎല്‍എയ്ക്ക് എതിരായ ഒരു പ്രതിനിധിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ തിരുത്തല്‍ ഉണ്ടായി. വ്യക്തി പരമായ അധിക്ഷേപങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാടിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. രണ്ടാം കുട്ടനാട് പാക്കേജില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും. കുട്ടനാട്ടിലെ പദ്ധതി നടത്തിപ്പിന് മേല്‍നോട്ട സമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയ്ക്കും എന്‍സിപിക്കും എതിരായ വിമര്‍ശനങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ക്ക് കുറവുകളുണ്ടാകും പക്ഷേ സ്വന്തമെന്ന പോലെ ചേര്‍ത്തു നിര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ ആഗ്രഹമുണ്ടാകും. എപ്പോഴും അതിന് കഴിയില്ല. നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥി എന്ന പോലെ കരുതി പ്രവര്‍ത്തിക്കണം.ഒറ്റ മുന്നണി എന്ന ചിന്ത വേണമെന്നും പിണറായി പറഞ്ഞു. അപ്പോഴും കുട്ടനാട്ടില്‍ എന്‍സിപിയില്‍ നിന്നും സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന സൂചനകളുമുണ്ട്. ജു സുധാകരന്റെ ഓരോ നീക്കവും പ്രത്യേകം സിപിഎം നിരീക്ഷിക്കും എന്നും സൂചനകളുണ്ട്.

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി യു പ്രതിഭ എംഎല്‍എയെയും മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനെയും ഉള്‍പ്പെടുത്തി. യു പ്രതിഭ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവില്‍ ജില്ലാ കമ്മിറ്റിയിലുള്ള അഞ്ചു പേരെ ഒഴിവാക്കി. രാവിലെയാണ് ജില്ലാ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തന്നെ തുടരും. ആലപ്പുഴ ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയാണ് ആര്‍ നാസര്‍ തരഞ്ഞെടുക്കപ്പെടുന്നത്. യു പ്രതിഭ എംഎല്‍എ, മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രനും മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥും അടക്കം അഞ്ചുപേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. എം.സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, എന്‍.ശിവദാസന്‍, പി.അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍ എന്നീ അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

ശിവദാസനെതിരെ സാമ്പത്തിക ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എം.സുരേന്ദ്രന്‍, ജി. വേണുഗോപാല്‍ എന്നിവര്‍ പ്രായപരിധി കടന്നതിനെതുടര്‍ന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഒഴിവാക്കിയത്. 46 അംഗ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗകമ്മിറ്റിയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവന്‍ സമയവും സമ്മേളനത്തില്‍ ഉണ്ടായിരുന്നതിനാല്‍ കാര്യമായ വിമര്‍ശനങ്ങള്‍ പ്രതിനിധികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. ഇപി ജയരാജന്‍ ജാവദേക്കര്‍ കൂടിക്കാഴ്ച, കുട്ടനാട് സീറ്റ്, വോട്ട് ചോര്‍ച്ച, സിപിഐയ്ക്കും എന്‍സിപിക്കും എതിരായ വിമര്‍ശനങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും ചര്‍ച്ചയില്‍ ഉയര്‍ന്ന വിഷയങ്ങള്‍.