കോട്ടയം: തുടക്കം ഗംഭീരം. കണ്ണൂരിൽ വമ്പൻ വിജയമായി. മുഖ്യമന്ത്രി പിണറായി വിജയന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ലെന്ന പ്രഖ്യാപനം അടക്കം ചർച്ചയായി. എന്നാൽ വടക്കാൻ കേരളത്തിലെ കോഴിക്കോട് തന്നെ ചിലത് സംഭവിച്ചു. അതിലൊന്ന് ഗോവിന്ദൻ പ്രസംഗിക്കുമ്പോഴുള്ള ആളൊഴിഞ്ഞ കസേരകളായിരുന്നു. അതിനെ പ്രതിരോധിച്ച് മുമ്പോട്ട് പോകുമ്പോൾ പുതിയ വിവാദങ്ങൾ. സ്വപ്‌നയും കൊച്ചിയിലെ പുകയും തീർത്തും യാത്രയെ പ്രതിരോധത്തിലാക്കി. മൈക്ക് ഓപ്പറേഷറ്ററോട് തികഞ്ഞ ശാന്തസ്വഭാവക്കാരനായ ഗോവിന്ദൻ തട്ടിക്കയറി. കോട്ടയത്ത് സഖാക്കളെ തന്നെ ശാസിക്കേണ്ടി വന്നു. ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്റെ മനസ്സിലെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്.

കേഡർ സ്വഭാവമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ പാർട്ടിയുടെ ജാഥകളിലും മറ്റും നിഴലിക്കും. പ്രത്യേകിച്ച് സെക്രട്ടറി പ്രസംഗിക്കുമ്പോൾ അതിനെ ആറും തടസ്സപ്പെടുത്തില്ല. എത്ര ബോറൻ പ്രസംഗമാണെങ്കിലും സഖാക്കൾ ഇരിക്കുന്നിടത്ത് തന്നെ ഇരിക്കും. എന്നാൽ കോട്ടയത്തെ പാമ്പാടിയിൽ ഗോവിന്ദൻ കണ്ടത് അതൊന്നുമില്ല. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയത് എം വിഗോവിന്ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടാമതും ആളുകൾ ഇറങ്ങിപ്പോയതോടെയാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുന്നുവെന്ന് എം വിഗോവിന്ദൻ ആരോപിച്ചു. അത് മാധ്യമങ്ങൾക്കെതിരെയുള്ള ഒളിയമ്പായി വിലയിരുത്തുമെങ്കിലും പാർട്ടിക്കുള്ളിലെ എതിർശക്തികളെ കൂടെ മനസ്സിൽ വച്ചാകണം ഗോവിന്ദൻ ആ പ്രസ്താവന നടത്തിയതെന്ന അനുമാനങ്ങളും ഉണ്ട്.

''ശ്ശ് ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ, ഇല്ലേ. ഇത് എനിക്ക് മനസ്സിലായി, വാഹനത്തിൽ വന്നതാകും. അവരെയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കിൽ പൊയ്‌ക്കോ'' അദ്ദേഹം പറഞ്ഞു. എന്തായാലും മാധ്യമ പ്രവർത്തകർ വിചാരിച്ചാൽ ആരേയും അവിടെ നിന്ന് വിളിച്ചു കൊണ്ടു പോകാൻ കഴിയല്ല. പാർട്ടിക്കുള്ളിൽ തന്നെ ചിലർ ഇതിന് പിന്നിലുണ്ടെന്ന് ഗോവിന്ദൻ സംശയിക്കുന്നു. കാസർകോട്ട് പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടി നിയന്ത്രണം ഇപ്പോഴും മുഖ്യമന്ത്രിക്കാണ്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പാർട്ടിയെ നയിക്കുന്നത്.

മുഖ്യമന്ത്രി വേണ്ടത്ര താൽപ്പര്യം യാത്രയോട് കാട്ടുന്നില്ലേ എന്ന സംശയം സിപിഎമ്മിൽ പോലും സജീവമാണ്. വിവാദങ്ങൾ അദ്ദേഹത്തെ ബാധിച്ചില്ലെന്ന് പറയുന്നവരും ഈ സംശയത്തിൽ എത്തുന്നു. ഇതോടൊപ്പം ഇടതു കൺവീനറായ ഇപി ജയാരാജനും ഗോവിന്ദന് എതിരാണെന്നത് പകൽ പോലെ വ്യക്തം. തൃശൂരിലാണ് യാത്രയിൽ പങ്കെടുത്തത്. അതും മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം. കണ്ണൂരിലെ വിരുദ്ധ ലോബിയാണോ മറ്റ് ജില്ലകളിൽ യാത്രയെ പൊളിക്കാൻ മുന്നിട്ട് നിൽക്കുന്നതെന്ന സംശയം സിപിഎമ്മിൽ സജീവമാണ്. യാത്ര കഴിഞ്ഞ ശേഷം ഇതെല്ലാം ഗോവിന്ദൻ പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാക്കും. നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.

