തിരുവനന്തപുരം: പി ശശിയ്‌ക്കെതിരായ പരാതി പിവി അന്‍വര്‍ നല്‍കിയതോടെ സിപിഎമ്മില്‍ എംവി ഗോവിന്ദന്‍ കൂടുതല്‍ കരുത്തനാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണ വിരുദ്ധത കാരണമായെന്ന വിലയിരുത്തല്‍ സിപിഎമ്മില്‍ സജീവമാണ്. അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പികെ ശശിയെ വെറും പാര്‍ട്ടി അംഗമാക്കിയ ഗോവിന്ദന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയേയും പുറത്താക്കാനുള്ള നീക്കത്തിലാണ്. അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ശശിയേയും എഡിജിപി അജിത് കുമാറിനേയും മാറ്റണമെന്നും എംവി ഗോവന്ദന്‍ അടുത്ത സിപിഎം സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ത്തും. ഇതിന് എത്രത്തോളം പിന്തുണ സിപിഎമ്മില്‍ കിട്ടുമെന്നതാണ് നിര്‍ണ്ണായകം.

സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാശം ശക്തമാണ്. അന്‍വറിന്റെ വിമര്‍ശനങ്ങളോട് ശശിയെ കൊണ്ടൊന്നും കഴിയുന്നില്ലെന്നും അന്‍വര്‍ പറയട്ടേ എന്നുമാണ് മുതിര്‍ന്ന സിപിഎം നേതാവ് മറുനാടനോട് പ്രതികരിച്ചത്. പിണറായിയ്‌ക്കെതിരേയും പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കുമെതിരെ പാര്‍ട്ടിയിലുള്ള വികാരത്തിന് തെളിവാണ് ഇത്. എംഎ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് പിണറായിയ്ക്കും ഗോവിന്ദനും പുറമേ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍. അതുകൊണ്ട് തന്നെ ഈ വിവാദത്തില്‍ ബേബിയും വിജയരാഘവനും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

ഈ രണ്ടു പേരുടെ പിന്തുണയിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഇപി ജയരാജന്റെ ഇടതു കണ്‍വീനര്‍ സ്ഥാനം ഗോവിന്ദന്‍ തട്ടിത്തെറുപ്പിച്ചത്. അതായത് കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോയിലെ മൂന്ന് പേര്‍ ഒരുപക്ഷത്ത്. ഇത് തുടര്‍ന്നാല്‍ പിണറായി കടുത്ത പ്രതിസന്ധിയിലേക്ക് പോകും. അന്‍വറിന്റെ വിവാദം പാര്‍ട്ടി സമ്മേളനത്തിലേക്ക് കടന്നാല്‍ മുഖ്യമന്ത്രിയായുള്ള പിണറായി തുടര്‍ച്ച പോലും ചോദ്യം ചെയ്യപ്പെടും. പികെ ശശിക്കെതിരെ അതിവേഗ നടപടിയില്‍ ഗോവിന്ദന്‍ ആരംഭിച്ച തെറ്റു തിരുത്തല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന വിലയിരുത്തല്‍ സജീവമാണ്. പി ശശിയുടെ രാഷ്ട്രീയ ഭാവിയില്‍ ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമായി മാറും.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ പി.വി.അന്‍വറിന്റെ പരാതി സിപിഎം അന്വേഷിക്കുന്നത് ഈ സാഹചര്യത്തിാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പരാതി ചര്‍ച്ച ചെയ്യും. അന്‍വറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നാണ് നേതൃതലത്തിലുള്ള ധാരണ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.ശശിയാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ ഇവരില്‍നിന്ന് ഉണ്ടാകുന്നു. ഇത് തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ടാണ് അന്‍വര്‍ എം.വി.ഗോവിന്ദന് പരാതി നല്‍കിയത്.

തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കൈമാറിയത്. പരാതി പാര്‍ട്ടി സംഘടനാപരമായി പരിശോധിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ തെളിവുകളൊന്നും നല്‍കിയിട്ടുമില്ല. താന്‍ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂവെന്ന് അന്‍വര്‍ പ്രതികരിച്ചിട്ടുണ്ട്. പരാതികളില്‍ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത് കുമാര്‍ ചുമതലയില്‍ തുടരുമ്പോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപിക്ക് വിധേയപ്പെട്ട് അന്വേഷണം നടത്തിയാല്‍ മറുപടി പറയേണ്ടി വരും. ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം വേണം. പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയില്‍ അല്ല. പാര്‍ട്ടിയാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയത്. സൂചനാ തെളിവുകളാണ് താന്‍ പുറത്തുവിട്ടത്. ഇനി അന്വേഷിക്കേണ്ടത് പോലീസാണ്. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു. എം.വി.ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം താന്‍ മറുപടി നല്‍കി. അന്തസുള്ള പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണിത്. സര്‍ക്കാര്‍ ഭയപ്പെട്ടിട്ടാണ് നടപടിയെടുക്കാത്തതെന്ന് വിശ്വസിക്കുന്നില്ല. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിക്ക് എതിരെയുള്ള വിപ്ലവമാണ് ഇത്. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. അതിന് ഉത്തരവാദി മുഖ്യമന്ത്രി അല്ല.

ലക്ഷക്കണക്കിന് പാര്‍ട്ടിക്കാര്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് താന്‍ പറഞ്ഞത്. ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തള്ളിക്കളയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. പോലീസിലെ ലോബിക്കെതിരായ വിപ്ലവമായി ഇത് മാറുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട ശേഷം അന്‍വര്‍ എലിയായി മാറിയെന്ന വിമര്‍ശനത്തിനും എംഎല്‍എ മറുപടി പറഞ്ഞു. എലി അത്ര മോശം ജീവിയല്ല, അത് വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കും. എലിയായോ പൂച്ചയായോ താന്‍ പൊതുമധ്യത്തില്‍ ഉണ്ടാകുമെന്നും അന്‍വര്‍ പ്രതികരിച്ചു.