കോഴിക്കോട്: ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ കോണ്‍ഗ്രസില്‍ പുനഃസംഘടനാ തര്‍ക്കത്തില്‍ വെടിനിര്‍ത്തല്‍ എത്തുമ്പോള്‍ വിജയസാധ്യതയുള്ള 63 സീറ്റുകള്‍ കണ്ടെത്താന്‍ സര്‍വേ നടത്തിയെന്ന വാദം നിഷേധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 63 സീറ്റുകളുടെ കണക്കു വച്ചാണ് താന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ സംസാരിച്ചത്. ഈ സീറ്റുകള്‍ ലക്ഷ്യമിട്ടു നീങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് എങ്ങനെ ഹൈക്കമാണ്ടിനെ ധിക്കരിക്കുന്ന സര്‍വ്വേയാകുമെന്നാണ് സതീശന്റെ ചോദ്യം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 21 സീറ്റുകളാണ് ലഭിച്ചത്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം 42 സീറ്റുകള്‍ കൂടി അധികം കണ്ടെത്തണമെന്നുാണ് താന്‍ ആവശ്യപ്പെട്ടത്. അതിനായി 2001ലെ ജയ സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തണം. അങ്ങനെയെങ്കില്‍ നിയമസഭയിലേക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നതാണ് തന്റെ നിലപാട് എന്നും സതീശന്‍ വിശദീകരിക്കുന്നു. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് ഹൈക്കമാണ്ട് നിലപാട് എടുത്തിട്ടുണ്ട്. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി. ഇതിനിടെയാണ് സര്‍വ്വേയില്‍ സതീശനും നിലപാട് വ്യക്തമാക്കുന്നത്. അതിനിടെ സംഘടനാ കാര്യങ്ങളില്‍ കെപിസിസിയ്ക്കാകും അധികാരമെന്ന നിലപാട് ഹൈക്കമാണ്ട് എടുത്തിട്ടുണ്ട്.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ട്. സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യുഡിഎഫിന്റെ മലയോര സമരയാത്ര കഴിയുന്നതു വരെ സമ്പൂര്‍ണ പുനഃസംഘടന നീട്ടിവച്ചേക്കും. എല്ലാവര്‍ക്കും സ്വീകര്യമായ സമവാക്യം കണ്ടെത്തിയാല്‍ ജാഥ കഴിഞ്ഞാല്‍ സമ്പൂര്‍ണ പുനഃസംഘടന നടന്നേക്കും. ഇതില്‍ കെ സുധാകരന്റെ അഭിപ്രായവും പരിഗണിക്കും.

പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറുന്നതില്‍ തനിക്കുള്ള അതൃപ്തി കെ. സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മാറുന്നതിനൊപ്പം പ്രതിപക്ഷ നേതാവും മാറണമെന്നും സുധാകരന്‍ അറിയിച്ചതായാണ് സൂചന. ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടായ വിജയത്തില്‍ പാര്‍ട്ടിയെ നയിച്ചത് താനാണ്. സതീശന്‍ തുടരുന്നുവെങ്കില്‍ തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്നാണ് സുധാകരന്‍ ചില നേതാക്കളോട് ചോദിച്ചത്. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കെ.സി. വേണുഗോപാല്‍ കണ്ണൂരില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. കെ. സുധാകരനുമായി ഒത്തുപോകണമെന്ന നിലപാട് വി.ഡി. സതീശനെയും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ നിലപാടും സുധാകരന് അനുകൂലമാണ്.

തന്നെ ഇരുട്ടില്‍ നിര്‍ത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നേതൃമാറ്റ വിഷയത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതില്‍ കെ. സുധാകരന്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെ പദവിയില്‍നിന്ന് മാറ്റാനുള്ള നീക്കവുമായി മുന്നോട്ടു പോയാല്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സുധാകരന്‍ നല്‍കിയതായാണു സൂചന. കെ.സി. വേണുഗോപാല്‍ ചര്‍ച്ചകളില്‍ നേരിട്ടിടപെടാതെ മുതിര്‍ന്ന നേതാക്കളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയെ നിയോഗിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായത്. തുടര്‍ന്നാണ് അതൃപ്തിയുമായി സുധാകരന്‍ രംഗത്തെത്തിയത്. അതിനിടെ കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ ഉണ്ടെന്ന് ഉറപ്പിക്കുന്ന ഇടപെടല്‍ ഹൈക്കമാണ്ട് നല്‍കും. ഗ്രൂപ്പിസമുണ്ടാക്കാന്‍ ആരേയും തല്‍കാലം അനുവദിക്കേണ്ടതില്ലെന്നാണ് നിലപാട്.