ജാഥയ്ക്കിടെ മുൻപ് തൃശൂരിൽ വച്ച് എം വിഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വിവാദമായിരുന്നു. അതിന് മുമ്പ് വരെ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ഗോവിന്ദന്റെ ശ്രമം. എൻ എസ് എസ് ആസ്ഥാനത്തേക്ക് മന്ത്രി കെ രാധാകൃഷ്ണനെ പോലും അയച്ചു. പിണറായിയുമായി ഉടക്കി നിൽക്കുന്ന എൻ എസ് എസിനേയും അടുപ്പിക്കാനായുള്ള നീക്കം. ഇതിനൊപ്പം സഭാ തർക്കത്തിലും ഇടപെടാൻ ശ്രമിച്ചു. ജനകീയ മുഖമായി മാറാനുള്ള ഗോവിന്ദന്റെ ശ്രമത്തെ പാർട്ടിയിൽ ആരോ ഭയക്കുന്നു. അതിന്റെ ഫലമാണ് പ്രതിരോധ ജാഥയിലെ കേഡർ വിരുദ്ധ കാഴ്ചകളെന്നാണ് വിലയിരുത്തൽ.

കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിൽ നടമറച്ച് സ്ഥാപിച്ച എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം പ്രവർത്തകർ എടുത്തുമാറ്റിയിരുന്നു. കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഫ്ളക്സ് നീക്കം ചെയ്തത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അഭിവാദ്യം അറിയിച്ചുകൊണ്ടുള്ള കട്ടൗട്ട് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ കട്ടൗട്ട് നീക്കം ചെയ്യുകയായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെയും നീക്കംചെയ്യുന്നതിന്റെയും വീഡിയോകൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുണ്ട്. അമ്പല നട മറച്ചായിരുന്നു ഫ്‌ളക്‌സ് വച്ചത്.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിയമപരമായി നേരിടാൻ ആരോപണവിധേയർക്കെല്ലാം പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്ന് എം വിഗോവിന്ദൻ പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണം നിയമപരമായി നേരിടുമെന്നും പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ചു നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി അനുമതിയില്ലാത്തതിനാൽ നിയമനടപടിക്കു പോകുന്നില്ല എന്നാണല്ലോ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണൻ എന്നിവർ പറയുന്നത് എന്ന ചോദ്യത്തിന് എല്ലാവർക്കും അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ''സ്വപ്നയുടെ ആരോപണങ്ങളെല്ലാം ചീറ്റിപ്പോയി. തിരക്കഥയൊപ്പിച്ചുള്ള കാര്യങ്ങളാണു നടക്കുന്നത്'' അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി നിയമനടപടിക്കു പോകുമോ എന്ന ചോദ്യത്തിന് അതു മാത്രമല്ലല്ലോ മുഖ്യമന്ത്രിയുടെ ജോലി എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അറിയുകപോലുമില്ലാത്ത ഒരാളുമായി ചേർത്ത് അവാസ്തവമായ ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ''കണ്ണൂരിലെ റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്റെ ആരോപണത്തിനുള്ള മറുപടി അദ്ദേഹത്തോടു ചോദിക്കണം. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം മാധ്യമങ്ങളോടു പറയാനാകില്ല. ബ്രഹ്‌മപുരം മാലിന്യവിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു നടപടിയെടുത്തു. സഭാതർക്ക വിഷയത്തിൽ ആരെയെങ്കിലും ശത്രുവോ മിത്രമോ ആക്കിയുള്ള നിലപാടു സ്വീകരിക്കില്ല. സുപ്രീം കോടതി വിധിയടക്കം പരിഗണിച്ച് പ്രശ്‌നം പരിഹരിക്കുകയാണു ലക്ഷ്യം. കേരള കോൺഗ്രസുമായി (എം) നല്ല ബന്ധത്തിലാണ്'' ഗോവിന്ദൻ പറഞ്ഞു.

ജനകീയ പ്രതിരോധ ജാഥയ്ക്കു പാലാ സ്വകാര്യ ബസ് സ്റ്റാൻഡിൽ വേദിയൊരുക്കിയതു സംബന്ധിച്ച പരാതികളെക്കുറിച്ചു ചോദിച്ചപ്പോൾ എം വിഗോവിന്ദൻ പറഞ്ഞതിങ്ങനെ: ''ജനകീയ പ്രതിരോധം ഉയർത്തുമ്പോൾ ഗതാഗത തടസ്സം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടാകും. അതു ജനം സഹിക്കേണ്ടിവരും''.-ഇതായിരുന്നു മറുപടി.