മലപ്പുറം: നിലമ്പൂര്‍ ചുള്ളിയോട് പാര്‍ട്ടി ഓഫിസില്‍ നിന്നു പുറത്തിറങ്ങി വാഹനത്തിലേയ്ക്കു നടക്കുമ്പോഴാണ് സഖാക്കളുടെ മുഖത്തേയ്ക്ക് എതിര്‍ഭാഗത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസില്‍ നിന്ന് ഒരു ടോര്‍ച്ച് വെളിച്ചം അടിക്കുന്നത്. 'ആരാടാ' എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കില്‍ നിന്നു തുപ്പിയ തീയുണ്ട. സഖാവ് കുഞ്ഞാലി വെടിയേറ്റു വീണു. 1969 ജൂലൈ 26 നാണ് കുഞ്ഞാലി വെടിയേറ്റു വീണത്. 28 ന് ആശുപത്രിയില്‍ മരിച്ചു. രാജ്യത്തു തന്നെ എംഎല്‍എ ആയിരിക്കെ വെടിയേറ്റു മരിച്ച ആദ്യത്തെ ആള്‍ കുഞ്ഞാലിയാണെന്നാണ് വിലയിരുത്തല്‍. ആ കുഞ്ഞാലിയുടെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് എത്തുന്നു. കുഞ്ഞാലി വെടിയേറ്റ് വീണ ശേഷം ഈ മണ്ഡലത്തില്‍ സിപിഎമ്മിന് ഏകപക്ഷീയ വിജയങ്ങളില്ല. കോണ്‍ഗ്രസ് വിമതനായ പിവി അന്‍വറിന്റെ വിജയങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ സിപിഎം നേട്ടമായി അവതരിപ്പിച്ചിട്ടുമില്ല. പക്ഷേ ഭരണ തുടര്‍ച്ചയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി തലടെയുപ്പില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎമ്മിന്റെ ക്യാപ്ടന്‍. ഈ ക്യാപ്ടനെ വെല്ലുവിളിച്ചാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതിന്റെ രാഷ്ട്രീയ പക മുഖ്യമന്ത്രിക്കുണ്ട്. മറുനാടന്‍ മലായളിയെ തകര്‍ക്കാന്‍ പിവി അന്‍വര്‍ പറഞ്ഞതെല്ലാം ചെയ്ത് പരാജായപ്പെട്ട മുഖ്യമന്ത്രി. ഇതേ മുഖ്യമന്ത്രിയെയാണ് പഴയ വിശ്വസ്തന്‍ വെല്ലുവിളിച്ചത്. അങ്ങനെ മറുനാടനെ ആറാം നിലയില്‍ നിന്നും താഴെയിറക്കാന്‍ കഴിയാത്ത പിവി അന്‍വറാണ് പുതിയ വെല്ലുവിള്ളിയുമായുള്ളത്. ഇങ്ങനെ കുഞ്ഞാലി വധമാണ് നിലമ്പൂരിലെ ആദ്യ ഉപതിരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ മൂന്നാമത്തേതിന് മറുനാടനാണ് കാരണക്കാരനാകുന്നത്.

നിലമ്പൂരില്‍ കളമൊരുങ്ങുന്നത് മണ്ഡല ചരിത്രത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിന്. സിറ്റിങ് എംഎല്‍എ കെ.കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1970ല്‍ ആണ് ആദ്യ ഉപതിരഞ്ഞെടുപ്പു നടന്നത്. അന്ന് സഹതാപ തരംഗം സിപിഎമ്മിനെ തുണച്ചില്ല. കോണ്‍ഗ്രസിന്റെ എം.പി.ഗംഗാധരന്‍ സിപിഎമ്മിന്റെ വി.പി.അബൂബക്കറിനെ തോല്‍പിച്ച് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കന്നിവിജയം നേടി. 1980ല്‍ ആയിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം സി.ഹരിദാസ് ആര്യാടന്‍ മുഹമ്മദിനുവേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു. എംഎല്‍എ അല്ലാത്ത ആര്യാടന്‍ മന്ത്രിയായ സാഹചര്യത്തിലായിരുന്നു ഇത്. അന്ന് ആര്യാടന്‍ ജയിച്ചു. കുഞ്ഞാലി വധക്കേസിന്റെ സൂത്രധാരനായി സിപിഎം ആരോപിച്ച ആര്യാടന്‍ മുഹമ്മദ് ഇടതുപക്ഷത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) ടിക്കറ്റിലാണ് 80ലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസ് (ഐ)യിലെ എം.ആര്‍.ചന്ദ്രനെ തോല്‍പിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പ് എത്തുന്നത് 2025ലും. ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ രണ്ടു തവണ ജയിച്ച പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു. ആ ബന്ധം ഊഷ്മളമായി പോകുമ്പോഴായിരുന്നു മറുനാടന്‍ വേട്ടയ്ക്ക് അന്‍വര്‍ ഇറങ്ങിയത്. നിലമ്പൂരാന്‍ എന്ന പേരില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ അന്‍വറിന്റെ ഈ നീക്കം എല്ലാ അര്‍ത്ഥത്തിലും പൊളിഞ്ഞു. നീതി പീഠത്തിന്റെ സഹായത്തോടെ പ്രതിസന്ധികളെല്ലാം മറുനാടന്‍ അതിജീവിച്ചു. പിന്നീട് ഒന്നിച്ചു നിന്നവര്‍ തെറ്റി പിരിഞ്ഞു.

