തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എന്‍ എസ് എസ് പിന്തുണ പ്രഖ്യാപിക്കുന്നത് സമുദായ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുമെന്ന വിലയിരുത്തല്‍ സജീവം. പിണറായി സര്‍ക്കാരുമായി ഇടഞ്ഞു നിന്ന എന്‍ എസ് എസിനെ സര്‍ക്കാരുമായി അടുപ്പിച്ചതിന് പിന്നില്‍ മന്ത്രി കെബി ഗണേശ് കുമാറിന്റെ നയതന്ത്രം ഉണ്ടെന്നാണ് വിലയിരുത്തല്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി വ്യക്തിപരമായ അടുപ്പം കെബി ഗണേശ് കുമാറിനുണ്ട്. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് കെബി ഗണേശ് കുമാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരനായ കലഞ്ഞൂര്‍ മധുവിനെ മാറ്റിയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഗണേശിനെ ഉള്‍പ്പെടുത്തിയത്. ഗണേശിന്റെ മന്ത്രിപദത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് അന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. മന്ത്രിസഭയില്‍ ഗണേശ് എത്തിയതോടെ സര്‍ക്കാരും എന്‍എസ് എസും കൂടുതല്‍ അടുത്തുവെന്നാണ് വിലയിരുത്തല്‍. ആഗോള അയ്യപ്പ സംഗമത്തിലെ എന്‍ എസ് എസ് നിലപാട് ഇതിന് തെളിവാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ സമദൂരം പ്രഖ്യാപിക്കുന്ന എന്‍ എസ് എസ് എന്നും വിശ്വാസ പ്രശ്‌നങ്ങളില്‍ നിലപാട് പരസ്യമായി പറയാറുണ്ട്. ഇതുകൊണ്ട് കൂടിയാണ് ആഗോള അയ്യപ്പ സംഗമത്തില്‍ കൃത്യമായി തന്നെ എല്ലാം വിശദീകരിച്ചത്.

സെപ്തംബറില്‍ പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍.എസ്.എസ് രംഗത്തു വന്നിരുന്നു. അവിശ്വാസികള്‍ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം തള്ളിക്കൊണ്ടാണ് എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.ഭ ൂരിപക്ഷ പ്രീണനമെന്ന യു.ഡി. എഫിന്റെ ആരോപണത്തെയും എന്‍.എസ്.എസ് ഗൗനിക്കുന്നില്ല. ആചാര ലംഘനമുണ്ടാവില്ലെന്ന് ദേവസ്വംമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് എന്‍.സംഗീത് കുമാര്‍ പറഞ്ഞു. സംഗമം ശബരിമലയുടെ പൂര്‍ണ വികസനത്തിന്നും ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാനും സഹായകരമായ വേദിയായി മാറുമെന്നാണ് വിശ്വാസം. യുവതിപ്രവേശനമെന്ന ആശങ്ക ഇപ്പോഴില്ല. അയ്യപ്പ സംഗമത്തില്‍ ബിന്ദു അമ്മിണിക്ക് അനുമതി നല്‍കാത്ത സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമാണ്. എല്ലാകാലത്തും വിശ്വാസികള്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കണമെന്നില്ല. എല്‍ഡിഎഫിലും പലരും വിശ്വാസികളാണ്. മതേതര സര്‍ക്കാര്‍ എല്ലാ വിശ്വാസികളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും സംഗീത് കുമാര്‍ പറഞ്ഞു. അതായത് ഇടതു സര്‍ക്കാരിനെ മതേതര സര്‍ക്കാരായി എന്‍ എസ് എസ് അംഗീകരിക്കുന്നു. ഇത് സിപിഎം സര്‍ക്കാരിനോടുള്ള എന്‍ എസ് എസിന്റെ നിലപാട് മാറ്റത്തിന് തെളിവാണ്.

ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാസങ്ങള്‍ക്ക് മുമ്പ് രംഗത്തു വന്നിരുന്നു. ആചാരങ്ങളില്‍ കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്. ഹിന്ദുവിന്റെ പുറത്ത് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉള്ളോ? ക്രിസ്ത്യാനികള്‍ക്കും മുസ്ലീം വിഭാഗത്തിനും അവരുടെ ആചാരങ്ങള്‍ ഉണ്ട്. വിമര്‍ശിക്കാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയ്ക്കൊ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? മുഖ്യമന്ത്രി അതിനെ പിന്തുണക്കാന്‍ പാടില്ലായിരുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിന്റെ ആചാരങ്ങള്‍ ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. എന്‍.എസ്.എസ്സിന്റെ അഭിപ്രായം അതാണ്. ഉടുപ്പിടാത്ത ക്ഷേത്രങ്ങളില്‍ അങ്ങനെ തന്നെ പോകണം. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍, പിടിവാശി അംഗീകരിക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പറഞ്ഞിരുന്നു. ഇതാണ് അന്ന് എന്‍ എസ് എസിനെ ചൊടിപ്പിച്ചത്. അതിന് ശേഷം മന്ത്രിയായ ഗണേഷ് കുമാര്‍ അതിശക്തമായി തന്നെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. മേല്‍മുണ്ട് വിഷയത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ തീരുമാനത്തിലേക്ക് പോയതുമില്ല. ഇതിന് പിന്നാലെ കാല്‍ വഴുതി വീണ് ചികില്‍സയിലായിരുന്ന സുകുമാരന്‍ നായരെ ആശുപത്രിയില്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടു. ഇതോടെ മഞ്ഞുരുകള്‍ തുടങ്ങി. ഹിന്ദുക്കളുടെ ആചാരങ്ങളില്‍ ഒന്നും സര്‍ക്കാര്‍ കൈകടത്തില്ലെന്ന് സുകുമാരന്‍ നായര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഉറപ്പും കിട്ടിയെന്നാണ് സൂചന.

