ന്യൂഡല്‍ഹി: പ്രായപരിധി മാനദണ്ഡത്തെ തുടര്‍ന്നു പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരെ മറ്റ് പാര്‍ട്ടികള്‍ റാഞ്ചുമെന്ന ഭയത്തില്‍ സിപിഎം. ജനകീയരായ നേതാക്കളെ മറ്റു പാര്‍ട്ടികള്‍ നോട്ടമിടുന്നുവെന്ന് വ്യക്തമാണ്. ഇങ്ങനെ നേതാക്കള്‍ സിപിഎം വിട്ടു പോയാല്‍ തുടര്‍ഭരണം പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് വിരമക്കുന്നവരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നതു സംബന്ധിച്ച രൂപരേഖ സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) തയാറാക്കുന്നത്. കഴിഞ്ഞ തവണ സിപിഎമ്മില്‍ നിന്നും വിരമിച്ച ജി സുധാകരനെ പാര്‍ട്ടി പിന്നീട് പരിഗണിച്ചതു പോലുമില്ല. സുധാകരന്‍ കോണ്‍ഗ്രസ് വേദിയിലുമെത്തുന്നു. ഇതെല്ലാം ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്ന ്‌സിപിഎം വിലയിരുത്തുന്നു. അതുകൊണ്ടാണ് പുതിയ നീക്കം.

വിരമിച്ചവരുടെ തുടര്‍ പ്രവര്‍ത്തനം ഉറപ്പുവരുത്തും. ഇന്നലെ ആരംഭിച്ച പിബി യോഗത്തില്‍ ഇതിന്റെ കരടുരൂപം ചര്‍ച്ച ചെയ്‌തെന്നാണു വിവരം. ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് അന്തിമമാക്കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ വിവിധ കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരെ തുടര്‍ന്നും പ്രയോജനപ്പെടുത്തണമെന്ന നിലപാട് പാര്‍ട്ടിക്കുള്ളിലുണ്ട്. ഇത് എങ്ങനെയാവണമെന്നതിലാണു ചര്‍ച്ച. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്റെ കരടുരൂപമാണ് പിബി ചര്‍ച്ച ചെയ്യുന്നത്. പിബി ഇന്നും തുടരും. 19നു കേന്ദ്ര കമ്മിറ്റി യോഗവും നടക്കും. ഇതോടെ കാര്യങ്ങളില്‍ വ്യക്തത വരും. ഈ നയരേഖയിലും കേരളം മുമ്പോട്ട് വയ്ക്കുന്ന നിലപാടുകളാകും നിര്‍ണ്ണായകമായി മാറുക.

സുധാകരനെ പോലുള്ള നേതാവ് അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം വിമതനായി മത്സരിക്കാനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്. പത്തനംതിട്ടയിലെ എ പത്മകുമാര്‍ ഉയര്‍ത്തിയ ഭീഷണിയും തനിക്ക് മുന്നില്‍ ഏറെ വഴികളുണ്ടെന്ന സന്ദേശം നല്‍കിയാണ്. സിപിഎമ്മുമായി അകലുന്നവരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. ബിജെപിയും നേതാക്കള്‍ക്ക് വേണ്ടി വലവിരിക്കും. ഇതെല്ലാം സിപിഎം തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കളെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടു പോകും. സുധാകരനെ കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിപ്പിക്കാന്‍ സിപിഎം ചടരു വലികള്‍ നടത്തുന്നതായും സൂചനയുണ്ട്. കണ്ണൂരിലെ പി ജയരാജനെ സ്വാധീനിക്കാനും ചിലര്‍ സജീവമാണ്. അതായത് നേതാക്കളെ മറ്റ് പാര്‍ട്ടികള്‍ റാഞ്ചുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.

പ്രായപരിധിയില്‍ ബാധകമാകുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. പ്രായപരിധി കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ നടപ്പിലായതാണെന്ന് കാരാട്ട് പറഞ്ഞിരുന്നു. അതേസമയം, രാഷ്ട്രീയപ്രവര്‍ത്തനത്തിന് പ്രായമില്ലെന്നും പ്രായപരിധിയുടെ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു.പുതിയ നയരേഖ നടപ്പിലാക്കികൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ നിന്നും പല മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കിയിരുന്നു. ഇവരെ പാര്‍ട്ടിയില്‍ ചേര്‍ത്തു നിര്‍ത്താനാണ് സിപിഎം നീക്കം.

പാര്‍ട്ടി ഘടകങ്ങളില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെങ്കിലും പിണറായി വിജയന്‍ ഇത്തവണയും ഇളവുണ്ടാകും. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നല്‍കിയാണ് പിണറായിക്ക് പാര്‍ട്ടി ഇളവ് നല്‍കുന്നത്. പിണറായി മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയില്‍ തുടരും. എന്നാല്‍ പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടുമെല്ലാം മാറും. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടന പദവികളില്‍ തുടരാനുള്ള പ്രായപരിധി 80 നിന്ന് 75 ആക്കി കുറച്ചത്. ഇളവുകളുടെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി ഉള്ളതുകൊണ്ട് പിണറായി വിജയന് പ്രായപരിധിയില്‍ കേന്ദ്ര കമ്മറ്റിയിലും ഇളവുണ്ടാകും. പിണറായി വിജയന്‍ ഇത്തവണയും സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും തുടരുമെന്ന് കൊല്ലം സമ്മേളനത്തിലൂടെ വ്യക്തമായി.

പോളിറ്റ് ബ്യൂറോയില്‍ തുടരണമോ എന്ന കാര്യത്തില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം തെറിച്ച ഇപി ജയരാജന്‍ കേന്ദ്ര കമ്മിറ്റികളില്‍ തുടരുമോ എന്നത് പ്രധാനാകാംക്ഷയാണ്. ഈ മേയില്‍ മാത്രമേ ഇ പി ജയരാജന് 75 വയസ്സ് തികയൂ. അതായത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ 74 ആയിരിക്കും ഇപിയുടെ പ്രായം. അങ്ങനെ ഇളവ് നല്‍കാന്‍ തീരുമാനിച്ചാല്‍ മൂന്നുവര്‍ഷം കൂടി കേന്ദ്രകമ്മിറ്റി അടക്കമുള്ള പാര്‍ട്ടി ഘടകകങ്ങളില്‍ ഇ പി ജയരാജന് തുടരാന്‍ കഴിയും.

എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് ജൂണിലാണ് 75 തികയുന്നത്. അതുകൊണ്ട് ടി.പി ക്കും ഇളവ് നല്‍കാനുള്ള സാധ്യതയുണ്ട്. പക്ഷേ ഇതിനെ ഇളവായി ആരും കരുതുന്നില്ല. സമ്മേളനം നടക്കുമ്പോള്‍ 75 പൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് പുറത്തേക്ക് പോകേണ്ടി വരിക.