പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്റെയും ജോസ് കെ മാണിയുടേയും തട്ടകമായ പാല നഗരസഭ ആര് ഭരിക്കണം എന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യുഡിഎഫിന് തിരിച്ചു കിട്ടാനാണ് സാധ്യത. അഞ്ച് സ്വതന്ത്രന്മാരും 11 സീറ്റില്‍ ഇടതും 10 സീറ്റില്‍ യുഡിഎഫും ജയിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റിലെ കണക്ക്. എന്നാല്‍ അഞ്ച് സ്വതന്ത്രരി്ല്‍ ഒരാളായ ജോസിന്‍ ബിനോ സിപിഎം പിന്തുണയോടെയാണ് ജയിച്ചത്. ഇവര്‍ പാലയിലെ മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണുമാക്കുക ആയിരുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സിപിഎം ജോസിനെ ചെയര്‍പേഴ്‌സണ്‍ ആക്കുകയായിരുന്നു.എന്നാല്‍ ബാക്കിയുള്ള നാല് സ്വതന്ത്രരും എന്ത് തീരുമാനിക്കുമെന്നതാണ് പാലയില്‍ നിര്‍ണ്ണായകം.

26 വാര്‍ഡുകളുള്ള പാലാ നഗരസഭയില്‍ 12 സീറ്റുകളില്‍ മുന്നിലെത്തി എല്‍ഡിഎഫാണ് എറ്റവും വലിയ മുന്നണി. എന്നാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച യുഡിഎഫിന് മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലായിരുന്നു ഇവരുടെ മത്സരം. ഇവര്‍ക്ക് ആര്‍ക്കുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. അതായത് യുഡിഎഫിന് 13 പേരെ ജയിപ്പിക്കാനായി എന്ന സാരം. പാലയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 14 സീറ്റാണ്. അതുകൊണ്ടാണ് മറ്റൊരു സ്വതന്ത്രയുടെ നിലപാട് നിര്‍ണ്ണായകമാകുന്നത്. അതായത് പാല അരു ഭരിക്കുമെന്ന് ആ സ്വതന്ത്ര തീരുമാനിക്കും. യുഡിഎഫിനേയും എല്‍ഡിഎഫിനേയും തോല്‍പ്പിച്ചാണ് ആ സ്വതന്ത്രയുടെ വിജയം. മായാ രാഹുലിന്റെ നിലപാടാകും പാലായില്‍ നിര്‍ണ്ണായകം. പാലയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്ത്രീ സംവരണമാണ്. സ്വതന്ത്രരില്‍ ഒരാള്‍ പാലായിലെ ചെയര്‍പേഴ്‌സണ്‍ ആകാനും സാധ്യതയുണ്ട്.

പാലാ നഗരസഭാ 19-ാം വാര്‍ഡില്‍ മായ നേടിയത് മിന്നും വിജയമാണ്. ഈ പത്തൊന്‍പതാം വാര്‍ഡ് അറിയപ്പെടുന്നത് പാലാ എന്നാണ്. മായ കോണ്‍ഗ്രസ് റിബലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച മായാ രാഹുല്‍ നഗരസഭയിലെ പ്രതിപക്ഷ ബെഞ്ചിലെ തീപാറും അംഗമായിരുന്നു. 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന താന്‍ ഈ വാര്‍ഡില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് മായയുടെ നിലപാട്. 19-ാം വാര്‍ഡ് ഇത്തവണ ജനറല്‍ വാര്‍ഡായിരുന്നു. നഗരസഭയിലെ മറ്റ് ജനറല്‍ വാര്‍ഡില്‍ സ്ത്രീകള്‍ മല്‍സരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ താന്‍ മല്‍സരരംഗത്ത് തുടരുമെന്നും മാറേണ്ട കാര്യമില്ലെന്നുമാണ് മായ രാഹുലിന്റെ നിലപാട്. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ിറ്റിംഗ് കൗണ്‍സിലറായ മായാ രാഹുല്‍ മല്‍സരരംഗത്ത് സജീവമായപ്പോള്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കൂടിയായ സതീഷ് ചൊള്ളാനിയെയാണ് പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചത്. ഏതായാലും വാശിയേറിയ പോരാട്ടത്തില്‍ പ്രൊഫ. സതീഷ് ചൊള്ളാനി തോറ്റു. അങ്ങനെ മായ പാലായിലെ നിര്‍ണ്ണായക കൗണ്‍സിലറുമായി. കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന മായ നിര്‍ണ്ണായക ഘട്ടത്തില്‍ യുഡിഎഫിനൊപ്പം ചേര്‍ന്നാല്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ഭരണം നഷ്ടമാകും. മായ ഇടത്തേക്ക് പോയാല്‍ 26 പേരുള്ള കൗണ്‍സിലില്‍ രണ്ടു കൂട്ടര്‍ക്കും 13 വീതം സീറ്റാകും. അങ്ങനെ വന്നാല്‍ നറുക്കെടുപ്പിലൂടെ ഭരണം നിശ്ചയിക്കപ്പെടും.

പാലയില്‍ മൂന്ന് സ്വതന്ത്രരുള്ള ബിനു പുളിക്കക്കണ്ടം തന്നെയാണ് പ്രധാന ശക്തി കേന്ദ്രം. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ നിന്ന് സിപിഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളുമായിരുന്നു ബിനു. ജോസ് കെ.മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദംമൂലം കഴിഞ്ഞ തവണ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ബിനുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 17 വാര്‍ഡുകളിലാണ് വിജയിച്ച് ഭരണം പിടിച്ചെടുത്തത്.

എന്നാല്‍ ഇത്തവണ കഥമാറും. സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും ബിനുവിന്റെ സഹോദരന്‍ ബിജുവും വിജയിച്ചിരുന്നു. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. മൂന്നു വാര്‍ഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. ഇവര്‍ യുഡിഎഫിനെ പിന്തുണച്ചേക്കും. ഈ സാഹചത്തില്‍ ബിനു പുളിക്കക്കണ്ടം നഗരസഭാധ്യക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്. ജോസ് കെ.മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദംമൂലം ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. അങ്ങനെയാണ് ജോസിന്‍ ബിനോ ചെയര്‍പേഴ്‌സണായത്. ഈ സാഹചര്യത്തില്‍ ഇക്കുറി വീണ്ടും പുളിക്കക്കണ്ടം സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു.

കഴിഞ്ഞ തവണ സി.പി.എം ചിഹ്നത്തില്‍ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോസിനെ അധ്യക്ഷയാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. സി.പി.എം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം സി.പി.എം പരിഗണിച്ചത്. എന്നാല്‍, കേരള കോണ്‍ഗ്രസ് നേതൃത്വം ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു. തങ്ങളുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ടെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ഇത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലുള്ള തര്‍ക്കമായി രൂപപ്പെട്ടു. ഇതിനിടെ സി.പി.എമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് ജോസിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. പാലാ നഗരസഭ അധ്യക്ഷ സ്ഥാനാര്‍ഥി സംബന്ധിച്ച് അന്തര്‍ നാടകങ്ങള്‍ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലര്‍ക്ക് രണ്ട് മുഖമാണ്. നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കരുത്. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്റെ ദിവസങ്ങളാണ് കടന്നു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ സിപിഎമ്മില്‍ നിന്നും രാജിവച്ചു. മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.