മറുനാടന്‍ വേട്ടയ്ക്കായി അന്ന് ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ മുന്നില്‍ നിര്‍ത്തി അവിഹിതമായി പലതും അന്‍വര്‍ ചെയ്തു. പക്ഷേ മറുനാടനെ വീഴ്ത്താനായില്ല. പിന്നീട് പെട്ടൊന്നുരു ദിവസം പിണറായിയ്‌ക്കെതിരെ അന്‍വര്‍ തിരിഞ്ഞു. അതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതം. പക്ഷേ പിണറായിസത്തെയാണ് അന്‍വര്‍ ഇന്ന് വെല്ലുവിളിക്കുന്നത്. അങ്ങനെ കുഞ്ഞാലിയും ആര്യാടനും നിറഞ്ഞ നിലമ്പൂരില്‍ പിണറായിസവും അന്‍വറിസവും ഏറ്റുമുട്ടി പുതിയൊരു ഉപതിരഞ്ഞെടുപ്പ് വരുന്നു. സിപിഎമ്മിനും യുഡിഎഫിനും ജയിച്ചേ മതിയാകൂ. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടു മുമ്പിലുണ്ട്. എട്ട് മാസത്തിനകം കേരളം 2026ല്‍ ആരു ഭരിക്കുമെന്നതിന് ജനം വിധിയെഴുതും. നവംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ മുന്‍തൂക്കം ആര്‍ക്കാണെന്ന് നിര്‍ണ്ണയിക്കുന്നതില്‍ അതുകൊണ്ട് തന്നെ നിലമ്പൂരിലെ 2025ലെ ഉപതിരഞ്ഞെടുപ്പിന് പ്രസക്തി ഏറെയാണ്.

ആര്യാടനും കുഞ്ഞാലിയും

ആര്യാടന്റെ രാഷ്ട്രീയജീവിതത്തിലെ ദുര്‍ഘടമായ ഒരു വഴിത്തിരിവായിരുന്നു സഖാവ് കുഞ്ഞാലിവധം. കോടതി കുറ്റവിമുക്തനാക്കിയിട്ടും കൊലയാളിയെന്ന ആരോപണം വേട്ടയാടി. 1969 ജൂലായ് 26-ന് അര്‍ധരാത്രിയാണ് ചുള്ളിയോട് അങ്ങാടിയില്‍ സി.പി.എം. എം.എല്‍.എ. കൂടിയായ കുഞ്ഞാലി വെടിയേറ്റുമരിക്കുന്നത്. വെടിവെച്ചത് ഡി.സി.സി. സെക്രട്ടറികൂടിയായ ആര്യാടനാണെന്ന് കോണ്‍സ്റ്റബിള്‍ കുഞ്ഞമ്പുനായര്‍ക്ക് കുഞ്ഞാലി മരണമൊഴി നല്‍കി. ഇതാണ് ആര്യാടനെതിരേ ശക്തമായ തെളിവായത്. എന്നാല്‍ വെടിയേറ്റ കുഞ്ഞാലിക്ക് മയങ്ങാന്‍ വീര്യംകൂടിയ മരുന്നു കൊടുത്തെന്ന ആശുപത്രി രേഖകള്‍ ഉയര്‍ത്തിയാണ് ഇതിനെ ആര്യാടന്റെ വക്കീല്‍ പ്രതിരോധിച്ചത്. ഒമ്പതുമാസത്തോളം വിചാരണത്തടവുകാരനായി ആര്യാടനും മറ്റ് 24 പേരും കോഴിക്കോട് സബ്ജയിലില്‍ കിടന്നു. 1970 ഏപ്രില്‍ 16-ന് ഇവരെ കോടതി വെറുതെവിട്ടു.

