കോഴിക്കോട്: ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത വരുമ്പോള്‍ വിഷയം കരുതലോടെ കൈകാര്യം ചെയ്യാന്‍ സിപിഎം. പന്നി മാംസം നിഷിദ്ധം ആയവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗമെന്നാണ് നാസര്‍ ഫൈസി കൂടത്തായി പറയുന്നത്. അവരെ അവഹേളിക്കുന്നതാണ് ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചാലഞ്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റിയാണ് വയനാടിനായി പോര്‍ക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. ഇ്ത് വലിയ പ്രചരണമാക്കി ഡിവൈഎഫ് ഐ മാറ്റുകയും ചെയ്തു.

ഡി വൈ എഫ് ഐയുടേത് മതനിന്ദയാണെന്നും നാസര്‍ ഫൈസി കൂടത്തായി ആരോപിക്കുന്നു. വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്ഐ കോതമംഗലം കമ്മിറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ' ന്യായം ' അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല- ഫെയ്സ് ബുക്ക് പോസറ്റില്‍ നാസര്‍ ഫൈസി കൂടത്തായി പറയുന്നു.ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മത നിന്ദ എന്നതാണ് പോസ്റ്റിന്റെ തലക്കെട്ട്. മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസമെന്നാണ് കൂടത്തായിയുടെ വിമര്‍ശനം.

മുമ്പും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ നേതാവാണ് നാസര്‍ ഫൈസി കൂടത്തായി. ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച് മുസ്‌ലിം യുവതയെ വഴിപിഴപ്പിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് നാസര്‍ ഫൈസി കൂടത്തായി നേരത്തേയും ആരോപിച്ചിരുന്നു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി വഴിക്കടവില്‍ നിന്ന് പൊന്നാനിയിലേക്ക് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ തിരൂരങ്ങാടി മണ്ഡലംതല സമാപന സമ്മേളനത്തിലായിരുന്നു അന്ന ആ പ്രസ്താവന. മുസ്ലീം ലീഗ് നേതൃത്വവുമായി അടുത്തു നില്‍ക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. സമസ്തയിലെ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ശ്രമിച്ചതിനെ മുസ്ലീംലീഗ് പ്രതിരോധിച്ചത് കൂടത്തായിയെ പോലുള്ളവരെയാണ്.

ആരെയൊക്കെ ഉപയോഗിച്ച് മുസ്‌ലിം സമുദായത്തിന്റെ ഐക്യം തകര്‍ക്കാന്‍ നോക്കിയാലും, ഐക്യനിരയില്‍ നിന്ന് ആരെ അടര്‍ത്താന്‍ ശ്രമിച്ചാലും സമുദായ ഐക്യം ലക്ഷ്യമിട്ട് യൂത്ത് ലീഗ് രാഷ്ട്രീയ യാത്ര തുടരണം. പാണക്കാട് തങ്ങന്മാരും സമസ്തയും സമുദായത്തിന് ഒന്നിച്ച് നേതൃത്വം നല്‍കാനും ആ ബന്ധം അരക്കിട്ടുറപ്പിക്കാനും യൂത്ത് ലീഗ് മുന്നോട്ടുവരണമെന്നും കൂടത്തായി പറഞ്ഞിരുന്നു. മുസ്‌ലിം ലീഗും യൂത്ത് ലീഗും രാഷ്ട്രീയപ്രതിരോധവും തീര്‍ക്കും. ആദര്‍ശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും പറഞ്ഞ മതനേതാവ്. അതുകൊണ്ട് തന്നെ പുതിയ വിവാദത്തിലും രാഷ്ട്രീയ ഇടപെടല്‍ സിപിഎം കാണുന്നുണ്ട്. എന്നാല്‍ മതപരമായ വിഷയത്തില്‍ കുറച്ചു കൂടെ കരുതല്‍ സഖാക്കളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന പക്ഷമാണ് സിപിഎം നേതൃത്വത്തിന്റേത്.

നേരത്തെ മുശാവറ അംഗം കൂടിയായ നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതിലാണ് സമസ്ത നേതൃത്വം താക്കീത് ചെയ്തത്. പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി മുക്കം മുസ്ലീം ലീഗിനെതിരെ പറഞ്ഞത് ശരിയായില്ലെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞതാണ് താക്കീതിന് വഴിവച്ചത്.

അതായത് സിപിഎമ്മുമായി അടുക്കാന്‍ ശ്രമിക്കുന്ന സമസ്ത പക്ഷത്തിന്റെ നേതാവല്ല ഫൈസിയെന്നതാണ് സിപിഎമ്മിന് ആ ഘട്ടത്തില്‍ ആശ്വാസമാകുന്നത്. എങ്കിലും ന്യൂനപക്ഷങ്ങളെ എതിരാക്കുന്നതൊന്നും പാടില്ലെന്ന സന്ദേശം എല്ലാ ഘടകങ്ങള്‍ക്കും സിപിഎം നല്‍കിയേക്കും.