ന്യൂഡല്‍ഹി: കെപിസിസിയില്‍ പുനസംഘടന ഉറപ്പെന്ന സൂചനയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെപിസിസി അധ്യക്ഷന്‍ മാറില്ലെന്ന് പറയാനോ മാറുമെന്ന് പറയാനോ താന്‍ ആളല്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പദവികള്‍ മാറ്റത്തിന് വിധേയമാണ്. ആരേയും എപ്പോഴും മാറ്റാം. പക്ഷെ ഇപ്പോള്‍ അത്തരമൊരു മാറ്റത്തിന്റെ കാര്യം മുന്നില്‍ ഇല്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അതായത് താമസിയാതെ തന്നെ കെപിസിസിയില്‍ പുനസംഘടനയുണ്ടാകുമെന്ന സൂചനയാണ് കെസി നല്‍കുന്നത്. ഇതിനൊപ്പം മുഖ്യമന്ത്രി പദത്തിന് താനും യോഗ്യനാണെന്നും എന്നാല്‍ കലഹമുണ്ടാക്കി അത് പിടിച്ചുവാങ്ങാനില്ലെന്ന സൂചനയും കെസി നല്‍കുന്നു. കോണ്‍ഗ്രസ് ഹൈക്കമാണ്ടില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഇന്ന് കെസി. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളിലെ അവസാന വാക്കും. അതുകൊണ്ട് തന്നെ കരുതലോടെയാണ് കെസി തന്റെ പ്രതികരണങ്ങള്‍ നടത്തുന്നത്. താനൊന്നിനും തര്‍ക്കിക്കാന്‍ ഇല്ലെന്ന് പറയുമ്പോഴും എല്ലാ പദവിയ്ക്കും താന്‍ അര്‍ഹനാണെന്നും പറയാതെ പറയുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം ഉണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്. പറന്നിറങ്ങി വരേണ്ട ആളല്ല താന്‍. ഒരു പദവി കിട്ടണം എന്ന ഒരാഗ്രഹവും ഇല്ല. കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാക്കി കൊണ്ടുപോവുക എന്നതാണ് തന്റെ ഉത്തരവാദിത്തം. ഏതെങ്കിലും സ്ഥാനത്തിന് വേണ്ടി കടി പിടിച്ച് പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കാനില്ലെന്നും കെസി വേണുഗോപാല്‍ വിശദീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കെസിയുടെ വെളിപ്പെടുത്തലുകള്‍. ഫലത്തില്‍ താനും മുഖ്യന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറഞ്ഞു വയ്ക്കുകയാണ് കെസി. പക്ഷേ ഇപ്പോള്‍ ആ ചര്‍ച്ചയിലേക്ക് താനില്ലെന്നാണ് കെസി പറയുന്നത്.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ച് ഒരു വഴിക്ക് പോയി കരയ്ക്കടുപ്പിക്കേണ്ടവര്‍ ആണെന്നും കെ സി വേണുഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ എല്ലാ നേതാക്കളും ഉത്തരവാദിത്തം നിര്‍വഹിച്ചേ മതിയാകൂ. ഇതിനായി വ്യക്തി താല്പര്യങ്ങള്‍ മാറ്റി എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയില്‍ സംയുക്തവാര്‍ത്താ സമ്മേളനം തീരുമാനിച്ചിരുന്നു എന്നും സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും കെ സി കൂട്ടിച്ചേര്‍ത്തു. അതായത് ഈ വാര്‍ത്താ സമ്മേളനം നടക്കാത്തതിന്റെ നീരസം ഹൈക്കമാണ്ടിനുണ്ടെന്ന് പറയാതെ പറയുകയാണ് കെസി. അതിനിടെ തദ്ദേശ തിരിഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ വ്യക്തമായ പദ്ധതികള്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനുണ്ട്.

നിയമസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതാക്കളോടും മുന്‍ എംഎല്‍എമാരോടും കെ.സി.വേണുഗോപാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ഡിസിസിയുടെ കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു നേതാക്കള്‍ക്ക് കെ.സി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. സീനിയര്‍ നേതാക്കളും കോര്‍പറേഷനില്‍ മത്സരിക്കേണ്ടി വരും. അടിത്തറ കോര്‍പറേഷനാണ്. വാര്‍ഡിലെ ജനങ്ങള്‍ കൂടെ നിന്നെങ്കില്‍ മാത്രമേ നിയമസഭ പിടിക്കാനാകൂ. വാര്‍ഡുകളില്‍ നിങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുന്‍ എംഎല്‍എമാര്‍ അടക്കം സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ പ്രഗത്ഭരായ നേതാക്കള്‍ തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കുമെന്ന തരത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമാണെന്ന് സാരം.

''മത്സരിച്ചു നാട് വിടുന്ന സ്ഥാനാര്‍ഥിയെ ആകരുത് വാര്‍ഡുകളില്‍ നിര്‍ത്തേണ്ടത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ വേണം മത്സരിപ്പിക്കേണ്ടത്. ഒരു തരത്തിലും നേതാക്കള്‍ തമ്മിലടിക്കരുത്. ഒരുമിച്ച് ഇരുന്നാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ. പക്ഷേ ഇരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല. പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ആ ഒഴിഞ്ഞമാറല്‍ ഇനി വേണ്ട.'' കെ.സി. വേണുഗോപാല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയത് ഇങ്ങനെയാണ്. ഇതില്‍ പല മുതിര്‍ന്ന നേതാക്കളും അതൃപ്തരുമാണ്. നമനസ്സറിയാനായി വീടുകള്‍ കയറിയിറങ്ങാന്‍ കൂട്ടാക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവും ഭാരവാഹിപ്പട്ടികയിലുണ്ടാകില്ലെന്നാണ് വേണുഗോപാല്‍ പറയുന്നത്.

മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികമാണിത്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും വീടുകള്‍ കയറിയിറങ്ങാന്‍ എ.ഐ.സി.സി. നിര്‍ദേശം നല്‍കിയത്. രാജ്യത്തെമ്പാടും പദയാത്ര നടത്താനാണ് തീരുമാനം. വീടുകള്‍ കയറുന്നതുകൂടി ഉള്‍പ്പെട്ടതാണ് പദയാത്ര. ഓരോ വീട്ടിലുമെത്തി ആളുകളുടെ പ്രയാസങ്ങള്‍, പ്രശ്നങ്ങള്‍ എന്നിവ അറിയണം. അവര്‍ക്കൊപ്പം പാര്‍ട്ടിയുണ്ടാകുമെന്ന ഉറപ്പുനല്‍കാന്‍ നമുക്കാകണം. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകണം-വേണുഗോപാല്‍ പറഞ്ഞു.

നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നത് പ്രചാരണം മാത്രമാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണ്. ജയം മാത്രം മാനദണ്ഡമാക്കിയാകണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത്. വാര്‍ഡ് കമ്മിറ്റി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ തള്ളി മറ്റൊരാളുടെ പേര് ജില്ലാ നേതൃത്വം മുന്നോട്ടുവയ്‌ക്കേണ്ടതില്ലെന്നും വേണുഗാപോല്‍ പറഞ്ഞിട്ടുണ്ട്.