ഈ ആരോപണം പലതവണ ആര്യാടന്‍ നിഷേധിച്ചിട്ടുണ്ട്. ''എസ്റ്റേറ്റുടമ അവറാച്ചന്റെ അനുമതിയോടെ കുഞ്ഞാലി തന്റെ യൂണിയന്‍കാരായ 19 പേരെ പണിക്കുകൊണ്ടുവന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ ആ തൊഴിലാളികള്‍ മുതലാളിയുമായി തെറ്റി. എല്ലാവരും എന്റെ യൂണിയനില്‍ ചേര്‍ന്നു. ഇതിന്റെ ദേഷ്യത്തില്‍ കുഞ്ഞാലി ആഴ്ചയവസാനത്തെ ചെലവുകാശ് വാങ്ങാനെത്തിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരെ ആക്രമിക്കാനൊരുങ്ങി. ആ സമയത്ത് ഞാന്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളിപ്രശ്നവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു. സംഭവമറിഞ്ഞ് അവിടുത്തെ പാര്‍ട്ടി ഓഫീസിലെത്തി. എന്നെയും പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ആയുധങ്ങളുമായി കുഞ്ഞാലിയും സംഘവും ഓഫീസിലേക്കുള്ള കോണി കയറി. ഇതുകണ്ട ഒരു ട്രാക്ടര്‍ ഡ്രൈവര്‍ കുഞ്ഞാലിയെ വെടിവെച്ചു. നേരത്തേ ഒരു തര്‍ക്കത്തില്‍ കുഞ്ഞാലി അയാളെ മര്‍ദിച്ചിരുന്നു. അതാണ് വിരോധത്തിന് കാരണം. ആരോ വിളിച്ചുപറയുമ്പോഴാണ് വെടിയേറ്റത് കുഞ്ഞാലിക്കാണെന്ന് ഞാനറിയുന്നത്''-ഇതായിരുന്നു ആര്യാടന്‍ പറഞ്ഞത്. കുഞ്ഞാലി കൊല്ലപ്പെടുമ്പോള്‍ കോണ്‍ഗ്രസായിരുന്ന ആര്യാടന്‍ പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം പാര്‍ട്ടി കുറച്ചു കാലത്തേക്ക് മാറി. 1980-ലെ തിരഞ്ഞെടുപ്പില്‍ ഇടതുചേരിയില്‍നിന്ന് മത്സരിച്ച ആര്യാടന്‍ 18,000 വോട്ടിനാണ് ജയിച്ചത്. ''ഞാന്‍ കൊലയാളിയല്ലെന്ന് അന്നുമുതല്‍ക്കേ സി.പി.എമ്മിനറിയാം. ഒരു സഖാവും എനിക്കെതിരായി സാക്ഷി പറഞ്ഞില്ല. യഥാര്‍ഥ കൊലയാളിയായ ട്രാക്ടര്‍ ഡ്രൈവറെ അവര്‍ തന്നെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാലും എല്ലാവര്‍ഷവും കുഞ്ഞാലി അനുസ്മരണദിനത്തില്‍മാത്രം ഞാന്‍ കൊലയാളിയാവും''- ആര്യാടന്‍ പലപ്പോഴും ഇങ്ങനെയാണ് വിശദീകരിച്ചത്.

