തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് സിപിഎം ആലോചനയില്‍. എകെ ശശീന്ദ്രന്‍ മത്സരിച്ചില്ലെങ്കില്‍ എലത്തൂരും സിപിഎം മത്സരിക്കും. എന്‍സിപിയിലെ മന്ത്രിസ്ഥാന തര്‍ക്കം മുതല്‍കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. കൂറുമാറ്റക്കോഴ വിവാദത്തില്‍പെട്ട തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം നല്‍കുന്നതിനോടു മുഖ്യമന്ത്രി പിണറായി വിജയനു യോജിപ്പില്ല. ഈ തര്‍ക്കം എന്‍സിപിയെ ഇടതുമുന്നണിക്ക് പുറത്തേക്ക് നയിക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെ നീക്കങ്ങളോടും മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ല. സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ടിനെ കൂടെ നിര്‍ത്തി തനിക്കെതിരെ അട്ടിമറി നീക്കം പിസി ചാക്കോ നടത്തിയെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.

മന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന് തോമസ് കെ.തോമസ് എംഎല്‍എ ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തോമസിനു വേണ്ടിയുള്ള എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ വാദമുഖങ്ങള്‍ അംഗീകരിക്കേണ്ടെന്ന തീരുമാനത്തിലാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിയും പാര്‍ട്ടി പ്രസിഡന്റും തമ്മിലുള്ള ഈ തര്‍ക്കം പിളര്‍പ്പിലേക്ക് നയിക്കാനാണ് സാധ്യത. സിപിഎം എല്ലാം നിരീക്ഷിക്കുന്നുണ്ട്. മന്ത്രി ശശീന്ദ്രനാണ് നിലവില്‍ സിപിഎമ്മിന്റെ പിന്തുണ. എന്‍സിപി ദേശീയ നേതാവ് ശരത് പവാറും കേരളത്തിലെ പ്രതിസന്ധിയില്‍ തൃപ്തനല്ല. മന്ത്രിസ്ഥാനം സംബന്ധിച്ചു ശശീന്ദ്രനും തോമസും തമ്മിലുള്ള തര്‍ക്കത്തില്‍ ആദ്യം മധ്യസ്ഥത വഹിച്ച പവാര്‍ ഇപ്പോള്‍ ശശീന്ദ്രനും ചാക്കോയും തമ്മിലെ ഭിന്നത തീര്‍ക്കേണ്ട സ്ഥിതിയിലാണ്.

എന്‍സിപിയുടെ തീരുമാനം ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ്. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നു വന്നാല്‍ എന്‍സിപിക്ക് മുന്നണി വിടേണ്ടി വരും. മുഖ്യമന്ത്രിയെ തള്ളിപ്പറയാതെ പാര്‍ട്ടിനിലപാട് വ്യക്തമാക്കുന്ന സമീപനമാണ് തോമസും ചാക്കോയും സ്വീകരിക്കുന്നത്. എന്നാല്‍ തനിക്കു പകരം തോമസിനെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ വാശി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്നു ശശീന്ദ്രന്‍ പറയുന്നു. എന്‍സിപി കേന്ദ്രനേതൃത്വത്തെക്കൊണ്ട് മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താന്‍ ചാക്കോ നടത്തുന്ന ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. ശരത് പവാറിനും ഇനി പിണറായി വഴങ്ങില്ല. സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ടിനെ വിവാദത്തില്‍ ഉള്‍പ്പെടുത്തിയതും പിണറായിയെ ചൊടുപ്പിച്ചിട്ടുണ്ട്.

