തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ ശക്തമായ പ്രതിപക്ഷ സമരങ്ങള്‍ തീര്‍ത്തും കുറവായിരുന്നു. രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായതോടെയാണ് സമരങ്ങളുടെ വരവുണ്ടായത്. മുഖ്യമന്ത്രിയെ അടക്കം വഴിയില്‍ കരിങ്കൊടി കാട്ടിയും സെക്രട്ടറിയേറ്റിന് മുന്നില്‍സ സമരവേലിയേറ്റങ്ങള്‍ തീര്‍ത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊളുത്തി വിട്ട ഊര്‍ജം സംസ്ഥാനമാകെ പടര്‍ന്നു. പിണറായി വിജയന് നേരെ കൈ ചൂണ്ടി, നയങ്ങള്‍ ചോദ്യം ചെയ്ത് സമരം നയിക്കാന്‍ രാഹുല്‍ തന്നെ മുന്നില്‍ നിന്നു.

ആകെ വലഞ്ഞ സര്‍ക്കാരിന് മുന്നില്‍ പിന്നെ ഒറ്റ വഴിയേ ഉള്ളായിരുന്നു. രാഹുലിനെ നിര്‍ജീവമാക്കുക. ഒന്നിന് പിറകേ ഒന്നായി മൂന്ന് റേപ്പ് കേസുള്‍ രജിസ്റ്റര്‍ ചെയ്ത് രാഹുലിനെ കുടുക്കി. മാതൃസംഘടനയായ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. രാഹുല്‍ പാര്‍ട്ടിക്ക് പുറത്തായി. അതിവിദഗ്ധമായി രാഹുലിനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐക്കാര്‍ക്ക് ചീമുട്ട എറിയാന്‍ അവസരമുണ്ടാക്കി അയാളെ അവര്‍ക്ക് മുന്നിലേക്ക് പോലീസ് ഇട്ടു കൊടുത്തു. ഇവിടെ തീര്‍ന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളും സമരപരമ്പരകളും. അങ്ങനെ യൂത്ത് കോണ്‍ഗ്രസ് ഷെഡില്‍ കയറി.

പക്ഷേ, രാഹുല്‍ കൊളുത്തിയ സമര ജ്വാലകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കെ.എസ്.യു മുന്നോട്ടു വന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് അവര്‍ മുന്നോട്ടു വന്നു. അത് പൊളിക്കാന്‍ സിപിഎമ്മിന് അധികം പണിയെടുക്കേണ്ടി വന്നില്ല. വീണാ ജോര്‍ജിന്റെ പിടലി ഉളുക്ക് അഭിനയത്തിലൂടെ, മന്ത്രിയുടെ പിടലി ഒടിച്ചുവെന്ന എംവി ഗോവിന്ദന്റെ ഒറ്റപ്രസ്താവനയിലൂടെ, ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രതിഷേധത്തിലൂടെ അവരും കരയ്ക്ക് കയറി.

സര്‍ക്കാരിന്റെ നയങ്ങളും സിപിഎം-ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളുടെ ധാര്‍ഷ്ട്യവും പോലീസിന് നേരെയുള്ള കുതിര കയറ്റവുമെല്ലാം കാരണം പൊതുജനാഭിപ്രായം എതിരായി നില്‍ക്കുകയാണ്. സര്‍ക്കാരിനെതിരേ തുടര്‍ സമരം നയിക്കേണ്ട നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ തെരഞ്ഞെടുപ്പിലാണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയുള്ള വേവലാതികളും ചേരി തിരിഞ്ഞുള്ള പിആര്‍ വര്‍ക്കുമാണ് നടന്നു വരുന്നത്. ആരോഗ്യമേഖലയിലെ വീഴ്ച, ക്രമസമാധാന തകര്‍ച്ച, ഡേറ്റ ചോര്‍ച്ച, പിന്‍വാതില്‍ നിയമനം തുടങ്ങി ചര്‍ച്ചയും സമരവും നടത്തേണ്ട നിരവധി വിഷയങ്ങളില്‍ യുഡിഎഫിന് അനക്കമില്ല. സമീപകാല കോടതി വിധികളില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള, ആഗോള അയ്യപ്പസംഗമത്തിലെ കൊള്ള, യുവതി പ്രവേശം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിആര്‍ ധൂര്‍ത്ത് എന്നിങ്ങനെ സമരം നടത്തേണ്ട നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷം നിര്‍ജീവമാണ്.