അയ്യപ്പ സംഗമം ശബരിമലയുടെ വികസനം ലക്ഷ്യമിട്ടുള്ളതാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയില്‍ എത്തിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷൃമെന്ന സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ എന്‍എസ്എസും അംഗീകരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം മൂവായിരത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. സംഗമത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ടി പമ്പയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. അതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ പ്രചരണമാണെന്നും, അവിശ്വാസികളാണ് അത് നടത്തുന്നത് എന്നുമുള്ള ബിജെപിയുടെ വാദത്തെ എന്‍എസ്എസ് തള്ളുകയും ചെയ്തു. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് ഗണേഷ് കുമാറിന്റെ നയതന്ത്രമാണ്. സര്‍ക്കാരില്‍ നിന്നും എന്‍ എസ് എസിന് എല്ലാ നീതിയും ഉറപ്പാക്കുമെന്ന് ഗണേഷ് അറിയിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എല്ലാ കൂടിയാലോചനകളിലും എന്‍ എസ് എസിനെ സര്‍ക്കാര്‍ ഭാഗഭാക്കാക്കും. ഇതിനായി എന്‍ എസ് എസ് ആസ്ഥാനത്ത് ഗണേഷ് തന്നെ നേരിട്ട് എത്തുകയും ചെയ്യും.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂര്‍ മധു പുറത്തായത് അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നു. പകരം കെബി ഗണേഷ് കുമാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കലഞ്ഞൂര്‍ മധുവിന് സ്ഥാനം നഷ്ടമായത്. മന്ത്രി കെ എന്‍ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ ജനറല്‍ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയിരുന്നു. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. പക്ഷേ ഇതൊന്നും എന്‍ എസ് എസിനുള്ളില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. ഇപ്പോഴും സുകുമാരന്‍ നായരുടെ നിയന്ത്രണത്തിലാണ് എന്‍ എസ് എസ്. മന്ത്രി ഗണേഷ് കുമാര്‍ കാബിനറ്റില്‍ എത്തിയതോടെ സര്‍ക്കാരുമായി എന്‍ എസ് എസ് കൂടുതല്‍ അടുക്കുകയും ചെയ്തു.

അങ്ങനെ ശബരിമല പ്രക്ഷോഭം മുതലുള്ള നിലപാടില്‍ എന്‍ എസ് എസ് മാറ്റം വരുത്തുകയാണ്. വിശ്വാസ സംരക്ഷണത്തിന് മതേതര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് പിണറായി സര്‍ക്കാരും നിറവേറ്റുന്നുണ്ടെന്നും എന്‍ എസ് എസ് പ്രഖ്യാപിക്കുന്നത് സിപിഎം പ്രതീക്ഷയിലാണ് കാണുന്നത്. അയ്യപ്പ സേവാ സംഘത്തിന്റ നേതൃത്വത്തിലുള്ളത് എന്‍ എസ് എസ് വൈസ് പ്രസിഡന്റ് കൂടിയായ സംഗീത് കുമാറാണ്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പ്രധാന പരിപാടിയില്‍ വേദി പങ്കിടാന്‍ സംഗീത് കുമാറും എത്തിയിരുന്നു. എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ അനുമതിയോടെയാണ് സംഗീത് കുമാര്‍ ആ പരിപാടിക്ക് എത്തിയത്. അയ്യപ്പ വിശ്വാസവുമായി ബന്ധപ്പെട്ട് ആരെന്ത് നിലപാട് എടുത്താലും പിന്തുണയ്ക്കാനാണ് സുകുമാരന്‍ നായരുടെ തീരുമാനം. എന്‍ എസ് എസിനൊപ്പം എസ് എന്‍ ഡി പി കൂടിയെത്തിയാല്‍ ആഗോള അയ്യപ്പ സംഗമത്തിന് വിശ്വാസ വിരുദ്ധത ആരോപിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ എസ് എന്‍ ഡി പിയേയും പരിപാടിയ്ക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഇടപെടലുകള്‍ നടത്തും.