- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി എഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് നാലിലേക്ക്; മുന്നണികള്‍ കണക്കുകൂട്ടലില്‍; തെക്കന്‍ കേരളത്തിലെ പോളിംഗ് വര്‍ദ്ധനവില്‍ യുഡിഎഫ് ആവേശം; 80 സീറ്റുകള്‍ നേടുമെന്ന് അവകാശവാദം; വികസനത്തുടര്‍ച്ചയില്‍ എല്‍ഡിഎഫിന് ഉറച്ച വിശ്വാസം; ബിജെപി പ്രതീക്ഷിക്കുന്നത് 5ല്‍ അധികം സീറ്റുകള്‍; സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നെഞ്ചിടിപ്പ് തുടരുമ്പോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി മെയ് നാല് വരെ നീളുന്ന ആകാംക്ഷയുടെയും കണക്കുകൂട്ടലുകളുടെയും നാളുകള്‍. സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റപ്പെട്ട വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നെഞ്ചിടിപ്പും ഉയരുകയാണ്. വോട്ടര്‍പട്ടികയിലെ കൃത്യമായ ശുദ്ധീകരണത്തിന് ശേഷം നടന്ന പോളിംഗില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് ആര്‍ക്ക് ഭരണത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
പതിവ് ശൈലിയില്‍ നിന്ന് മാറി ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യു.ഡി.എഫ് ക്യാമ്പുകളില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും വോട്ടര്‍പട്ടികയിലെ ശുദ്ധീകരണം ഇരട്ടവോട്ടുകളും കൃത്രിമ വോട്ടുകളും തടയാന്‍ സഹായിച്ചുവെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. അടിത്തട്ടിലെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.
അതേസമയം, ഭരണവിരുദ്ധ വികാരങ്ങളുണ്ടെന്ന പ്രചാരണത്തെ എല്‍.ഡി.എഫ് തള്ളിക്കളയുന്നു. സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച വലിയ ജനപിന്തുണ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് ഇടത് മുന്നണി വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് ഇടത് ക്യാമ്പിലെ ഉറച്ച കണക്കുകൂട്ടല്‍. ബൂത്തുതല വിവരശേഖരണവും പ്രാദേശികാടിസ്ഥാനത്തിലുള്ള അവലോകനങ്ങളും മുന്നണികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇത്തവണ കൈവിടില്ലെന്നും വോട്ടുവിഹിതത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ ഇത്തവണ തൂക്കുസഭ വരുമെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ഭരണം നിശ്ചയിക്കുന്ന നിര്‍ണ്ണായക ശക്തിയാകുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു. അഞ്ചു സീറ്റില്‍ അധികം പ്രതീക്ഷിക്കുന്നുണ്ട് ബിജെപി. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് മാത്രമേ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.
സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വിജയപ്രതീക്ഷയില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.ഡി.എഫ്. നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കണ്ട ആവേശം പോളിംഗ് ബൂത്തുകളിലും പ്രതിഫലിച്ചതായും ഭരണമാറ്റം ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. 'ബൈ ബൈ പിണറായി' എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചപ്പോള്‍, പിണറായി വിജയന് കേരള ജനത ഗുഡ്ബൈ പറഞ്ഞ ദിവസമായിരുന്നു വോട്ടെടുപ്പ് ദിനമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. യു.ഡി.എഫിന്റെ പ്രതീക്ഷയുടെ ഗ്രാഫ് വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണെന്ന് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി തങ്ങള്‍ക്ക് അനുകൂലമായി സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് മുസ്ലിം ലീഗ് നേതാക്കള്‍. രാഷ്ട്രീയ സാഹചര്യം കൃത്യമായി മനസ്സിലാക്കി ജനം യു.ഡി.എഫിന് വോട്ട് ചെയ്തുവെന്നും നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രത്യാശ പ്രകടിപ്പിച്ചു. വോട്ടര്‍ പട്ടികയിലെ ശുദ്ധീകരണവും തെക്കന്‍ കേരളത്തിലുണ്ടായ മികച്ച പോളിംഗും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിലെ പൊതുവായ കണക്കുകൂട്ടല്‍.
അതേസമയം, വികസനത്തിന് ഇടവേളയുണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച ജനപിന്തുണ വോട്ടായി മാറിയെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് ഇടത് ക്യാമ്പിലെ ഉറച്ച വിശ്വാസം. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ വോട്ടുകള്‍ ബൂത്തിലെത്തിക്കാന്‍ സാധിച്ചതായി നേതാക്കള്‍ വിലയിരുത്തുന്നു.


