തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയറുണ്ടാകും. ഇക്കാര്യം ഉറപ്പിക്കുന്നതാണ് തലസ്ഥാനത്തെ ബിജെപിയുടെ മിന്നും വിജയം. രാജീവ് ചന്ദ്രശേഖര്‍ എന്ന പുതിയ അധ്യക്ഷനെ നിയമിച്ചു കൊണ്ട് ബിജെപി വികസനം മുദ്രാവാക്യമാക്കിയാണ് മുന്നോട്ടു പോയത്. പരമ്പരാഗത ബിജെപി ശൈലയില്‍ നിന്നും മാറിയുള്ള പ്രചരണ തന്ത്രങ്ങളായിരുന്നു ഇത്തവണത്തേത്. ക്രൈസ്തവ വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തി കൊണ്ടായിരുന്നു ബിജെപിയുടെ തന്ത്രം.

ബിജെപി മുന്നോട്ടു വെച്ച വികസിത കേരളം എന്ന മുദ്രാവാക്യം ജനം സ്വീകരിച്ചുവെന്നതിന് തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. പത്തുകൊല്ലം ഭരിച്ച എല്‍ഡിഎഫിന്റെ പരാജയമാണ് ഫലം സൂചിപ്പിക്കുന്നത്. അവരുടെ അഴിമതി, ശബരിമലയില്‍ ചെയ്ത ദ്രോഹം തുടങ്ങിയവയ്ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണിതെന്നാണ് ബിജെപിയുടെ കോര്‍പ്പറേഷന്‍ വിജയത്തിലെ പ്രതികരണം.

എല്‍ഡിഎഫിന്റെ കാലം കഴിഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ വികസിത കേരളം മുദ്രാവാക്യം മുന്നോട്ടു വെച്ചു പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന് ലഭിച്ച ഈ താല്‍ക്കാലിക നേട്ടം മറികടക്കാനാകും. പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എന്‍ഡിഎയുടെ വിജയം. അതിന് എല്ലാ പ്രവര്‍ത്തകരോടും, ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വമ്പന്‍ വാഗ്ദാനങ്ങളാണ് ബിജെപി തിരുവനന്തപുരത്തെ ജനതക്കായി നല്‍കിയത്. 2036-ലെ ഒളിമ്പിക്സിന്റെ ഒരു വേദി തിരുവനന്തപുരമാക്കും എന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ ഉല്‍പ്പെട്ടിരുന്നു. 'നമുക്ക് വേണം വികസിത തിരുവനന്തപുരം', 'മാറാത്തത് ഇനി മാറും' എന്നതായിരുന്നു എന്‍ഡിഎ ഉയര്‍ത്തിയ മുദ്രാവാക്യം. അധികാരത്തില്‍ കയറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കുമെന്നും വാഗ്ദാനമുണ്ട്. 2030-ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കി.

കേന്ദ്രപദ്ധതികള്‍ എല്ലാ വീടുകളിലും എത്തിക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിരഹിത ഭരണം ഉറപ്പാക്കും, ഓഫീസുകള്‍ കയറിയിറങ്ങാതെ ഭരണം വീട്ടുപടിക്കല്‍ എത്തിക്കും, എല്ലാ വര്‍ഷവും വികസന പ്രോഗ്രസ് കാര്‍ഡ്, വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ പദ്ധതികള്‍, കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കോര്‍പ്പറേഷനില്‍ വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീട്, ജനങ്ങളും കോര്‍പ്പറേഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ 100 ശതമാനം ഓണ്‍ലൈനാക്കും, ഗംഗ ശുദ്ധീകരണ മിഷന്‍ മാതൃകയില്‍ ആമയിഴഞ്ഞാന്‍, പാര്‍വതി പുത്തനാര്‍ പോലുള്ള ജലാശയങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കും, മാലിന്യപ്രശ്നം പരിഹരിക്കും, പദ്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട്, ആറ്റുകാല്‍ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി എന്നിവയും എന്‍ഡിഎയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തി.

ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ തലസ്ഥാനത്തിന്റെ മനസ്സറിഞ്ഞ സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയതും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ കളത്തില്‍ ഇറക്കിയതു വഴി ഉപരിവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ ഉറപ്പിച്ചു. ഈ തന്ത്രം അടക്കം വിജയം കണ്ടുവെന്നാണ് ബിജെപിയുടെ വിജയത്തില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

30 വര്‍ഷത്തോളം തുടര്‍ച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തില്‍ ഭരണസിരാകേന്ദ്രത്തിലും എല്‍ഡിഎഫിനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എല്‍ഡിഎഫിന്റെ പകുതിയോളം സീറ്റുകള്‍ ബിജെപിയും കോണ്‍ഗ്രസും പിടിച്ചെടുത്തു എന്നത് സിപിഎമമിനെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്.

2020ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കോര്‍പറേഷന്‍ ഭരണത്തിലേക്കാണ് ഇക്കുറി ബിജെപി കടന്നുകയറാന്‍ ഒരുങ്ങുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ എല്‍ഡിഎഫുമായി ഒപ്പത്തിനൊപ്പം പോരടിച്ചുനിന്ന എന്‍ഡിഎ പന്നീട് കുതിച്ചുകയറുകയായിരുന്നു. മുന്‍ ഡിജിപി ശ്രീലേഖയെയാണ് ബിജെപി മേയര്‍സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്. 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. 2020ല്‍ 10 സീറ്റിലേക്കു ചുരുങ്ങിപ്പോയ യുഡിഎഫും ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കെ.മുരളീധരന്‍ മുന്നില്‍നിന്നു നയിച്ച് കെ.എസ്.ശബരീനാഥിനെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ വരവ്.

അതേസമയം, 2010 ല്‍ 51 സീറ്റും 2015 ല്‍ 43 സീറ്റും 2020 ല്‍ 53 സീറ്റും നേടിയ എല്‍ഡിഎഫ് പകുതിയോളം സീറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞു. കെട്ടിടനികുതി തട്ടിപ്പ് ആരോപണം, ജോലി നിയമനത്തിനുള്ള കത്തു വിവാദം, മേയര്‍ ആര്യ രാജന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്ന പേരിലുണ്ടായ പ്രശ്‌നം തുടങ്ങി തുടര്‍ച്ചയായി ഉയര്‍ന്ന വിവാദങ്ങള്‍ ഇടതുഭരണസമിതിയുടെ ശോഭ കെടുത്തിയത് ഭരണസിരാകേന്ദ്രത്തില്‍ ജനവിധി എതിരാക്കുന്നതില്‍ നിര്‍ണായകമായെന്നു തന്നെ കരുതണം.

കേന്ദ്രഫണ്ട് വിനിയോഗത്തിലെ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ ക്യാംപെയ്ന്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും ഫലം സൂചിപ്പിക്കുന്നു. കോര്‍പറേഷന്‍ ഭരണ സമിതിക്കെതിരേ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനും മുഖ്യപ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ബിജെപിക്കു കരുത്തായി.

തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, ബിജെപി നേതാക്കളായ തിരുമല അനിലും ആനന്ദ് കെ. തമ്പിയും മരിച്ചത് സിപിഎം തിരഞ്ഞെടുപ്പു വിഷയമായി ഉയര്‍ത്തിയെങ്കിലും രാജീവ് ചന്ദ്രശേഖര്‍ തന്നെ നേരിട്ടു രംഗത്തിറങ്ങി പ്രശ്നപരിഹാരത്തിനു ശ്രമിച്ചിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന എം.എസ്.കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടു ചര്‍ച്ച നടത്തി. ആര്‍എസ്എസും ശക്തമായി രംഗത്തുണ്ടായിരുന്നു. ബിജെപിയും ആര്‍എസ്എസും ഏകോപിച്ചു മുന്നോട്ടു പോയതോടെയാണ് ബിജെപിക്ക് തലസ്ഥാനത്ത് വിജയം സാധ്യമായത്. അടുത്തത് കേരളത്തില്‍ അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വേഗത കൂട്ടുന്ന വിജയമാണ് തലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.