തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറിയായ എംഎ ബേബിയുടെ തിരുവനന്തപുരത്തേക്കുള്ള വരവില്‍ ഓര്‍മ്മപ്പെടുത്തുന്നത് 'മുന്‍ഗാമികള്‍'ക്കുള്ള പ്രാധാന്യം. ആദ്യം ബേബി പോയത് തന്റെ രാഷ്ട്രീയ ഗുരുനാഥനായ വിഎസ് അച്യുതാനന്ദനെ കാണാനാണ്. വിഎസിന് പാര്‍ട്ടിയിലുള്ള പ്രധാന്യം വിശദീകരിക്കുന്നതായി ഇത്. വിഎസിന്റെ വീട്ടിലേക്ക് ബേബി ഒപ്പം കൂട്ടിയ രണ്ടു നേതാക്കളാണ് ഏറ്റവും പ്രധാനം. ഒന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ഇപി ജയരാജന്‍. രണ്ടാമന്‍ സിപിഎം സംസ്ഥാന സമിതി അംഗമായ എം വിജയകുമാറും. ഈ രണ്ടു പേര്‍ക്കും ബേബിയുമായി ഒരു മുന്‍ഗാമി ബന്ധമുണ്ട്. ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ അതിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നു ഇപി. അതു കഴിഞ്ഞ് ആ പദവിയിലെത്തിയ മലയാളിയാണ് എം വിജയകുമാര്‍. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായ മൂന്നാമനാണ് എംഎ ബേബി. അതായത് ഡിവൈഎഫ് ഐയിലെ രണ്ടു സീനിയര്‍ നേതാക്കളുമായി വിഎസ് അച്യുതാനന്ദനെന്ന സിപിഎമ്മിലെ ജീവിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന അംഗത്തെ കാണാന്‍ എത്തുകയായിരുന്നു ബേബി. 'സീനിയേഴ്‌സിന്' നല്‍കേണ്ട പ്രാധാന്യമാണ് ഇതിലൂടെ ചിലര്‍ക്ക് സിപിഎം ജനറല്‍ സെക്രട്ടറി നല്‍കുന്നതെന്നതാണ് വിലയിരുത്തലുകള്‍.

സാധാരണ നിലയില്‍ ബേബിക്കൊപ്പം സ്ഥിരമായി കാണുന്ന മുഖങ്ങളല്ല ഇപിയും എം വിജയകുമാറും. കണ്ണൂര്‍ രാഷ്ട്രീയത്തിലെ പ്രധാനിയായി മാറാന്‍ പോളിറ്റ് ബ്യൂറോയിലെ അംഗത്വം ഇപി ആഗ്രഹിച്ചിരുന്നു. പക്ഷേ കേന്ദ്ര കമ്മറ്റിയ്ക്ക് അപ്പുറത്തേക്ക് അതു പോയില്ല. പല കാരണങ്ങള്‍ കൊണ്ട് ഇപിയ്ക്ക് വേണ്ടി കേരള ഘടകം സമ്മര്‍ദ്ദം ചെലുത്തിയില്ല. സിപിഎം സംസ്ഥാന സമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് വിജയകുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോലും വിജയകുമാറിനെ പരിഗണിച്ചില്ല. പാര്‍ട്ടി അച്ചടക്കം ഒരിക്കലും ലംഘിക്കാത്ത എന്നിട്ടും സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തില്‍ എത്താത്ത ഏക ഡിവൈഎഫ് ഐയുടെ മുന്‍ ദേശീയ അധ്യക്ഷനാണ് വിജയകുമാര്‍. അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ പ്രായപരിധിയില്‍ വിജയകുമാറിനേയും ഇപിയേയും ഒഴിവാക്കുമെന്ന സന്ദേശം ഇപ്പോഴേ ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. അതിനിടെയാണ് ഈ രണ്ട് നേതാക്കളുമായി വിഎസിനെ കാണാന്‍ ബേബി എത്തിയത്. ഡിവൈഎഫ്‌ഐയിലെ തന്റെ മുന്‍ഗാമികളെ ആദരിക്കുക കൂടിയാണ് ഇതിലൂടെ ബേബി ചെയ്തതെന്ന് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. സീനിയോറിട്ടിയ്ക്കും അനുഭവ സമ്പത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യമാണ് ഇതിലൂടെ ബേബി ചര്‍ച്ച ചെയ്യുന്നത്. ഡിവൈഎഫ് ഐയുടെ ദേശീയ പ്രസിഡന്റാക്കിയതോടെ ബേബി സിപിഎമ്മിന്റെ ഡല്‍ഹിയിലെ യുവനേതാവായി. അതിന് ശേഷം ഇഎംഎസിന്റെ സഹായിയുമായി. പിന്നീട് കേരളത്തിലേക്ക് ബേബിയുടെ പ്രവര്‍ത്തന മേഖല മാറ്റിച്ചത് വിഎസ് അച്യുതാനന്ദനാണ്. തന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുമാക്കി. എന്നും വിഎസ് പക്ഷത്തെ പ്രധാനിയായിരുന്നു ബേബി. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ ഗ്രൂപ്പ് സമവാക്യം മാറി മറിഞ്ഞു. അതിന് ശേഷം ഒറ്റയാനായി തുടരുകയായിരുന്നു ബേബി. കൊല്ലം പാര്‍ലമെന്റിലെ തോല്‍വിയും മറ്റും പിന്നേയും ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് ബേബിയെ തിരികെ എത്തിച്ചു. കേരളത്തിലെ ഗ്രൂപ്പിസത്തില്‍ മനം മടുത്തായിരുന്നു ഇതെന്നും വിലയിരുത്തലെത്തി. പക്ഷേ ഇത്തരം വാദങ്ങളെ തള്ളുകയായിരുന്നു ബേബി ചെയ്തത്. ഒടുവില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി ബേബി. മധുരയില്‍ നിന്നും ഡല്‍ഹിയിലേക്ക് നേരെ പറക്കാതെ വിഎസിനെ കാണാന്‍ പഴയ ശിഷ്യന്‍ എത്തിയെന്നതാണ് വസ്തുത. വിഎസിന്റെ വീട്ടിലേക്ക് കൂടെ തന്റെ മുന്‍ഗാമികളെ കൂട്ടുകയും ചെയ്തു.

