പത്തനംതിട്ട : ബിജെപിയുടെ കേരള നേതൃത്വത്തിന് ആശ്വാസം. പന്തളം നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തി. കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നില്‍ക്കുന്ന മൂന്ന് ബിജെപി കൗണ്‍സിലര്‍മാരും അച്ചന്‍കുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചന്‍കുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. എല്‍ഡിഎഫിലെ ലസിത ടീച്ചര്‍ക്ക് 9 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയ തന്ത്രങ്ങളുടെ വിജയമാണ് പന്തളത്ത്. ഇതിലൂടെ പാലക്കാട്ടിനെ പോലെ പന്തളം നഗരസഭയും ബിജെപി പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുകയാണ് ബിജെപി.

ബിജെപി ജയിച്ചതോടെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തു വന്നു. പന്തളം നഗരസഭ ഇന്‍ഡി മുന്നണിക്ക് നാണം കെട്ട തോല്‍വി. ബി. ജെ. പി ഭരണം താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്സും സി. പി. എമ്മും കൈകോര്‍ത്ത് മല്‍സരിച്ചിട്ടും ബി. ജെ. പിയ്ക്ക് ഒരംഗത്തിന്റെ അധികം പിന്തുണ ലഭിച്ചു. പതിനെട്ടിനുപകരം പത്തൊന്‍പതുപേരുടെ പിന്തുണയടെ ബി. ജെ. പി നേതാവ് ശ്രീ. അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വലിയ ഗൂഡാലോചനയാണ് പന്തളത്ത് കഴിഞ്ഞ ഒരു വര്‍ഷമായി നടന്നിരുന്നത്. ഉജ്ജ്വല വിജയം നേടിയ അച്ചന്‍ കുഞ്ഞ് ജോണിനും മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍....-ഇതാണ് സുരേന്ദ്രന്റെ പോസ്റ്റ്.

സ്വതന്ത്രനേയും വിമത സ്വരമുയര്‍ത്തിയിരുന്നവരെയും ബി.ജെ.പി വരുതിയിലാക്കിയതാണ് ഇപ്പോള്‍ നിര്‍ണ്ണായകമായത്. നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാര്‍ കഴിഞ്ഞ രണ്ട് ദിവസമായി പന്തളത്ത് ക്യാമ്പ് ചെയ്താണ് കൗണ്‍സിലര്‍മാരെ വശത്താക്കിയത്. സ്വതന്ത്രനായിരുന്ന അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനെ ബി.ജെ.പി പക്ഷത്ത് എത്തിക്കുവാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞു. സ്വതന്ത്രന്‍ ബി.ജെ.പി പാതയില്‍ എത്തിയതിനെ തുടര്‍ന്ന് വിമതരും നിലപാടുകള്‍ മയപ്പെടുത്തി. ബി.ജെ.പി ഭരിക്കുന്ന തെക്കന്‍ കേരളത്തിലെ ഏക നഗരസഭ നിലനിര്‍ത്താന്‍ വേണ്ടി പാര്‍ട്ടി നേതൃത്വം ഏറെ ശ്രമത്തിലായിരുന്നു.

ബി.ജെ.പിയുടെ 18 കൗണ്‍സിലര്‍മാരില്‍ 14 പേരും വനിതകളാണ്. ഭരണസമിതിയുടെ കാലാവധി കഴിയാന്‍ ഒരു വര്‍ഷം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. 33 അംഗ നഗരസഭയില്‍ 18 ബി.ജെ.പി, 9 എല്‍.ഡി.എഫ്, 5 യു.ഡി.എഫ്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സ്വതന്ത്രന്മാര്‍ കളം മാറിയാലും സ്വതന്ത്രന്‍ കൂടെയുള്ളതിനാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന അവസ്ഥയിലേക്ക് ചര്‍ച്ചകള്‍ എത്തിച്ചു. ഇതിനൊപ്പം യുഡിഎഫ് ക്യാമ്പില്‍ നിന്നുള്ള ഒരു അംഗത്തിന്റെ ചാഞ്ചാട്ടവും ചര്‍ച്ചയായി. ഇതോടെ ബിജെപിയിലെ വിമതര്‍ കൂറുമാറിയാലും ബിജെപി ജയിക്കുമെന്ന പ്രതീതിയായി. ഇതോടെ കൂറൂമാറ്റ നിരോധന വാള്‍ അടക്കം ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് ബിജെപിയില്‍ അട്ടിമറി നടക്കാതെ പോയത്.

പന്തളത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കേവല ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപി വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് തലേന്നാളാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും വൈസ് ചെയര്‍പേഴ്‌സണ്‍ യു. രമ്യയും രാജിവെച്ചത്. ഇതോടെ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന വിലയിരുത്തലുകളെത്തി. അതുകൊണ്ട് തന്നെ ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ടാണ് ബിജെപി പന്തളം നഗരസഭ ഭരണം വീണ്ടും പിടിച്ചത്.

ശബരിമല പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വന്ന മാറ്റം എന്ന് വിലയിരുത്തല്‍ ഉണ്ടായി. എന്നാല്‍ ഭരണം തുടങ്ങിയത് മുതല്‍ തമ്മില്‍ അടിയും തുടങ്ങി. നാലുവട്ടം വിജയിച്ചു കയറിയ കൗണ്‍സിലര്‍ കെ.വി പ്രഭയെ അവഗണിച്ചായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് സുശീലാ സന്തോഷിനെ തീരുമാനിച്ചത്. വൈകാതെ കൗണ്‍സിലര്‍മാര്‍ രണ്ട് തട്ടില്‍ ആയി. ചേരിപോര് പന്തളതെ പാര്‍ട്ടിയിലേക്കും പടര്‍ന്നു. രണ്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു. ഇതിനെതിരെ പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ബിജെപി സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ പരിഗണിച്ചില്ല. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് ചേക്കേറി. കെ വി പ്രഭയെ, സുശീല സന്തോഷ് അസഭ്യം പറയുന്ന വീഡിയോ പ്രചരിച്ചത് വലിയ നാണക്കേട് ആയി.

ബി.ജെ.പിക്കെതിരെ വിശാലമുന്നണി ഉണ്ടാക്കി ബി.ജെ.പിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.വി. പ്രഭയെ ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് പരിഗണിക്കാന്‍ തുടക്കം മുതല്‍ നീക്കം ഉണ്ടായിരുന്നെങ്കിലും സ്വതന്ത്ര ചാഞ്ചാട്ടമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷക്ക് മങ്ങലേറ്റത്. കേവല ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി, വിമത കൗണ്‍സിലര്‍മാരുടെ നീക്കത്തില്‍ അടിപതറുകയായിരുന്നു. എല്‍.ഡി.എഫ് അവിശ്വാസപ്രമേയം നല്‍കിയ ദിവസം മുതല്‍ വിമതരെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി ഭരണസമിതി അധികാരത്തിലേറിയ ആദ്യ കാലഘട്ടത്തില്‍ പരിഗണിച്ചിരുന്ന അച്ഛന്‍ കുഞ്ഞ് ജോണിനെയാണ് പൊതുസമ്മതനായി ബി.ജെ.പി ഇപ്പോള്‍ അവതരിപ്പിച്ചത്. ഇതിന് പിന്നില്‍ കൃഷ്ണകുമാറിന്റെ നയതന്ത്രമായിരുന്നു.