പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതിയില്‍ എസ്‌ഐടി സമര്‍പ്പിക്കുന്ന കുറ്റപത്രം പരിശോധിച്ച ശേഷം മാത്രമേ എ. പത്മകുമാറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശദീകരിക്കുമ്പോള്‍ തെളിയുന്നത് സിപിഎമ്മിന് മുന്നിലുള്ള പ്രതിസന്ധി. സ്വര്‍ണക്കൊള്ള കേസില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയ എ. പത്മകുമാര്‍ അറസ്റ്റിലായതിനു പിന്നാലെ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഗോവിന്ദന്‍ എടുത്ത നിലപാട് നേതാക്കളെ പോലും ഞെട്ടിച്ചു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്. പത്മകുമാറിനെതിരെ നടപടി എടുത്താല്‍ ശബരിമല യുവതി പ്രവേശനത്തില്‍ പത്മകുമാര്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു പത്മകുമാര്‍.

തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് പാര്‍ട്ടിക്ക് ആശങ്കയുണ്ട്. പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പിച്ചവര്‍ നീതി പുലര്‍ത്തിയില്ലെന്നു യോഗത്തില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞു. പത്മകുമാറിനെതിരേ നടപടി വേണമെന്ന ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാര്‍ട്ടി അംഗീകരിക്കുന്നുവെന്നാണ് ഗോവിന്ദന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ ഏരിയാ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തില്‍ ആമുഖമായി സ്വര്‍ണക്കൊള്ളയിലെ പാര്‍ട്ടി നിലപാട് അറിയിച്ചു. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ യോഗത്തില്‍ നിലവില്‍ പത്മകുമാറിനെ കൈവിടാന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് തന്നെയാണ് ഗോവിന്ദന്‍ പറഞ്ഞത്. പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പിച്ചവര്‍ നീതി പുലര്‍ത്തിയില്ലെന്നും ഇപ്പോള്‍ അവരെ തള്ളിയാല്‍ പ്രതിസന്ധി കൂട്ടാന്‍ അവര്‍ക്ക് കഴിയുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സ്വര്‍ണ്ണ കൊള്ളയില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന സാഹചര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അന്വേഷണ പൂര്‍ത്തീകരണം പോലും കഴിയൂ. എന്‍.വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍, പത്മകുമാര്‍ പാര്‍ട്ടി ചുമതല നല്‍കിയ ആളായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും എം.വി.ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ.പത്മകുമാറിനെയും എന്‍.വാസുവിനെയും അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ രണ്ടുപേരും റിമാന്‍ഡിലാണ്. സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായി ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളിലെത്തുമ്പോള്‍ ഇതു സംബന്ധിച്ച ചോദ്യം ഉയരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വികസന പദ്ധതികള്‍ മുന്‍നിര്‍ത്തി പ്രചാരണം നടത്താനും സെക്രട്ടറി നിര്‍ദേശിച്ചു. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് പത്മകുമാറിനെയും വാസുവിനെയും അറസ്റ്റു ചെയ്തത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു എന്നിവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍.

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാര്‍ വിഷയം ചര്‍ച്ചയാക്കാതെ പത്തനംതിട്ട ജില്ലാ യോഗത്തില്‍ കരുതല്‍ എടുക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റിന്റെ തുടക്കത്തില്‍ തന്നെ ആമുഖമായി ഈ വിഷയത്തില്‍ ഗോവിന്ദന്‍ നയപ്രഖ്യാപനം നടത്തി. പത്മകുമാറിനെ പുറത്താക്കേണ്ടതില്ല. നടപടികളുണ്ടായാല്‍ പത്മകുമാറിന്റെ പ്രതികരണം എത്തരത്തിലാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കുന്ന തരത്തില്‍ പത്മകുമാര്‍ തുറന്നു പറച്ചില്‍ നടത്തും. അങ്ങനെ വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകളെ പോലും ബാധിക്കും. സ്വര്‍ണ്ണ കൊള്ളയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി പത്മകുമാര്‍ കൊടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന തരത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ എത്തുന്നവര്‍ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്ന പരാമര്‍ശവും ഒരു നേതാവ് യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ അവഗണിക്കുക മാത്രമേ വഴിയുള്ളൂവെന്ന സന്ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. അതുകൊണ്ടു തന്നെ പിന്നീട് ആരും ഈ വിഷയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചില്ല. അതുകൊണ്ട് തന്നെ പത്മകുമാര്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമായി തുടരും.

പത്മകുമാര്‍ അതീവ രഹസ്യങ്ങള്‍ പലതും അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരാകാന്‍ സമയം കൂടുതല്‍ ചോദിച്ച പത്മകുമാര്‍ നിയമജ്ഞരെ കാണും മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവി്ന്ദനെ കണ്ടിരുന്നു. പാര്‍ട്ടിക്ക് കേസില്‍ ഇടപെടാനാവില്ലെന്നും അറിയാവുന്ന് കാര്യങ്ങള്‍ പറഞ്ഞ് കേസ് നടത്തണമെന്നും പറഞ്ഞതായാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഇടപെടുവിക്കാനാണ് ''ദൈവതുല്യനായ ആളി''നെക്കുറിച്ച് പത്മകുമാര്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് സിപിഎമ്മിന് സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. അതിനിടെ ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ഒറ്റയ്ക്കല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു. പാര്‍ട്ടി നടപടിയെടുത്താല്‍ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാല്‍ പത്മകുമാര്‍ പാര്‍ട്ടിയിലെ ദൈവതുല്യന്റെ പേര് പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.'പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങള്‍ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാര്‍ക്ക് നന്നായിട്ട് അറിയാം. പത്മകുമാറില്‍ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുന്‍ മന്ത്രിയുടെയോ പേര് എസ്‌ഐടിക്ക് കിട്ടിയാല്‍ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ഒന്നും എടുക്കാതെ പിരിയുന്നത്. ഇത് സിപിഎമ്മിന് മുന്നിലുള്ള പ്രതിസന്ധിയുടെ ആഴത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.