സഖാവ് വി എസ് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആരാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് വിഎസില്‍ നിന്ന്. അതുകൊണ്ടാണ് ആദ്യം അദ്ദേഹത്തെ കാണാന്‍ വേണ്ടി എത്തിയതെന്ന് എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനും മന്ത്രിയായിരുന്നു. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തെ മകന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് അഭിസംബോധന ചെയ്തുവെന്നും എം എ ബേബി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് എം എ ബേബി നേരത്തെ പറഞ്ഞിരുന്നു. പിണറായി തന്നെയാണ് ക്യാപ്റ്റനെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് പിണറായി, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യനാണ് അദ്ദേഹം. അങ്ങനെ ഒരാള്‍ അല്ലാതെ ആരാണ് എല്‍ഡിഎഫിനെ നയിക്കേണ്ടത്? പ്രളയം ഉണ്ടായപ്പോള്‍ കുടുംബനാഥനെ പോലെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി രക്ഷകര്‍ത്താവിന്റെ സ്ഥാനം വഹിച്ചയാളാണ് പിണറായിയെന്ന് എം എ ബേബി പറഞ്ഞു. അങ്ങനെ പറയുമ്പോഴും വിഎസിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് വിഎസ്. കൊല്ലം എസ്എന്‍ കോളേജിന്റെ മണ്ണില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ഹരിശ്രീ കുറിച്ച എം എ ബേബി സംഘാടനത്തിലും നേതൃപാടവത്തിലും മികവ് തെളിയിച്ചു. വ്യക്തിബന്ധവും സൗഹൃദവും എന്നും നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു. വിഎസിന്റെ കണ്ണില്‍ പെട്ടതാണ് ബേബിയുടെ രാഷ്ട്രീയ ജീവിത്തതില്‍ നിര്‍ണ്ണായകമായത്. 2012 ലെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിലാണ് എം എ ബേബി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ എത്തിയത്. വിദ്യാര്‍ഥി പ്രസ്ഥാന ഘട്ടം മുതല്‍ പലതവണ ജയില്‍വാസം അനുഭവിച്ചു. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മര്‍ദനത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു.

1974ല്‍ എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ എസ്എഫ്‌ഐ കേരള ഘടകം പ്രസിഡന്റായി. 1979ല്‍ അഖിലേന്ത്യാ പ്രസിഡന്റായി. 1987ല്‍ ഡിവെഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി. 1977ല്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ല്‍ സിപിഎം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം. 1992ല്‍ സിപിഎം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം. 2006 2011 കാലഘട്ടത്തില്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കേരള വിദ്യാഭ്യാസ- സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയില്‍ നിന്നാണ് നിയമസഭയില്‍ എത്തുന്നത്. 2011 ല്‍ കുണ്ടറയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1986മുതല്‍ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനല്‍ ഓഫ് ചെയര്‍മാന്‍ അംഗവും തുടര്‍ന്ന് സബോര്‍ഡിനേറ്റ് ലെജിസ്‌ളേഷന്‍ കമ്മിറ്റി അധ്യക്ഷനുമായി. 1998വരെ രാജ്യസഭാംഗമായി തുടര്‍ന്നു.