കണ്ണൂര്‍ : കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ ഇടപെടല്‍ ഏറ്റു. സുധാകരന്റെ പരിഭവങ്ങളില്‍ കഴമ്പുണ്ടെന്ന നിലപാട് എകെ ആന്റണി എടുത്തതാണ് നിര്‍ണ്ണായകമായത്. ഇതോടെ വിഡി സതീശനെ എഐസിസി ശാസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരനെ വിശ്വാസത്തിലെടുത്ത് മുമ്പോട്ട് പോകണമെന്ന നിര്‍ദ്ദേശം സതീശന് ഹൈക്കമാണ്ട് നല്‍കി. ആന്റണിയുടെ ഇടപെടലോടെ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് യു ടേണ്‍ എടുത്തതായാണ് സൂചന.

അപമാനിച്ചു ഇറക്കിവിടാനാണെങ്കില്‍ താന്‍ എം.പി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്ന് സുധാകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാറ്റണമെന്നായിരുന്നു സുധാകരന്റെ ഡിമാന്‍ഡ്. മാത്രമല്ല പേരാവൂര്‍ എം.എല്‍.എയും വിശ്വസ്തനുമായ സണ്ണി ജോസഫിനെ കെ പി.സി.സി അദ്ധ്യക്ഷനാക്കണമെന്നും സുധാകരന്‍ ഡിമാന്‍ഡ് ഉന്നയിച്ചു. ഇതോടെയാണ് സുധാകരനെ മാറ്റണമെന്ന നേതാക്കളില്‍ ചിലരുടെ ആവശ്യം പരിഗണിച്ച ഹൈക്കമാന്‍ഡ് പിന്നോട്ടു പോയത്. കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ശക്തമാണെന്നും കെ.പി സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലക്കാരിയുമായ ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കൂടിയാണ് ആന്റണി നിലപാട് എടുത്തത്.

സുധാകരനും സതീശനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പാര്‍ട്ടി പരിപാടികളെയും ഐക്യ ശ്രമങ്ങളെയും ബാധിച്ചു തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചില നേതാക്കള്‍ അനവസരത്തില്‍ നടത്തിയ പരസ്യ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് പോര് മൂര്‍ച്ഛിച്ചത്. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നടന്നപ്പോള്‍, തലസ്ഥാനത്തുണ്ടായിരുന്നിട്ടും വി.ഡി.സതീശന്‍ പങ്കെടുത്തില്ല. ആ യോഗത്തില്‍ ചില ഉപദേശം മുതിര്‍ന്ന നേതാക്കള്‍ക്ക് ആന്റണി നല്‍കിയിരുന്നു. എന്നാല്‍ അതിന് വിഭിന്നമായി സതീശന്‍ അന്ന് ഉച്ചയ്ക്ക് തന്നെ പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള കെപിസിസി ഭാരവാഹി യോഗത്തില്‍ സതീശന്‍ പങ്കെടുത്തില്ല. രണ്ടരയ്ക്ക് കെപിസിസി ഓഫീസിലെത്തിയ സതീശന്‍ ഉടന്‍ മടങ്ങി. ആ സമയം സുധാകരന്‍ അവിടെ ഉണ്ടായിരുന്നില്ല. രാവിലത്തെ പരിപാടികള്‍ വൈകിയതു കൊണ്ട് തന്നെ ഉച്ചയൂണിന് പോകാന്‍ വൈകി. ഇതു കാരണമാണ് നിശ്ചയിച്ച രണ്ടരയ്ക്ക് കെപിസിസി ഭാരവാഹി യോഗം തുടങ്ങാത്തത്. താന്‍ വന്നപ്പോള്‍ അധ്യക്ഷനില്ലെന്ന കാരണം പറഞ്ഞായിരുന്നു സതീശന്റെ മടക്കം.

മണിക്കൂറുകള്‍ക്ക് മുമ്പായിരുന്ന നേതാക്കള്‍ക്കിടയിലെ ഐക്യത്തിന്റെ പ്രസക്തി ഓര്‍മിപ്പിച്ച ആന്റണിയുടെ പ്രസംഗം. അതിനെ അന്ന് തന്നെ സതീശന്‍ അവഗണിച്ചതില്‍ ആന്റണി ഖിന്നനായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറി നിന്ന ആന്റണി ഹൈക്കമാണ്ടില്‍ ബന്ധപ്പെട്ടതും സുധാകരന് അനുകൂല നിലപാട് എടുത്തതും. മുമ്പും സുധാകരനെ നീക്കാന്‍ സതീശന്‍ നാടകയീയ നീക്കം നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയില്‍ സതീശന്‍ കരുക്കള്‍ നീക്കയപ്പോള്‍ സുധാകരന്‍ അഭയം തേടിയത് വഴുതക്കാട് ഈശ്വര വിലാസത്തിലുള്ള അന്റണിയുടെ അഞ്ജനമെന്ന വീട്ടിലാണ്. അന്നും സുധാകരന് വേണ്ടി ആന്റണി നിലപാട് എടുത്തു. ഇത്തവണ സുധാകരന്‍ പറയാതെ തന്നെ സതീശന്റെ പോക്കില്‍ ആന്റണി അസ്വസ്ഥത അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അഞ്ജനത്തിലെ വിശ്രമ ജീവിതത്തിനിടെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ആന്റണി രാഷ്ട്രീയ ഇടപെടല്‍ നടത്തിയത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് ഈ ഇടപെടല്‍ തള്ളാനുമാകില്ലെന്നതാണ് വസ്തുത. ഖാര്‍ഗെയെ എഐസിസി പ്രസിഡന്റാക്കിയതിന് പിന്നില്‍ പോലും ആന്റണിയുടെ ഇടപെടലായിരുന്നു.

കെ. സുധാകരനെ മാറ്റിയാല്‍ മാത്രമേ സംഘടനാപരമായി ഐക്യത്തോടെ മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളുവെന്നായിരുന്നു ദീപാ ദാസ് മുന്‍ഷി ഹൈക്കമാണ്ടിന് നല്‍കി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇതിനെതിരെ കെ.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശക്തമായി രംഗത്തുവന്നതോടെ കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് തുടങ്ങുകയായിരുന്നു. കെ.സുധാകരനെ അനുകുലിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തുവന്നതോടെ സതീശനും സംഘവും പത്തി മടക്കി. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയും വരെ സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സംഘടനപരമായി ദുര്‍ബലരായ പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും വയനാട്-തൃശൂര്‍ ഡി.സി.സി അദ്ധ്യക്ഷന്‍മാരെയും മാറ്റിയേക്കും.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് എടുത്തിരുന്നു. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് സുധാകരന്‍ ദീപ ദാസ് മുന്‍ഷിയെ അറിയിക്കുകയും ചെയ്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കിയത്. അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കെ സുധാകരന്‍ അയോഗ്യനാണെന്ന് വി ഡി സതീശന്‍ നേതൃത്വത്തെ അറിയിച്ചു. അതേസമയം കെപിസിസി അധ്യക്ഷനെ വിശ്വാസത്തില്‍ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന് ഉള്ള പിന്തുണയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെന്നിത്തല പരസ്യമാക്കി. ഇതോടെ ഹൈക്കമാണ്ട് വെട്ടിലായി. പിന്നാലെ ആന്റണിയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാല്‍ സാമുദായിക സമവാക്യങ്ങളില്‍ വിള്ളല്‍ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട് . അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ ആന്റോ ആന്റണിയും നീക്കം സജീവമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് ഈ നീക്കം എന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.