1980-ലെ തിരഞ്ഞെടുപ്പില്‍ ആര്യാടനെ സിപിഎം ഇടതു സ്ഥാനാര്‍ഥിയാക്കിയ വിവരമറിഞ്ഞപ്പോള്‍ കുഞ്ഞാലിയുടെ ഭാര്യ സൈന അന്തംവിട്ടുപോയി. ''ജയിക്കുന്നയാള്‍ക്കും തോല്‍ക്കുന്നയാള്‍ക്കും എന്റെ വോട്ടില്ല'' എന്നായിരുന്നു സൈനയുടെ പ്രതികരണം. ഈ നിലപാടിലെ അപകടം പാര്‍ട്ടി തിരിച്ചറിഞ്ഞു. അവരെ അനുനയിപ്പിക്കാന്‍ സഹോദരനും പ്രസിദ്ധ നാടകകൃത്തുമായ കെ.ടി. മുഹമ്മദിനെ സമീപിച്ചു. അങ്ങനെ സൈനയെക്കൊണ്ട് ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കിച്ചു. സൈന എഴുതിയ പ്രസ്താവനയിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു; 'നിലമ്പൂരിലെ എന്നല്ല, ലോകത്തിലെത്തന്നെ ഒരു സ്ത്രീക്കും ഇങ്ങനെ ഒരു ഗതികേടുണ്ടാവരുത്'. എന്നാല്‍ ഈ ഭാഗം ഒഴിവാക്കിയാണ് ആ പ്രസ്താവന പുറത്തിറക്കിയത്. സൈനയും ആര്യാടനും തമ്മിലൊരു കൂടിക്കാഴ്ചയൊരുക്കാനും ശ്രമമുണ്ടായി. പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് കെ.ടി. ഉറപ്പുനല്‍കിയെങ്കിലും എങ്ങാനും കൈവിട്ടുപോയെങ്കിലോ എന്നു ഭയന്ന് അത് ഒഴിവാക്കിയെന്നതും നിലമ്പൂരിലെ രാഷ്ട്രീയ ചരിത്രമാണ്.

കുഞ്ഞാലിയുടെ കൊലയ്ക്ക് ശേഷം നിലമ്പൂര്‍ യുഡിഎഫിന്റെ കോട്ടയായി. 2021ല്‍ നിലമ്പൂരില്‍ രണ്ടാംതവണയും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വെന്നിക്കൊടിപാറിച്ചത് വെല്ലുവിളിയെ അതിജീവിച്ചായിരുന്നു. അപ്പോഴും മുന്‍ കോണ്‍ഗ്രസുകാരന്‍ എന്ന പ്രതിച്ഛായയിലായിരുന്നു അന്‍വറിന്റെ വിജയം. 2016ല്‍ നേടിയ 11504 എന്ന തിളക്കമാര്‍ന്ന ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ വന്‍ ഇടിവ് നേരിട്ടു. 2794 വോട്ടിനാണ് അന്‍വര്‍ ജയിച്ചത്. 2025ലെ ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ യുഡിഎഫിനൊപ്പം. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാം. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, കരുളായി, അമരമ്പലം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്‍തൂക്കം നേടിയത്. വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോഴും കുഞ്ഞാലി വധവും ആര്യാടന്‍ മുഹമ്മദും ചര്‍ച്ചകളില്‍ നിറയുന്നു.

നിലമ്പൂരിലെ മണ്ഡല ചരിത്രം ഇങ്ങനെ

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായ പി.വി.അന്‍വര്‍ 77858 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 66354 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി ഗിരീഷ് മേക്കാട്ട് 12284 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.ബാബുമണിക്ക് 4751 വോട്ടുമാണ് ലഭിച്ചത്. അന്‍വറിന് 11504 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 1965 മുതല്‍ ആര്യാടന്‍ മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്ന മണ്ഡലമാണ് നിലമ്പൂര്‍. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന്‍ 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മല്‍സര രംഗത്തു നിന്നും മാറി നിന്നു. എന്നാല്‍ 87ല്‍ 10333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ച് ആര്യാടന്‍ തിരിച്ചു വന്നു. 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിന് മണ്ഡലം തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. 2016ല്‍ അദ്ദേഹം പിന്‍മാറി മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരരംഗത്തിറങ്ങുകയായിരുന്നു. ഇടതു സ്വതന്ത്രനായി വന്ന പി.വി അന്‍വറിലൂടെ എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. അങ്ങനെ ആര്യാടന്റെ മകന്‍ തോറ്റു.

