തിരുവനന്തപുരം: ലക്ഷ്യം ശോഭാ സുരേന്ദ്രന്‍ തന്നെ. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കുന്ന സന്ദേശം ഇതാണ്. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശോഭാസുരേന്ദ്രന്‍, എന്‍. ശിവരാജന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് റിപ്പോര്‍ട്ട്. സി. കൃഷ്ണകുമാര്‍ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ എസ് എസ് നിസ്സഹകരണത്തെ കുറിച്ച് മിണ്ടുന്നില്ല. മികച്ച സ്ഥാനാര്‍ത്ഥിയുടെ അഭാവമാണ് ബിജെപിക്ക് തിരിച്ചടിയാതെന്ന വിലയിരുത്തലിലാണ് സംഘപരിവാര്‍. സന്ദീര് വാര്യര്‍ വിഷയത്തില്‍ അടക്കം നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും അവര്‍ വിലയിരുത്തുന്നു. ഇതിനിടെയാണ് ശോഭയെ പ്രതിക്കൂട്ടിലാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷയായി ശോഭ മാറാതിരിക്കാനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ട്.

ശോഭാ സുരേന്ദ്രനും കൗണ്‍സിലര്‍ സ്മിതേഷും സ്ഥാനാര്‍ത്ഥിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. നഗരസഭയില്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശ്രമം നടന്നു. പുറത്തുനിന്ന് എത്തിയവര്‍ തങ്ങളുടെ വാര്‍ഡില്‍ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. കണ്ണാടി പഞ്ചായത്തില്‍ വോട്ട് മറിക്കാന്‍ ശ്രമം നടത്തി. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ട് മറിക്കുന്നതില്‍ സന്ദീപ് വാര്യരുടെ സ്വാധീനം നിര്‍ണ്ണായകമായി. അതായത് സന്ദീപ് വാര്യരെ പിണക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് മറ്റൊരു തലത്തില്‍ പറയുകയാണ് ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രനും കൂട്ടരും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശാലാക്ഷി സമേതനായ വിശ്വനാഥന്‍ പാലക്കാട് ബിജെപിയെ ജയിപ്പിക്കുമെന്ന് സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിന് അടിസ്ഥാനമായതൊന്നും ഉണ്ടായിരുന്നില്ലെന്ന് സമ്മതിക്കുന്നതാണ് റിപ്പോര്‍ട്ട്. അതായത് വോട്ടെണ്ണലിന് മുമ്പ് പ്രവര്‍ത്തകരുടേയോ മണ്ഡലത്തിന്റേയോ വികാരം അറിയാന്‍ സുരേന്ദ്രനായില്ലെന്നതാണ് വസ്തുത.

സംഘടനാ ദൗര്‍ബല്യം പാലക്കാട് ദൃശ്യമായിരുന്നു. സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. ഇതോടെ പാലക്കാട്ടെ വികാരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് അനുകൂലമായി. ശോഭാ സുരേന്ദ്രനേയും കൂട്ടി ട്രാക്ടര്‍ യാത്രയും സുരേന്ദ്രന്‍ നടത്തി. അന്നത്തെ ചിത്രമായി ഈ ചിത്രത്തെ സുരേന്ദ്രന്‍ അനുകൂലികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ തോല്‍ക്കുമ്പോള്‍ കുറ്റമെല്ലാം അതേ യാത്രയ്‌ക്കെത്തിയ ശോഭയുടെ തലയിലും വയ്ക്കുന്നു. പരസ്യപ്രസ്താവനയുടെ പേരില്‍ എന്‍. ശിവരാജന് എതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ സമാഹരിക്കാവുന്ന പരമാവധി വോട്ടുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഏഴ്,എട്ട് തീയതികളില്‍ എറണാകുളത്ത് തെരഞ്ഞെടുപ്പ് അവലോകനയോഗം നടക്കും. ഇതില്‍ ശോഭ കടന്നാക്രമണം നടത്തും. തന്നെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടിനെ എണ്ണിയെണ്ണി തള്ളി പറയാനാണ് ശോഭാ സുരേന്ദ്രന്റെ തീരുമാനം. ഇത് ബിജെപിയിലെ പ്രതിസന്ധിയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും.

സംഘടനാതിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നതോടെ ബി.ജെ.പി.യിലെ സമവാക്യങ്ങള്‍ മാറുന്നു. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും പൂര്‍ണമായി വഴിപിരിയുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്താന്‍ വി.മുരളീധരന്‍ നീക്കം നടത്തുന്നതായി സുരേന്ദ്രന്‍ പക്ഷത്തിനു സംശയമുണ്ട്. സുരേന്ദ്രന്‍വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ശോഭയും ഈ നീക്കത്തിലാണ്. എം.ടി.രമേശിനെ സംസ്ഥാന പ്രസിഡന്റായി ഉയര്‍ത്തിക്കാട്ടിയാണ് പി.കെ.കൃഷ്ണദാസ് വിഭാഗം മുന്നോട്ടുപോകുന്നത്. പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ പി.രഘുനാഥ്, നാരായണന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരേ സുരേന്ദ്രന്‍ പക്ഷത്തുനിന്നുതന്നെ പരാതി വന്നിട്ടുണ്ട്. ഇതിനൊപ്പമാണ് പാലക്കാട് നഗരസഭയിലെ പ്രശ്‌നങ്ങള്‍.

വോട്ടെണ്ണലിന് ശേഷം പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം-ബി.ജെ.പി വാക്‌പോരും കയ്യാങ്കളിയും നടന്നിരുന്നു. ബി.ജെ.പിയുടെ വോട്ട് എവിടെ പോയെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ബി.ജെ.പിയുടെ ആഭ്യന്തര കാര്യം ചോദിക്കാന്‍ സി.പി.എമ്മിന് എന്ത് അധികാരമെന്ന് ബി.ജെ.പി അംഗങ്ങള്‍ തിരിച്ചടിച്ചു. ബി.ജെ.പി ഭരിക്കുന്ന നഗരസഭയില്‍ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബഹളം വെച്ചു.

നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ കൗണ്‍സില്‍ അംഗങ്ങളോട് സീറ്റിലേക്ക് മടങ്ങാനും സീറ്റില്‍ ഇരിക്കാനും ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി-സി.പി.എം അംഗങ്ങള്‍ വഴങ്ങിയില്ല. ഇതിനിടെ, സി.പി.എം അംഗങ്ങളും അധ്യക്ഷയും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം എന്‍. ശിവരാജനും കോണ്‍ഗ്രസ് അംഗം മന്‍സൂറും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് മൂന്നു വിഭാഗം അംഗങ്ങളെ ശാന്തരാക്കിയത്. പാലാക്കട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാരെ വീണ്ടും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ഡി.സി.സി അധ്യക്ഷന്‍ എ. തങ്കപ്പന്‍ രംഗത്തെത്തി.

കോണ്‍ഗ്രസ് ആശയം അംഗീകരിച്ചെത്തിയാല്‍ സ്വീകരിക്കാന്‍ തയാറാണെന്ന് തങ്കപ്പന്‍ പറഞ്ഞു. ബി.ജെ.പിയിലെയും സി.പി.എമ്മിലെയും ഭിന്നത കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഈ നീക്കം പൊളിക്കാന്‍ ബിജെപിയില്‍ യോജിപ്പ് വേണമെന്ന ആവശ്യം സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്ത് ഉണ്ട്.