എന്‍.സി.പി.യുടെ മന്ത്രിമാറ്റ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് സി.പി.എമ്മില്‍ ധാരണ ഉണ്ടായിട്ടുണ്ട്. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന ഉറച്ചനിലപാടിലാണ് മുഖ്യമന്ത്രി. ഇതിനുള്ള വിശദീകരണം ദേശീയ കോഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ ധരിപ്പിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രനുപകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം പ്രകാശ് കാരാട്ടിന്റെ മുന്നിലേക്ക് എന്‍.സി.പി. നേതൃത്വം എത്തിച്ച സാഹചര്യത്തിലാണിത്. മന്ത്രിമാറ്റം അംഗീകരിച്ചില്ലെങ്കില്‍ ശശീന്ദ്രനെ പിന്‍വലിക്കാനുള്ള സമ്മര്‍ദനീക്കവും സി.പി.എം. മുഖവിലയ്‌ക്കെടുക്കില്ല. തോമസ് കെ. തോമസിനെതിരേ പരാതികളുണ്ട്. മുന്നണി മാറാന്‍ എം.എല്‍.എ.മാര്‍ക്ക് കോഴ വാഗ്ദാനംചെയ്തുവെന്നതടക്കമുള്ള പരാതി രാഷ്ട്രീയമായി ഏറെ ഗൗരവമുള്ളതാണ്. ഇതാണ് മുഖ്യമന്ത്രിയും ആയുധമാക്കുന്നത്.

രാജ്യത്ത് എന്‍.സി.പി.ക്ക് മന്ത്രിയുള്ളത് നിലവില്‍ കേരളത്തില്‍ മാത്രാണ്. മഹാരാഷ്ട്രയിലെ തിരിച്ചടി ശരത് പവാറിനെ രാഷ്ട്രീയമായി ദുര്‍ബലമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏകമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്നതില്‍ എന്‍.സി.പി.യിലും ഭിന്നാഭിപ്രായമുണുള്ളത്. ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തിയാലും ഒന്നും ചെയ്യാന്‍ പവാറിന് കഴിയില്ല. എന്‍സിപിയുടെ ഔദ്യോഗിക അംഗീകാരം മഹാരാഷ്ട്രയിലെ ഉപ മുഖ്യമന്ത്രി അജിത് പവാറിനാണ്. ഈ സാഹചര്യം മുതലെടുത്ത് പുതിയ പാര്‍ട്ടി ശശീന്ദ്രന്‍ ഉണ്ടാക്കുമെന്നാണ് സൂചനകള്‍.

തോമസ് കെ. തോമസ് മന്ത്രിയാവുന്നതിന് തന്റെ മന്ത്രിസ്ഥാനം തടസ്സമല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാവണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. എന്‍.സി.പി.ക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ശശീന്ദ്രന്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് പിളര്‍പ്പിന്റെ സൂചനയാണ്. എന്‍സിപി പിളര്‍പ്പിലേക്കെന്ന സൂചനക്കിടെ തൃശൂരില്‍ എ.കെ ശശീന്ദ്രന്‍ വിളിച്ച സമാന്തര യോഗം മാറ്റി വെച്ചിരുന്നു. യോഗം ചേര്‍ന്നാല്‍ ശശീന്ദ്രനെതിരെ പി.സി ചാക്കോ നടപടിയെടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള പിന്‍വാങ്ങല്‍.

രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആണെന്നാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വിമര്‍ശനം. പകരം മന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രന്‍ രാജി വെക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികള്‍ക്ക് എതിരെ നീങ്ങാന്‍ ശശീന്ദ്രന്‍ പക്ഷം ആലോചിക്കുന്നത്. തൃശൂരില്‍ യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ തയാറാക്കാന്‍ ധാരണയായിരുന്നു. സമാന്തര യോഗം നടക്കുന്ന വിവരം മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ ശശീന്ദ്രന്‍ പക്ഷം യോഗം മാറ്റി വെച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് യോഗം മാറ്റിയത്.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം. 23ന് യോഗം ചേരുന്നതാണ് പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി സ്ഥാനത്തിനുള്ള തടസം നീക്കാനാണ് തോമസ് കെ തോമസിന്റെ ശ്രമം. തോമസിന് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പിസി ചാക്കോയുടെ നിലപാട്. തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ട് തീരുമാനം അറിഞ്ഞശേഷം നിലപാട് സ്വീകരിക്കാനാണ് ധാരണ.