29 വര്‍ഷത്തിനു ശേഷം എല്‍ഡിഎഫിന് മണ്ഡലം തിരിച്ചുപിടിച്ചു നല്‍കിയ പി.വി. അന്‍വര്‍ കളം മാറി രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സിപിഎം എംഎല്‍എയായിരുന്ന കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം ഉപതെരഞ്ഞെടുപ്പ് നടന്നതും ആര്യാടന്‍ മുഹമ്മദും ടി.കെ. ഹംസയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യത്യസ്ത മുന്നണി സംവിധാനത്തില്‍ മാറ്റുരച്ച ചരിത്രവുമെല്ലാം നിലമ്പൂരിന് മാത്രം സ്വന്തം. സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂര്‍വ ചരിത്രമുള്ള നിയമസഭ മണ്ഡലമാണ് നിലമ്പൂര്‍. 1969ല്‍ കെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ല നിലവില്‍ വരുന്നതിനു മുന്‍പേയുള്ള മണ്ഡലമാണ് നിലമ്പൂര്‍. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ചാണ് നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചത്. സിപിഎമ്മിലെ കെ. കുഞ്ഞാലിയായിരുന്നു ആദ്യ എംഎല്‍എ 1967ലും കുഞ്ഞാലി വിജയം ആവര്‍ത്തിച്ചു. രണ്ടുതവണയും തോല്‍പ്പിച്ചത് ആര്യാടന്‍ മുഹമ്മദിനെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1970ല്‍ ആണ് ആദ്യ ഉപതെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസിന്റെ എം.പി. ഗംഗാധരന്‍ സിപിഐഎമ്മിന്റെ വി.പി. അബൂബക്കറിനെ അട്ടിമറിച്ച് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കന്നിവിജയം സ്വന്തമാക്കി.

1977ല്‍ ആണ് ആര്യാടന്‍ ആദ്യമായി നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. 1980ല്‍ ആയിരുന്നു രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ട് പത്ത് ദിവസത്തിനകം സി. ഹരിദാസ് ആര്യാടന്‍ മുഹമ്മദിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് (യു) നേതാവായിരുന്ന സി. ഹരിദാസ് തോല്‍പിച്ചത് കോണ്‍ഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഐഎം നേതാവ് ടി.കെ. ഹംസയെയാണ്. 1980ലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) ടിക്കറ്റിലാണ് ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് (ഐ)യിലെ എം.ആര്‍. ചന്ദ്രനെ തോല്‍പ്പിച്ചത്. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും രാഷ്ട്രീയരംഗം കീഴ്‌മേല്‍ മറിഞ്ഞ് ടി.കെ. ഹംസ ഇടതു സ്വതന്ത്രനായും ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും പോരാട്ടത്തിനിറങ്ങി. കടുത്ത പോരാട്ടത്തില്‍ ടി.കെ. ഹംസ ആര്യാടനെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടി നിയമസഭയിലെത്തി.

1987ല്‍ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ചു നിയമസഭയിലെത്തിയ ആര്യാടനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 വരെ വിജയം തുടര്‍ന്ന ആര്യാടന്‍ 2016ല്‍ മത്സരരംഗത്തു നിന്നു മാറി മകന്‍ ഷൗക്കത്തിനെ രംഗത്തിറക്കി. പഴയ കോണ്‍ഗ്രസുകാരന്‍ പി.വി. അന്‍വറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച എല്‍ഡിഎഫ്, 29 വര്‍ഷത്തിനു ശേഷം സീറ്റ് തിരിച്ചുപിടിച്ചു. 2021ലും വിജയം ആവര്‍ത്തിച്ചപ്പോള്‍ നിലമ്പൂരില്‍ തകര്‍ന്നത് കോണ്‍ഗ്രസിന്റെ കുത്തകയാണ്. പക്ഷേ ആ അന്‍വര്‍ ഇത്തവണ എല്‍ഡിഎഫിന്റെ മുഖ്യശത്രുവാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് നിലമ്പൂരില്‍ രാഷ്ട്രീയ പോരിനിറങ്ങുന്ന പി.വി. അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവെച്ച ഒഴിവുനികത്താനുള്ള ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്.

മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫിന്റെയും രണ്ട് പഞ്ചായത്തുകളും നഗരസഭയും എല്‍ഡിഎഫിന്റെയും കൈവശമാണ്. നിലമ്പൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശ്രദ്ധേയ നേട്ടമായിരുന്നു. വനനിയമ ഭേദഗതി, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവ യുഡിഎഫും ബിജെപിയും മണ്ഡലത്തില്‍ ചര്‍ച്ചയാക്കും. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത എന്ന സ്വപ്ന പദ്ധതിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാനാണ് സാധ്യത. നിലമ്പൂര്‍ ബൈപ്പാസിന് തുക അനുവദിച്ചതും മറ്റ് വികസന വിഷയങ്ങളും എല്‍ഡിഎഫും ചര്‍ച്ചയാക്കും.