ഇതൊക്കെ ഏറ്റെടുത്ത് സമരം ചെയ്തിരുന്നത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവുമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിന്റെ ഒറ്റ നേതൃപാടവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റു. സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന വിധം സഭയ്ക്ക് അകത്തും പുറത്തും രാഹുലിന്റെ ശബ്ദം ഉയര്‍ന്നു. ഒരാളെയും അയാള്‍ വെറുതേ വിട്ടില്ല. രാഹുലിന്റെ ചോദ്യമുനയിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും സര്‍ക്കാരും സിപിഎമ്മും വിയര്‍ത്തു. പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് ചോദ്യം ചെയ്തു. ഇതിന്റെ അനുരണനം ജില്ലകളിലുമുണ്ടായി. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസിന് പുതുജീവന്‍ ലഭിച്ചു. രാഹുലിനെ ഒതുക്കിയില്ലെങ്കില്‍ കുഴപ്പമാകുമെന്ന് കണ്ടാണ് സര്‍ക്കാര്‍ സകല സംവിധാനങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്തലിന് ഇറങ്ങിയത്. പരാതിക്കാരെ നിര്‍ബന്ധിച്ച് കളത്തിലിറക്കി. ചില ചാനലുകള്‍ കൂടിയായതോടെ രാഹുല്‍ പെട്ടു. വിവാദം അലയടിച്ചുയര്‍ന്നതോടെ രാഹുലിനെ തള്ളിക്കളയാതെ രക്ഷയില്ല എന്ന അവസ്ഥയായി കോണ്‍ഗ്രസിന്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്തായതോടെ സമരങ്ങള്‍ നിലച്ചു. പകരം വന്ന ഓ.ജെ. ജനീഷിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല.

തെരഞ്ഞെടുപ്പ് അടുത്തതോടെ കെ.എസ്.യു സജീവമായി. അവരുടെ സമരങ്ങള്‍ വിജയിക്കുമെന്നായപ്പോഴാണ് ആരോഗ്യമന്ത്രിയുടെ പിടലി ഉളുക്ക് നാടകം വന്നത്. മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തത്. എല്ലാ ദൃശ്യങ്ങളിലും അത് വ്യക്തവുമായിരുന്നു. എന്നാല്‍, അതിന് ശേഷം വന്ന എംവി ഗോവിന്ദന്റെ വാക്കുകള്‍ ഏവരെയും ഞെട്ടിച്ചു. മന്ത്രിയുടെ കൈ പിടിച്ച് തിരിച്ചു, കഴുത്തൊടിച്ചു. ഗോവിന്ദന്റെ പച്ചക്കളളം കേട്ട് എല്ലാവരും ഞെട്ടി. പക്ഷേ, ആ ഒറ്റ പ്രസ്താവന ഏറ്റെടുത്ത് ഡിവൈഎഫ്ഐ അക്രമസമരങ്ങള്‍ തുടങ്ങി. എല്ലാവരും കരുതിയതു പോലെ ഗോവിന്ദന്‍ പച്ചക്കളളം പറഞ്ഞതായിരുന്നില്ല അത്. ആ ഒറ്റ പെരുങ്കള്ളത്തിന്റെ പേരില്‍ കെ.എസ്.യുവിനെ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചു. ഇനി ഏതെങ്കിലും കെ.എസ്.യുക്കാരന്‍ സമരത്തിന് ഇറങ്ങിയാല്‍ ഡിവൈഎഫ്ഐക്കാര്‍ അടിച്ചോടിക്കും. ഇതോടെ തീര്‍ന്നു പ്രതിപക്ഷ സമരത്തിന്റെ കഥ.

ഇനി സിപിഎമ്മിനും സര്‍ക്കാരിനും സ്വസ്ഥമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍. ശബരിമല സ്വര്‍ണക്കൊള്ളയും വയറിനുള്ളിലെ കത്രികയും തേഞ്ഞുമാഞ്ഞു തുടങ്ങി. പ്രതിപക്ഷ സമരവും ഇല്ലാതായി. അങ്ങനെ സിപിഎം തെരഞ്ഞെടുപ്പിന് ഒരുങ്ങുകയായി.